Community
കുവൈത്ത് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് ജെ കെ മേനോന്‍

ദോഹ: കുവൈത്തിലുണ്ടായ ദുരന്തത്തില്‍ പൊലിഞ്ഞുപോയ ജീവിതങ്ങളെയോര്‍ത്ത് ഹൃദയം വേദനിക്കുന്നുണ്ടെന്നും അവരെല്ലാം നമ്മുടെ സഹോദരങ്ങളാണെന്നും എ ബി എന്‍ ഗ്രൂപ്പ് ചെയര്‍മാനും നോര്‍ക്ക ഡയറക്ടറുമായ ജെ കെ മേനോന്‍. ആ കുടുംബങ്ങളെ ചേര്‍ത്തുപിടിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോകകേരള സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


കുവൈത്തിലെ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് ജെ കെ മേനോന്‍ പ്രഖ്യാപിച്ചു. കൂടാതെ അവരുടെ ആശ്രിതര്‍ക്ക് എ ബി എന്‍ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപങ്ങളില്‍ ജോലി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നോര്‍ക്ക റൂട്ട്‌സ് വഴിയാണ് ധനസഹായം നല്‍കുക.

നഷ്ടപ്പെട്ടുപോയരെക്കുറിച്ചോര്‍ത്ത് ഓരോ കുടുംബത്തിലും തോരാത്ത കണ്ണുനീര്‍പെയ്ത്താണെന്നും ജെ കെ മേനോന്‍ പറഞ്ഞു.


പദ്മശ്രീ അഡ്വ. സി കെ മേനോന്റ മകനാണ് ജെ കെ മേനോന്‍. സി കെ മേനോന്റ വിയോഗ ശേഷം വിവിധ ബിസിനസ് ഗ്രൂപ്പുകളുടെ ചുമതല ജെ കെ മേനോനാണ്.
കുവൈത്ത്് ദുരിതബാധിതര്‍ക്കു സഹായമെത്തിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അതിവേഗത്തില്‍ എല്ലാ കാര്യത്തിലും ഇടപെടുന്നുണ്ട്. അത്തരം ഇടപെടലുകള്‍ക്കു എല്ലാ പിന്തുണയും നല്‍കുകയെന്നത് തന്റെ കടമയായി കരുതുന്നുവെന്നും ജെ കെ മേനോന്‍ പറഞ്ഞു. താനും ഈ ഘട്ടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ സംരക്ഷണത്തിനുള്ള ശ്രമത്തില്‍ ഒപ്പം ചേരുകയാണെന്നും ജെ കെ മേനോന്‍ കൂട്ടിച്ചേര്‍ത്തു.


