
ദോഹ: ജറുസലേമിലെ അല്‍ അഖ്സ പള്ളി പരിസരത്ത് ഇസ്രായേല്‍ നടത്തുന്ന പ്രകോപനപരമായ നടപടികളെ ഖത്തര്‍ ഉള്‍പ്പെടെ എട്ട് അറബ്- ഇസ്ലാമിക രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു.

ഖത്തര്‍, ജോര്‍ദാന്‍, യു എ ഇ, ഇന്തോനേഷ്യ, പാകിസ്ഥാന്, തുര്‍ക്കിയെ, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ സംയുക്ത പ്രസ്താവനയിലാണ് ഇസ്രായേലിന്റെ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്.

തീവ്രവാദ നിലപാടുള്ള ഇസ്രായേല്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ കുടിയേറ്റക്കാരുടെ വന്‍തോതിലുള്ള അതിക്രമപ്രവേശനം അല്‍ അഖ്സ പള്ളിയിലേക്ക് തുടരുന്നതും ഇസ്രായേല്‍ സേനയുടെ സംരക്ഷണത്തില്‍ പള്ളി മുറ്റത്ത് ഇസ്രായേല്‍ പതാക ഉയര്‍ത്തിയതും ഇസ്രായേല്‍ പൊലീസ് രണ്ട് ടെന്റുകള്‍ സ്ഥാപിച്ചതും മറ്റ് പ്രകോപനപരമായ നടപടികളും അവര്‍ ശക്തമായി അപലപിച്ചു.
ഈ നടപടികള്‍ അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ പ്രസക്തമായ പ്രമേയങ്ങളുടെയും അധിനിവേശത്തിലുള്ള കിഴക്കന്‍ ജറുസലേമിലെ വിശുദ്ധ സ്ഥലങ്ങളുടെ ചരിത്രപരവും നിയമപരവുമായ നിലവിലെ പദവിയുടെയും നഗ്നമായ ലംഘനമാണെന്ന് മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി.
ഇസ്രായേലിലെ തീവ്രവാദ മന്ത്രിമാരും സംഘങ്ങളും നടത്തുന്ന വിദ്വേഷ പ്രചാരണം, അതിക്രമപ്രവേശനങ്ങള്, അക്രമത്തിന് ആഹ്വാനം ചെയ്യുന്ന നടപടികള്‍, അക്രമസംഭവങ്ങള്‍ എന്നിവയും മന്ത്രിമാര്‍ അതിശക്തമായി അപലപിച്ചു.
ഇത്തരം പ്രകോപനപരമായ നടപടികള്‍ വിദ്വേഷവും തീവ്രവാദവും വളര്‍ത്തുന്നതിനൊപ്പം, ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ള നീതിപൂര്‍ണവും ശാശ്വതവുമായ സമാധാന ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നതാണെന്നും അവര്‍ മുന്നറിയിപ്പ് നല്കി.
ജറുസലേമിലെ പഴയ നഗരത്തിലേക്കും അവിടെയുള്ള ആരാധനാലയങ്ങളിലേക്കും പ്രവേശനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും മറ്റ് ആരാധനാലയങ്ങളിലേക്കുള്ള വിവേചനപരവും ഏകപക്ഷീയവുമായ വിലക്കുകളും അന്താരാഷ്ട്ര നിയമത്തിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും വ്യക്തമായ ലംഘനമാണെന്നും വിശുദ്ധ സ്ഥലങ്ങളുടെ ചരിത്രപരവും നിയമപരവുമായ പദവി മാറ്റാനുള്ള നിയമവിരുദ്ധ ശ്രമമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
അധിനിവേശത്തിലുള്ള ജറുസലേമിലോ അവിടെയുള്ള ഇസ്ലാമിക, ക്രൈസ്തവ വിശുദ്ധ കേന്ദ്രങ്ങളിലോ ഇസ്രായേലിന് യാതൊരു പരമാധികാരവുമില്ലെന്നും വിദേശകാര്യ മന്ത്രിമാര്‍ ആവര്‍ത്തിച്ചു.
അധിനിവേശത്തിലുള്ള കിഴക്കന്‍ ജറുസലേമിന്റെ ചരിത്രപരവും നിയമപരവും ജനസംഖ്യാപരവുമായ സ്വഭാവം മാറ്റാനും അവിടെയുള്ള ഇസ്ലാമിക, ക്രൈസ്തവ വിശുദ്ധ കേന്ദ്രങ്ങളുടെ പവിത്രതയും പദവിയും തകര്‍ക്കാനും ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ തുടര്‍ച്ചയായ വ്യവസ്ഥാപിത നടപടികളെയും അവര്‍ ശക്തമായി അപലപിച്ചു.
ജറുസലേമിന്റെയും അവിടെയുള്ള ഇസ്ലാമിക, ക്രൈസ്തവ വിശുദ്ധ കേന്ദ്രങ്ങളുടെയും ചരിത്രപരവും നിയമപരവുമായ നിലവിലെ പദവി മാറ്റാനുള്ള ഏതൊരു ശ്രമവും തങ്ങള്‍ പൂര്‍ണമായി തള്ളിക്കളയുന്നതായി മന്ത്രിമാര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഹാഷിമൈറ്റ് ഭരണാധികാരികളുടെ ചരിത്രപരമായ സംരക്ഷണ ചുമതലയും അവര്‍ അംഗീകരിച്ചു.
144 ഡുനം (1000 ചതുരശ്ര മീറ്ററാണ് ഒരു ഡുനം) വിസ്തൃതിയുള്ള അല്‍ അഖ്സ പള്ളി/ അല്‍ ഹറം അല്‍ ഷരീഫ് സമുച്ചയം പൂര്‍ണമായും മുസ്ലിംകളുടെ ആരാധനയ്ക്കുള്ള സ്ഥലമാണെന്നും ജോര്‍ദാന്‍ ഔഖാഫ്- ഇസ്ലാമിക കാര്യ മന്ത്രാലയത്തിന് കീഴിലുള്ള ജറുസലേം എന്‍ഡോവ്മെന്റ്സ് ആന്‍ഡ് അല്‍ അഖ്സ മോസ്ക് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റിനാണ് പള്ളിയുടെ ഭരണവും പ്രവേശന നിയന്ത്രണവും സംബന്ധിച്ച ഏക നിയമപരമായ അധികാരമെന്നും അവര്‍ വ്യക്തമാക്കി.
അധിനിവേശ ശക്തിയായ ഇസ്രായേല്‍ ജറുസലേമിലെ പഴയ നഗരത്തിലേക്കുള്ള പ്രവേശന നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നും മുസ്ലിം വിശ്വാസികള്‍ക്ക് അല്‍ അഖ്സ പള്ളിയില്‍ ആരാധന നടത്തുന്നതിന് തടസ്സം സൃഷ്ടിക്കുന്ന നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും മന്ത്രിമാര്‍ ആവശ്യപ്പെട്ടു.
ജറുസലേമിലെ ഇസ്ലാമിക, ക്രൈസ്തവ വിശുദ്ധ കേന്ദ്രങ്ങള്‍ക്കെതിരായ ഇസ്രായേലിന്റെ നിയമവിരുദ്ധ നടപടികളും ലംഘനങ്ങളും അവസാനിപ്പിക്കാന്‍ ഇസ്രായേലിനെ നിര്‍ബന്ധിതമാക്കുന്ന ശക്തമായ നിലപാട് അന്താരാഷ്ട്ര സമൂഹം സ്വീകരിക്കണമെന്നും വിശുദ്ധ സ്ഥലങ്ങളുടെ പവിത്രത സംരക്ഷിക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും അവര്‍ ആഹ്വാനം ചെയ്തു.

