
ദോഹ: അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായകമായ ഗ്രൂപ്പ് ‘എ’ മത്സരത്തില്‍ ടുനീഷ്യയ്ക്കെതിരെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ട് ആതിഥേയരായ ഖത്തര്‍ ഫിഫ അറബ് കപ്പില്‍ നിന്ന് പുറത്തായി. മത്സരത്തില്‍ മികച്ച വിജയം നേടിയെങ്കിലും ടുനീഷ്യയും ക്വാര്‍ട്ടറില്‍ കടക്കാതെ പുറത്തായി.

എഡ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് എ മത്സരത്തില്‍ ഫലസ്തീനും സിറിയയും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞതോടെ ഇരു ടീമുകളും അഞ്ച് പോയിന്റുമായി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ടുനീഷ്യ നാല് പോയിന്റും ഖത്തര്‍ ഒരു പോയിന്റുമാണ് നേടിയത്.

ജുലന്‍ ലോപെറ്റെഗിയുടെ പരിശീലനത്തില്‍ ഇറങ്ങിയ ഖത്തര്‍ ഒരു ഗോള്‍ മാത്രം നേടിയും അഞ്ച് ഗോള്‍ വഴങ്ങിയുമാണ് കളിക്കളത്തില്‍ നിന്നും വിടവാങ്ങിയത്. നേരത്തെയുള്ള കളികളില്‍ താഴ്ന്ന റാങ്കിലുള്ള ഫലസ്തീനോട് തോല്‍ക്കുകയും സിറിയയുമായി സമനില പാലിക്കുകയും ചെയ്തിരുന്നു.
മത്സരത്തിലെ അവസാന പകുതി പത്ത് പേരുമായി കളിച്ചിട്ടും ടുനീഷ്യ മത്സരത്തില്‍ മുഴുവന്‍ മേല്‍ക്കൈ പുലര്‍ത്തി. 16-ാം മിനിറ്റില്‍ മുഹമ്മദ് ബെന്‍ റോംധാന്‍, 62-ാം മിനിറ്റില്‍ യാസിന്‍ മെറിയ എന്നിവരാണ് ഗോള്‍ കണ്ടെത്തിയത്. സ്റ്റോപ്പേജ് ടൈമില്‍ മുഹമ്മദ് ബെന്‍ അലി മൂന്നാം ഗോളും നേടിയതോടെ 48,000-ത്തിലധികം വരുന്ന ഖത്തര്‍ ആരാധകര്‍ നിരാശരായി.

