
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും കൂടുതല്‍ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ ആരംഭിച്ചതായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അധികൃതര്‍ അറിയിച്ചു.

ഏപ്രില്‍ 21ന് ഫ്‌ളൈ ദുബൈ, 22ന് എയര്‍ അറേബ്യ, 23ന് ഒമാന്‍ എയര്‍, ടാര്‍കോ ഏവിയേഷന്‍, യു എസ്- ബംഗ്ല എയര്‍ലൈന്‍സ്, റോയല്‍ ജോര്‍ദാനിയന്‍, 26ന് ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സ്, മിഡില്‍ ഈസ്റ്റ് എയര്‍ലൈന്‍സ്, നേപാള്‍ എയര്‍ലൈന്‍സ്, 27ന് ബദര്‍ എയര്‍ലൈന്‍സ്, സിറിയന്‍ എയര്‍, 28ന് ഈജിപ്ത് എയര്‍, ഹിമാലയ എയര്‍ എന്നിവയായിരുന്നു സര്‍വീസുകള്‍ ആരംഭിച്ചത്.

മെയ് ഒന്നാം തിയ്യതി എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഗള്‍ഫ് എയര്‍, ഇന്‍ഡിഗോ എന്നീ വിമാനക്കമ്പനികള്‍ സര്‍വീസ് തുടങ്ങി.
മെയ് നാലിന് എത്യോപ്യന്‍ എയര്‍ലൈന്‍സും മെയ് 11ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സും 12ന് പെഗാസസ് എയര്‍ലൈന്‍സും 16ന് കാം എയരും 19ന് ഫ്‌ളൈനാസും ജൂലായ് ഒന്നിന് റോയല്‍ എയര്‍ മോറോക്കും സര്‍വീസ് ആരംഭിക്കുമെന്നും ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു.
യാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ യാത്രക്കാര്‍ക്ക് എയര്‍ലൈനുകളെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. അതാത് അധികൃതരുടേയും വിമാനക്കമ്പനികളുടേയും സഹകരണത്തിലായിരിക്കും സര്‍വീസുകള്‍ നടത്തുകയെന്നും മനുഷ്യസഹജമല്ലാത്ത കാരണങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് വിമാന ഷെഡ്യൂളുകള്‍ മാറാനോ റദ്ദാക്കാനോ സാധ്യതയുണ്ടെന്നും ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അധികൃതര്‍ അറിയിച്ചു.

