ഹോര്‍മുസ് കടലിടുക്കില്‍ യു എ ഇ എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തെ ഖത്തര്‍ അപലപിച്ചു

Web Desk
1 Min Read

ദോഹ: ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുകയായിരുന്ന യു എ ഇയിലെ രണ്ട് എണ്ണക്കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. യു എ ഇയുടെ ദേശീയ എണ്ണക്കമ്പനിയായ അഡ്‌നോക്കുമായി ബന്ധമുള്ള കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും സമുദ്രഗതാഗത സ്വാതന്ത്ര്യത്തിന്റെയും നഗ്‌നമായ ലംഘനമാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

city exchange

ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സിലിന്റെ 2817-ാം പ്രമേയത്തിന്റെ വ്യക്തമായ ലംഘനമാണ് ആക്രമണമെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കിനെ വിലപേശല്‍ ഉപാധിയായി ഉപയോഗിക്കുന്നതിനോട് ഖത്തറിന് യാതൊരു വിധത്തിലും യോജിപ്പില്ലെന്ന് വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു. കടലിടുക്ക് ഉപാധികളില്ലാതെ വീണ്ടും തുറക്കണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു.

ഈ സുപ്രധാന സമുദ്രപാതയിലൂടെയുള്ള സ്വതന്ത്ര നാവിഗേഷന്‍ വിട്ടുവീഴ്ചയ്ക്ക് വിധേയമാക്കാനാകാത്ത ഉറച്ച തത്വമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. കടലിടുക്ക് അടച്ചിടുന്നത് തുടരുന്നത് മേഖലയിലെ രാജ്യങ്ങളുടെ സുപ്രധാന താത്പര്യങ്ങള്‍ക്കും ആഗോള സമ്പദ്വ്യവസ്ഥയ്ക്കും ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നതായും ചൂണ്ടിക്കാട്ടി.

- Advertisement -
Ad image

സഹോദരരാജ്യങ്ങളുടെ സ്വത്തുക്കള്‍ക്കെതിരായ ഇറാന്റെ ന്യായീകരിക്കാനാകാത്ത ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു. യു എ ഇയോട് പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഖത്തര്‍, സ്വന്തം സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനായി യു എ ഇ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പിന്തുണ അറിയിക്കുകയും ചെയ്തു.

Share This Article
Leave a Comment
error: Content is protected !!