

യമുനാ തീരത്തെ താജ്മഹല്‍ ഇനി മൂന്നുനാള്‍ കോര്‍ണിഷ് തീരത്ത് ഇന്ത്യന്‍ അഭിമാനം
ദോഹ: ഖത്തര്‍ മിഡില്‍ ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്ക ആന്റ് സൗത്ത് ഏഷ്യ (മെനാസ) 2022 സാംസ്‌ക്കാരിക വര്‍ഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ പാസേജ് ടു ഇന്ത്യ പുതിയ എഡിഷന്‍ 24, 25, 26 തിയ്യതികളില്‍. മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട് പാര്‍ക്കില്‍ ഉച്ചക്ക് രണ്ടു മുതല്‍ രാത്രി 11 മണി വരെയാണ് പരിപാടികളെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് പി എന്‍ ബാബുരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഖത്തര്‍ സാംസ്‌ക്കാരിക മന്ത്രാലയം, ഇന്ത്യന്‍ എംബസി, മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട് എന്നിവയുടെ സഹകരണത്തോടെയാണ് പാസേജ് ടു ഇന്ത്യ സംഘടിപ്പിക്കുന്നത്.

മഹത്തായ ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെയും കലയുടേയും രൂപങ്ങള്‍ മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട് പാര്‍ക്കില്‍ ദര്‍ശിക്കാനാവും. വിവിധ ഇന്ത്യന്‍ സംഘടനകള്‍, ഇന്ത്യന്‍ സ്‌കൂളുകള്‍, മറ്റ് സാമൂഹ്യ സംഘടനകള്‍ എന്നിവ ഐ സി സിയുമായി ചേര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലെ സാംസ്‌ക്കാരിക പരിപാടികളും ഭക്ഷ്യമേളകളും മിയ പാര്‍ക്കില്‍ നിരവധി സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.

ഇന്ത്യന്‍ സമൂഹത്തിന്റെ ആഘോഷമായ പാസേജ് ടു ഇന്ത്യയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഐ സി സി ഭാരവാഹികള്‍ അറിയിച്ചു. 2019ല്‍ ഖത്തറിന്റെ സാംസ്‌ക്കാരിക വര്‍ഷ പങ്കാളി രാജ്യം ഇന്ത്യയായിരുന്നു. അതിന്റെ ഭാഗമായി പാസേജ് ടു ഇന്ത്യ മികച്ച രീതിയിലാണ് നടപ്പിലാക്കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്‌ക്കാരിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്തു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കൂടിയാണ് പരിപാടി ഒരുക്കുന്നത്.
2012ല്‍ തുടക്കമിട്ട പാസേജ് ടു ഇന്ത്യ പിന്നീട് എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുണ്ട്. ഇന്ത്യന്‍ സംസ്‌ക്കാരത്തോടൊപ്പം ഖത്തറിന്റെ പാരമ്പര്യവും കൂടിച്ചേര്‍ത്താണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്.
പാസേജ് ടു ഇന്ത്യയുടെ ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണം ലോകാത്ഭുതങ്ങളിലൊന്നായ ഇന്ത്യന്‍ നിര്‍മാണ മാതൃക താജ് മഹലായിരിക്കും. യമുനാ തീരത്തെ താജ് മഹലിന്റെ മാതൃക ദോഹ കോര്‍ണിഷില്‍ ഇന്ത്യന്‍ പാരമ്പര്യത്തിന്റെ പ്രതീകമായി തലയുയര്‍ത്തി നില്‍ക്കും. 1631ല്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ തന്റെ പ്രിയതമ മുംതസ് മഹലിന്റെ ശവകുടീരത്തില്‍ സ്മാരകമായി നിര്‍മിച്ച താജ്മഹല്‍ സപ്താത്ഭുതങ്ങളിലൊന്നും യുനസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളില്‍ ഉള്‍പ്പെടുന്നതും മനോഹര നിര്‍മിതിക്ക് മികച്ച മാതൃകയുമാണ്.
മതാര്‍ ഖദീമിലെ ഫാമിലി ഫുഡ് സെന്റര്‍ കാര്‍ പാര്‍ക്കില്‍ നിന്നും മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട് പാര്‍ക്കിലേക്ക് സൗജന്യ ഷട്ടില്‍ ഗതാഗത സര്‍വീസുണ്ടാകും. പാസേജ് ടു ഇന്ത്യയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
വാര്‍ത്താ സമ്മേളനത്തില്‍ ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന് പുറമേ ഐ സി സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗേലു, എ പി മണികണ്ഠന്‍, കൃഷ്ണകുമാര്‍, എംബസി പ്രതിനിധി പത്മാവതി എന്നിവര്‍ പങ്കെടുത്തു.

