

ദോഹ: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വനിതകള്‍ പരിഗണിക്കപ്പെടാത്ത അഴസ്ഥയുണ്ടെന്ന് തോന്നിയിട്ടില്ലെന്നും താന്‍ ഉള്‍പ്പെടെയുള്ള വനിതകള്‍ വലിയ സ്ഥാനങ്ങള്‍ ഇരുന്നവരാണെന്നും എ ഐ സി സി അംഗം അഡ്വ. ബിന്ദു കൃഷ്ണ. ഇന്‍കാസ് ഖത്തറിന്റെ വനിതാ വിംഗ് പ്രഖ്യാപനം പ്രഭ 2കെ24 പരിപാടിയില്‍ മുഖ്യാതിഥിയായി ഖത്തറിലെത്തിയ അഡ്വ. ബിന്ദു കൃഷ്ണ ആഗോളവാര്‍ത്തയോട് സംസാരിക്കുകയായിരുന്നു.

സ്ഥാനങ്ങള്‍ നല്‍കുന്നതിനേയും വനിതകളെ പരിഗണിക്കുന്നതിനേയും കുറിച്ച് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പാര്‍ട്ടി മുഴുവന്‍ സമയവും അദ്ദേഹത്തോടൊപ്പമാണെന്നും താനുള്‍പ്പെടെ എല്ലാവരും ഒന്നിച്ചു നിന്നാണ് രാഹുലിന് വേണ്ടി പൊരുതിയതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിന്റെ വിഷയത്തില്‍ യു ഡി എഫിനോ കോണ്‍ഗ്രസിനോ തെറ്റുപറ്റിയിട്ടില്ല. പിണറായി വിജയന്റെ ധാര്‍ഷ്ട്യമാണ് രാഹുലിന്റെ അറസ്റ്റിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇതിനെല്ലാം ജനങ്ങള്‍ മറുപടി പറയുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് മത്സരിക്കുമോ എന്ന ചോദ്യത്തിന് ആര് എസ് പി തന്നെയായിരിക്കും മത്സരിക്കുകയെന്നും പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നതിനെ കുറിച്ച് താന്‍ ചിന്തിച്ചിട്ടു പോലുമില്ലെന്നും അവര്‍ വ്യക്തമാക്കി. കൊല്ലത്ത് മത്സരിക്കണമെന്ന് പാര്‍ട്ടി തന്നോട് ആവശ്യപ്പെടുകയോ താനതിന് ആഗ്രഹിക്കുകയോ ചെയ്തിട്ടില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തനിക്ക് സീറ്റ് തന്നിരുന്നു. മുകേഷിനെതിരെ ശക്തമായ മത്സരമാണ് കാഴ്ചവെച്ചത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും തനിക്ക് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു.
പരാജയപ്പെടുന്ന സീറ്റാണോ കോണ്‍ഗ്രസ് ബിന്ദു കൃഷ്ണയ്ക്ക് നല്‍കിയതെന്ന ചോദ്യത്തിന് അങ്ങനെ പറയാനാവില്ലെന്നും കടുത്ത മത്സരമാണ് നടത്തിയതെന്നും താന്‍ പരാജയപ്പെടുകയും മുകേഷ് ജയിക്കുകയും ചെയ്തുവെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
ഖത്തറില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിഭാഗീയതെ കുറിച്ച് അറിയുമോ എന്ന ചോദ്യത്തിന് തനിക്ക് അത് അറിയില്ലെന്നും തന്നെ കൊല്ലം ജില്ലാ കമ്മിറ്റിയാണ് കൊണ്ടുവന്നതെന്നും അവര്‍ പറഞ്ഞു. രണ്ട് വിഭാഗങ്ങളായി പ്രവര്‍ത്തിക്കുന്ന ഇന്‍കാസിലെ ഒരു വിഭാഗം വനിതാ വിംഗ് രൂപീകരിക്കുമ്പോള്‍ മൊത്തം പ്രവര്‍ത്തനങ്ങളേയും അത് ബാധിക്കില്ലേ എന്ന ചോദ്യത്തിന് ഇന്‍കാസുമായി ബന്ധപ്പെട്ട അത്തരം പ്രശ്നങ്ങള്‍ തനിക്കറിയില്ലെന്നും എന്നാല്‍ വനിതാ വിംഗ് രൂപീകരണം നല്ല പരിപാടിയായിരുന്നെന്നും അവര്‍ വ്യക്തമാക്കി. അഞ്ഞൂറിലേറെ വനിതകളാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും അഡ്വ. ബിന്ദു കൃഷ്ണ പറഞ്ഞു.

