ഫിഫ വേള്‍ഡ് കപ്പ് 2026 സ്‌പെഷ്യല്‍ ലിവറി വിമാനമൊരുക്കി ഖത്തര്‍ എയര്‍വെയ്സ്

Web Desk
1 Min Read

ദോഹ: ഫിഫ വേള്‍ഡ് കപ്പ് 2026നെ വരവേല്‍ക്കാനൊരുങ്ങി ഖത്തര്‍ എയര്‍വെയ്സ് പ്രത്യേക ‘ഫിഫ ലിവറി’ വിമാനത്തെ ഔദ്യോഗികമായി അവതരിപ്പിച്ചു. ബോയിംഗ് 777 വിമാനത്തിലാണ് പ്രത്യേക ഡിസൈന്‍ ഒരുക്കിയിരിക്കുന്നത്. ഫിഫയുമായുള്ള ദീര്‍ഘകാല പങ്കാളിത്തത്തിന്റെയും ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരെ ബന്ധിപ്പിക്കുന്നതിലുള്ള ഖത്തര്‍ എയര്‍വെയ്സിന്റെ പങ്കിന്റെയും തുടര്‍ച്ചയായാണ് പുതിയ പ്രഖ്യാപനം.

city exchange

ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022ന്റെ വിജയകരമായ ആതിഥേയത്വത്തിന് ശേഷം ഫിഫയുമായുള്ള സഹകരണത്തിന്റെ പുതിയ അധ്യായമാണ് ഈ പ്രത്യേക ലിവറി പ്രതിനിധീകരിക്കുന്നതെന്ന് ഖത്തര്‍ എയര്‍വെയ്സ് വ്യക്തമാക്കി.

യൂറോപ്പ്, അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ പ്രധാന റൂട്ടുകളിലായി ഈ പ്രത്യേക ലിവറി വിമാനം സര്‍വീസ് നടത്തും. ഫിഫ വേള്‍ഡ് കപ്പ് 2026നോടനുബന്ധിച്ചുള്ള ആഗോള ആവേശം ശക്തമാക്കുകയാണ് ലക്ഷ്യം.

ഫുട്‌ബോളിന്റെ ആവേശവും ഐക്യവും ലോകകപ്പ് ടൂര്‍ണമെന്റിന്റെ ഉത്സാഹവും പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് വിമാനത്തിന്റെ പുറം ഡിസൈന്‍ ഒരുക്കിയിരിക്കുന്നത്. ആകര്‍ഷകവും ചലനാത്മകവുമായ രൂപകല്‍പന ലോകമെമ്പാടുമുള്ള ഖത്തര്‍ എയര്‍വെയ്സ് ശൃംഖലയില്‍ ശ്രദ്ധനേടുമെന്നാണ് വിലയിരുത്തല്‍.

- Advertisement -
Ad image

വിമാനത്തിന്റെ പുറംഭാഗം മാത്രമല്ല, അകത്തളവും ഫിഫ വേള്‍ഡ് കപ്പ് 2026 പ്രമേയത്തില്‍ പ്രത്യേകമായി അലങ്കരിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് ലോകകപ്പ് ആവേശം വിമാനയാത്രയ്ക്കിടയിലും അനുഭവിക്കാനാകുന്ന തരത്തിലാണ് കാബിന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ടൂര്‍ണമെന്റ് അവസാനിച്ച ശേഷവും ഈ പ്രത്യേക ലിവറിയും കാബിന്‍ അലങ്കാരവും നിലനിര്‍ത്തി വിമാനം സര്‍വീസ് തുടരാനാണ് പദ്ധതി.

ഫിഫയുടെ ഔദ്യോഗിക എയര്‍ലൈന്‍ പങ്കാളിയായ ഖത്തര്‍ എയര്‍വെയ്സ് ആഗോള കായിക രംഗത്ത് നിര്‍ണായക സാന്നിധ്യമായി തുടരുകയാണെന്ന് കമ്പനി അറിയിച്ചു. വിപുലമായ അന്താരാഷ്ട്ര ശൃംഖലയും പുരസ്‌കാരജേതാവായ സേവനങ്ങളും വഴി ആരാധകരെയും ടീമുകളെയും ലക്ഷ്യസ്ഥാനങ്ങളെയും ബന്ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും അധികൃതര്‍ പറഞ്ഞു.

അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ഫിഫ വേള്‍ഡ് കപ്പ് 2026 ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പതിപ്പായിരിക്കുമെന്നാണ് പ്രതീക്ഷ.

Share This Article
Leave a Comment
error: Content is protected !!