

ദോഹ: ഖത്തര്‍ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ച വാണിജ്യ കപ്പലില്‍ നിന്നും കടലില്‍ വീണ കൊറിയന്‍ പൗരനെ രക്ഷപ്പെടുത്തി. വിവിധ ഖത്തര്‍ സേനകളുടെ സംയുക്ത ശ്രമമാണ് വിജയം നേടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ചരക്ക് കപ്പലിലെ ജീവനക്കാരില്‍ നിന്ന് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഉടന്‍ രക്ഷാപ്രവര്‍ത്തകര്‍ സംയുക്ത തെരച്ചില്‍ നടത്തുകയായിരുന്നു. ഇന്റേണല്‍ സെക്യൂരിറ്റി ഫോഴ്സ് ‘ലെഖ്വിയ’, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ്‌സ് ആന്‍ഡ് ബോര്‍ഡര്‍ സെക്യൂരിറ്റി, എയര്‍ ആന്‍ഡ് മാരിടൈം സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമുകള്‍, അമീരി നേവല്‍ ഫോഴ്സ്, അമിരി എയര്‍ഫോഴ്സ് എന്നിവയാണ് സംയുക്ത തെരച്ചിലില്‍ ഉള്‍പ്പെട്ടത്.

കപ്പലിന്റെ അതേ സ്ഥലത്തും ചുറ്റുമുള്ള സമുദ്ര മേഖലകളിലും തെരച്ചില്‍ ഊര്‍ജിതമാക്കുകയും സംയുക്ത സേന ഹെലികോപ്റ്ററുകളും പ്രത്യേക കപ്പലുകളും ഉപയോഗപ്പെടുത്തുകയും ചെയ്തു. രക്ഷപ്പെടുത്തിയ വ്യക്തിയെ നേരിട്ട് ഹമദ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

