
ദോഹ: ഉംറ നിര്‍വഹിക്കാന്‍ വിശുദ്ധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഒരുങ്ങുന്ന എല്ലാ പൗരന്മാരും നിവാസികളും നിര്‍ബന്ധമായ വാക്സിനുകള്‍ സ്വീകരിച്ച് സുരക്ഷിതവും ആരോഗ്യകരവുമായ യാത്ര ഉറപ്പാക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. പ്രധാനമായും മെനിംഗോകോക്കല്‍ മെനിംജൈറ്റിസ് വാക്സിനും സീസണല്‍ ഇന്‍ഫ്ളുവന്‍സ വാക്സിനും സ്വീകരിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.

ഈ വാക്സിനുകള്‍ രോഗാണുബാധകളില്‍ നിന്ന് തീര്‍ഥാടകരെ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും പ്രധാന പ്രതിരോധ നടപടികളിലൊന്നാണെന്നും ഉംറ നിര്‍വഹിക്കുന്നതിനും വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനുമിടെ രോഗബാധയിലൂടെ ഉണ്ടാകാവുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കുന്നതില്‍ ഇവ ഫലപ്രദമാണെന്നു പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

മുതിര്‍ന്നവര്‍, ദീര്‍ഘകാല രോഗങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവരെപോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കു കൂടുതല്‍ സാധ്യതയുള്ളവര്‍ തങ്ങളുടെ രജിസ്റ്റര്‍ ചെയ്ത ഹെല്‍ത്ത് സെന്ററുകള്‍ മുന്‍കൂട്ടി സന്ദര്‍ശിച്ച് മെഡിക്കല്‍ പരിശോധന നടത്തി യാത്രയ്ക്കു യോഗ്യരാണെന്ന് ഉറപ്പാക്കണമെന്നും പ്രത്യേകിച്ച് റമദാന്‍ മാസത്തിലെ ഉംറ സീസണില്‍ രോഗബാധാ സാധ്യത കുറയ്ക്കാനുള്ള ആവശ്യമായ നിര്‍ദേശങ്ങള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം ശിപാര്‍ശ ചെയ്തു.
വിശുദ്ധ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിനിടെ അണുബാധ നിയന്ത്രണവുമായി ബന്ധപ്പെട്ട ആരോഗ്യ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വ്യക്തിഗത ശുചിത്വം പാലിക്കല്‍, തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍, ഗതാഗതവും താമസവും ഉള്‍പ്പെടെയുള്ള സമയങ്ങളില്‍ വൈദ്യോപദേശങ്ങള്‍ അനുസരിക്കല്‍ എന്നിവ നിര്‍ബന്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ശിപാര്‍ശ ചെയ്ത എല്ലാ വാക്സിനുകളും പ്രൈമറി ഹെല്‍ത്ത് ഗെയര്‍ കോര്‍പറേഷന്റെ അനുബന്ധ ആരോഗ്യ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായി ലഭ്യമാണെന്നും യാത്ര തിയ്യതിക്ക് മുമ്പ് പ്രതിരോധ ശേഷി പൂര്‍ണമായി വികസിക്കാനായി കഴിയുന്നത്ര വേഗത്തില്‍ വാക്സിനുകള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

