ചൂട് സമ്മര്‍ദ്ദം തടയാന്‍ രാജ്യവ്യാപക ബോധവത്കരണ ക്യാമ്പയിന്‍ ആരംഭിച്ച് തൊഴില്‍ മന്ത്രാലയം

Web Desk
2 Min Read

ദോഹ: വേനല്‍ക്കാലത്ത് തൊഴിലാളികളെ ചൂട് സമ്മര്‍ദ്ദത്തിന്റെ അപകടസാധ്യതകളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം രാജ്യവ്യാപക ബോധവത്കരണ ക്യാമ്പയിന് തുടക്കമിട്ടു. പൊതു- സ്വകാര്യ മേഖലകളിലെ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്.

city exchange

തുറന്ന ജോലിസ്ഥലങ്ങളിലെ വേനല്‍ക്കാല പ്രവൃത്തി സമയ നിയന്ത്രണവുമായി ബന്ധപ്പെട്ട 2021-ലെ മന്ത്രിതല തീരുമാനം നമ്പര്‍ 17 നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. തീരുമാനം പ്രകാരം എല്ലാ വര്‍ഷവും ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 15 വരെ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 3.30 വരെ തുറന്ന സ്ഥലങ്ങളിലും മതിയായ വെന്റിലേഷന്‍ സൗകര്യമില്ലാത്ത തണല്‍ പ്രദേശങ്ങളിലുമുള്ള ജോലികള്‍ക്ക് വിലക്കുണ്ടാകും.

തൊഴിലാളികള്‍ അതിശക്തമായ ചൂടിന് നേരിട്ട് വിധേയരാകുന്നത് ഒഴിവാക്കുന്നതിനായാണ് ഈ നിയന്ത്രണം. നിരോധിത സമയത്തിന് ശേഷം വൈകുന്നേരങ്ങളില്‍ ജോലി പുനരാരംഭിക്കാന്‍ അനുമതിയുണ്ട്.

തൊഴില്‍ മന്ത്രാലയത്തിന് പുറമെ പൊതുജനാരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍), ഖത്തര്‍ ചാരിറ്റി, ഖത്തര്‍ റെഡ് ക്രസന്റ് എന്നിവയും നിരവധി സ്വകാര്യ കമ്പനികളും ക്യാമ്പയിനില്‍ പങ്കാളികളാണ്.

- Advertisement -
Ad image

തുറസ്സായ ജോലി സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ മന്ത്രാലയ തീരുമാനത്തിന് അനുസൃതമായ പ്രവൃത്തി സമയക്രമം തയ്യാറാക്കി തൊഴിലാളികള്‍ക്ക് എളുപ്പത്തില്‍ കാണാന്‍ കഴിയുന്ന സ്ഥലത്ത് പ്രദര്‍ശിപ്പിക്കണമെന്ന് തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു. ഇത് നിയമാനുസൃതതയും സുതാര്യതയും ഉറപ്പാക്കുന്നതിനാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

2026-ലെ ചൂട് സമ്മര്‍ദ്ദ പ്രതിരോധ ക്യാമ്പയിന്‍ തൊഴിലാളികള്‍ക്ക് ഉയര്‍ന്ന താപനിലയില്‍ ജോലി ചെയ്യുമ്പോള്‍ നേരിടുന്ന അപകടങ്ങളെക്കുറിച്ച് ബോധവത്കരിക്കാനുള്ള മന്ത്രാലയത്തിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണെന്ന് തൊഴില്‍ മന്ത്രാലയത്തിലെ തൊഴില്‍ സുരക്ഷാ- ആരോഗ്യ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ സഅദ് റാഷിദ് അല്‍ നബീത് പറഞ്ഞു.

തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും ആവശ്യമായ മുന്‍കരുതല്‍ നടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിലൂടെ ചൂട് സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളും അപകടങ്ങളും കുറയ്ക്കുകയും സുരക്ഷിതവും ആരോഗ്യകരവുമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുകയും ചെയ്യുകയാണ് ക്യാമ്പയിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

തീരുമാനം കര്‍ശനമായി നടപ്പാക്കുന്നതിനായി തൊഴില്‍ മന്ത്രാലയം സമഗ്ര പരിശോധനാ പദ്ധതി നടപ്പിലാക്കും. വേനല്‍ക്കാലത്തെ ഉച്ചസമയ തൊഴില്‍ നിരോധനം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ ശക്തമായ ഫീല്‍ഡ് പരിശോധനകളും പരാതികളിലും നിയമലംഘനങ്ങളിലും ഉടനടി നടപടികളും സ്വീകരിക്കും.

ഇതിനോടനുബന്ധിച്ച്, തൊഴില്‍ സുരക്ഷാ- ആരോഗ്യ വകുപ്പ് രാജ്യത്തെ വിവിധ ജോലിസ്ഥലങ്ങളില്‍ മുന്‍കൂര്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്. ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള കാലയളവില്‍ ബഹുഭാഷാ മാര്‍ഗനിര്‍ദേശ സാമഗ്രികളുടെ വിതരണം, തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും പരിശീലന- ബോധവത്കരണ സെമിനാറുകള്‍ എന്നിവയും സംഘടിപ്പിക്കും.

തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി എല്ലാ തൊഴിലുടമകളും നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന് തൊഴില്‍ മന്ത്രാലയം അഭ്യര്‍ഥിച്ചു. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും ആവശ്യമെങ്കില്‍ നിയമലംഘനം കണ്ടെത്തുന്ന ജോലിസ്ഥലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

2024-2030 കാലയളവിലേക്കുള്ള ഫലപ്രദവും ഉയര്‍ന്ന ഉല്‍പാദനക്ഷമതയുമുള്ള തൊഴില്‍ശക്തി വികസന ദേശീയ തന്ത്രത്തിന് അനുസൃതമായി ഏറ്റവും ഉയര്‍ന്ന തൊഴില്‍ സുരക്ഷാ- ആരോഗ്യ മാനദണ്ഡങ്ങള്‍ നടപ്പാക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് ഈ നടപടികളെന്ന് മന്ത്രാലയം വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!