

ദുബൈ: യു എ ഇയിലെ വ്യവസായ പ്രമുഖനും ശതകോടീശ്വരനുമായ മാജിദ് അല്‍ ഫുത്തൈം (91) അന്തരിച്ചു. റീട്ടെയ്ല്‍, റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിരവധി സ്ഥാപനങ്ങള്‍ കെട്ടിപ്പടുത്ത മാജിദ് അല്‍ ഫുത്തൈം ഗ്രൂപ്പിന്റെ തലവനായിരുന്നു. ദുബൈയിലെ മാള്‍ ഓഫ് എമിറേറ്റ്‌സ്, ഗള്‍ഫിലെ കാരിഫോര്‍ റീട്ടെയ്ല്‍ ശൃഖല തുടങ്ങി നിരവധി സംരംഭങ്ങളുടെ സ്ഥാപകനാണ്. യു എ ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമാണ് ട്വിറ്ററിലൂടെ മരണ വിവരം പുറത്തുവിട്ടത്.

ദുബൈയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായികളില്‍ ഒരാളാണ് അദ്ദേഹമെന്ന് അനുശോചന സന്ദേശത്തില്‍ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. മാജിദ് അല്‍ ഫുത്തൈമിന്റെ വിയോഗം വലിയ നഷ്ടമാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം .എ യൂസഫലിയും പ്രതികരിച്ചു.

ബാങ്ക് ക്ലര്‍ക്കായി തുടങ്ങി വലിയ വ്യവസായ ശൃംഖല കെട്ടിപടുത്ത ബിസിനസുകാരനാണ് മാജിദ് അല്‍ ഫുത്തൈം. ഫോബ്‌സിന്റെ 35ാം വാര്‍ഷിക ലോക ശതകോടീശ്വരന്മാരുടെ പട്ടികയില്‍ അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 അറബികളില്‍ ഒരാളായി തെരഞ്ഞെടുത്തിരുന്നു.

