

ദോഹ: ലോകകേരള സഭയില്‍ അഭ്യര്‍ഥിച്ച പ്രവാസികളുടെ ഡാറ്റ ശേഖരണത്തിന് പദ്ധതിയുമായി നോര്‍ക്ക. ഇതിന്റെ ഭാഗമായി നോര്‍ക്കാ റൂട്‌സിന്റെയും സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് സ്റ്റഡീസിന്റെയും പ്രാഥമിക യോഗം കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് നടത്തി. നോര്‍ക്കാ റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ യോഗത്തില്‍ പങ്കെടുത്തു.

കുടിയേറ്റത്തെ സംബന്ധിച്ചുള്ള വിവരങ്ങളുടെ അപര്യാപ്തത ആഗോളതലത്തില്‍ തന്നെ ഏറെ ചര്‍ച്ചയ്ക്ക് വിധേയമായിട്ടുണ്ട്. കുടിയേറ്റക്കാരുടെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ക്ഷേമ- പുനരധിവാസ പദ്ധതികള്‍ കൃത്യമായി വിഭാവനം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും വിവരങ്ങള്‍ അത്യാവശ്യമാണ്.

കേരളത്തിന്റെ പ്രധാന മേഖലകളിലെല്ലാം സംഭാവന അര്‍പ്പിക്കുന്ന പ്രവാസികളുടെ ഡാറ്റാ ശേഖരിക്കണമെന്ന് ലോക കേരള സഭ ഐക്യകണ്‌ഠേനയാണ് കേരള സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചത്. പ്രസ്തുത ആവശ്യം പരിഗണിച്ചാണ് പ്രവാസി സമൂഹവുമായി ചര്‍ച്ച ചെയ്ത് ഫലപ്രദ നടപടികളിലേക്ക് കടക്കാനുള്ള ആദ്യപടി സ്വീകരിച്ചിരിക്കുന്നത്.
പ്രവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. പ്രമുഖ സംഘടനകളെ ഉള്‍പ്പെടുത്തി വിപുലമായ ചര്‍ച്ചകള്‍ വരും ദിനങ്ങളില്‍ നടക്കും.

