
ദോഹ: സിവില്‍ ഡിഫന്‍സ് സാങ്കേതിക ആവശ്യകതകള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശത്തിന്റെ മൂന്നാം പതിപ്പില്‍ വരുത്തിയ പ്രധാന പരിഷ്കാരങ്ങള്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം മിലിപോള്‍ ഖത്തര്‍ 2026 പ്രദര്‍ശനത്തിലും സമ്മേളനത്തിലും അവതരിപ്പിച്ചു. ആഭ്യന്തര സുരക്ഷയും സുരക്ഷാ സംവിധാനങ്ങളും പ്രമേയമായ പ്രദര്‍ശനത്തിന്റെ രണ്ടാം ദിവസമാണ് സിവില്‍ ഡിഫന്‍സിന്റെ ജനറല്‍ അഡ്മിനിസ്ട്രേഷന് പ്രതിനിധീകരിച്ച് മന്ത്രാലയം പുതുക്കലുകള്‍ പരിചയപ്പെടുത്തിയത്.

സിവില്‍ ഡിഫന്‍സ്, ദേശീയതലത്തിലെ അടിയന്തര സാഹചര്യങ്ങള്‍ക്കുള്ള തയ്യാറെടുപ്പ്, പ്രതിസന്ധി മാനേജ്മെന്റ് എന്നിവയെക്കുറിച്ച് നടന്ന സുരക്ഷാ സെമിനാറില്‍ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥയായ ഫസ്റ്റ് ലെഫ്റ്റനന്റ് എന്‍ജിനീയര്‍ ഹസ്സ അഹമ്മദ് അല്‍ ജാസിം പുതുക്കലുകളുടെ വിശദാംശങ്ങള്‍ അവതരിപ്പിച്ചു.

വ്യവസായ സ്ഥാപനങ്ങളിലും വെയര്‍ഹൗസുകളിലും ഓട്ടോമാറ്റിക് സ്പ്രിങ്ക്ളര്‍ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക മാനദണ്ഡങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയതായി അവര്‍ പറഞ്ഞു. താമസക്കെട്ടിടങ്ങള്, ഹോട്ടലുകള്‍, തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, ഓഫിസുകള്‍ എന്നിവിടങ്ങളില്‍ ഒറ്റ ഗോവണിപ്പാത മാത്രമുള്ള കെട്ടിടങ്ങളുടെ രൂപകല്‍പ്പന സംബന്ധിച്ച വ്യവസ്ഥകളും പുതുക്കിയിട്ടുണ്ട്.
അഗ്നിബാധ തടയുന്നതിനും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുമുള്ള വ്യവസ്ഥകള്‍ നടപ്പാക്കുമ്പോള്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ നേരിടുന്ന പ്രായോഗിക വെല്ലുവിളികള്‍ കുറയ്ക്കുകയാണ് ഈ പരിഷ്കാരങ്ങളുടെ ലക്ഷ്യമെന്ന് അവര്‍ വ്യക്തമാക്കി.
താമസക്കെട്ടിടങ്ങള്, ഓഫിസുകള്‍, ഹോട്ടലുകള്‍, തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, സൈനിക താമസകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ഗോവണിപ്പാതകള്‍ സംബന്ധിച്ച വ്യവസ്ഥകള്‍ക്കൊപ്പം കെട്ടിടങ്ങളുടെ ബേസ്മെന്റ് നിലകളുമായി ബന്ധപ്പെട്ട ചട്ടങ്ങളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതിലൂടെ രൂപകല്‍പ്പനയില്‍ കൂടുതല്‍ സൗകര്യം ലഭിക്കുമെങ്കിലും അഗ്നിപ്രതിരോധ ഭിത്തികളും സംരക്ഷണ വാതിലുകളും സംബന്ധിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
ഇടത്തരം അപകടസാധ്യതയുള്ള വെയര്‍ഹൗസുകളിലും ഫാക്ടറികളിലും ആകെ വിസ്തീര്‍ണം 1,115 ചതുരശ്ര മീറ്ററില്‍ കൂടുതലാണെങ്കില്‍ ഓട്ടോമാറ്റിക് സ്പ്രിങ്ക്ളര്‍ സംവിധാനം സ്ഥാപിക്കണമെന്ന് ഫസ്റ്റ് ലെഫ്റ്റനന്റ് എന്‍ജിനീയര്‍ അല്‍ ജാസിം വ്യക്തമാക്കി.
ഈ നിബന്ധന ബാധകമാണോ എന്ന് നിര്‍ണയിക്കുമ്പോള്‍ ഒരേ മേല്‍ക്കൂരയ്ക്കു കീഴിലുള്ള എല്ലാ സ്ഥലങ്ങളുടെയും വിസ്തീര്‍ണം കണക്കാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പരസ്പരം ചേര്‍ന്നുനില്‍ക്കുന്ന കെട്ടിടങ്ങളെ സംബന്ധിച്ചും പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യവസ്ഥകളുണ്ട്. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്ന സാഹചര്യത്തില്‍ ഇത്തരം കെട്ടിടങ്ങളെ പ്രത്യേകം കെട്ടിടങ്ങളായി പരിഗണിക്കാം. ഇതിനായി തുറസ്സുകളില്ലാത്തതും രണ്ട് മണിക്കൂര്‍ അഗ്നിപ്രതിരോധ ശേഷിയുള്ളതുമായ വിഭജനഭിത്തി സ്ഥാപിക്കണമെന്നതടക്കമുള്ള നിബന്ധനകള്‍ പാലിക്കണം. നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളും മേല്‍ക്കൂരകളുടെ സ്വതന്ത്രമായ ഘടനയും പരിഗണിക്കണമെന്നും നിര്‍ദേശമുണ്ട്.
നേരത്തേ അനുമതി ലഭിച്ച കെട്ടിടങ്ങളില്‍ പിന്നീട് മാറ്റങ്ങള്‍ വരുത്തുമ്പോള്‍ സ്വീകരിക്കേണ്ട നടപടികള്‍ മാറ്റത്തിന്റെ സ്വഭാവത്തെയും അത് അഗ്നിസുരക്ഷാ മാനദണ്ഡങ്ങളെ എത്രത്തോളം ബാധിക്കുന്നുവെന്നതിനെയും ആശ്രയിച്ചിരിക്കുമെന്ന് അല്‍ ജാസിം വ്യക്തമാക്കി.
സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് അംഗീകരിച്ച സാങ്കേതിക മാനദണ്ഡങ്ങള്‍ക്കനുസരിച്ചായിരിക്കണം ഇത്തരം മാറ്റങ്ങള്‍ നടപ്പാക്കേണ്ടതെന്നും അവര്‍ സെമിനാറില്‍ വിശദീകരിച്ചു.

