

പറവൂര്‍: ചേന്ദമംഗലം കവലയിലെ പഴയ കെട്ടിട സമുച്ചയത്തിലേക്ക് മൊബൈല്‍ പൈലിംഗ് ട്രക്ക് വാഹനം നിയന്ത്രണം വിട്ട് ഇടിച്ചു കയറി. നാല് വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ന്നു. പത്രവിതരണത്തിനെത്തിയ ഒരാള്‍ മരിച്ചു.

വ്യാഴാഴ്ച്ച വെളുപ്പിന് 3.30നാണ് അപകടം നടന്നത്. എതിരെ വന്ന കാറിനെ രക്ഷിക്കാന്‍ ശ്രമിക്കവേയാണ് പൈലിംഗ് ട്രക്ക് കടമുറികളിലേക്ക് ഇടിച്ച് കയറിയത്. ഈ സമയം പത്രവിതരണത്തിനായി സൈക്കിളില്‍ വരികയായിരുന്ന നന്ദികുളങ്ങര കുറുപ്പന്‍തറ വിജയന്‍ മകന്‍ സോമന്‍ (72) ട്രക്കിന്റെ അടിയില്‍പ്പെടുകയായിരുന്നു.

പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ട്രക്ക് ഡ്രൈവറെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ ആശുപത്രിയില്‍ കൊണ്ടുപോയി. ട്രക്കിലിടിച്ച കാര്‍ ഭാഗികമായി തകര്‍ന്നു.
പൊലീസും ഫയര്‍ റെസ്‌ക്യൂവും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ വി ജി റോയ്, ഉദ്യോഗസ്ഥരായ പി വി സുനില്‍കുമാര്‍, ടി എസ് ശ്രീജിത്ത്, നിബിന്‍ ദാസ് എന്നിവരുടെ നേതൃത്വത്തില്‍ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് ട്രക്കിന്റെ മുന്‍വശം കട്ട് ചെയ്താണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.
പറവൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ലിജോ പി മണി സംഭവത്തില്‍ കേസെടുത്തു.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സോമന്റെ സംസ്‌കാരം ഇന്ന് മൂന്നു മണിക്ക് തോന്ന്യകാവ് ശ്മശാനത്തില്‍ നടക്കും. ഭാര്യ: കെ സി രമ. മക്കള്‍: വര്‍ഷ, മേഘ (ഗവ. യു പി സ്‌കൂള്‍ അശവന്നൂര്‍ പെരുമ്പാവൂര്‍).
മരുമക്കള്‍: സിബു (ബിസിനസ് മാലിദ്വീപ്), അനീഷ് (ദുബായ്).
55 വര്‍ഷത്തിലധികമായി പത്രവിതരണം നടത്തുന്ന സോമന്റെ നാര്യാണത്തില്‍ പറവൂര്‍ താലൂക്ക് പ്രസ്സ് ക്ലബ് പ്രസിഡന്റ് സുബിത ബോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അനുശോചിച്ചു.

