
ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര നിയമത്തിന്റെ പുരോഗമനപരമായ വികസനത്തിന് ഉത്തരവാദിത്തമുള്ള ഐക്യരാഷ്ട്രസഭ പൊതുസഭയുടെ ആറാം കമ്മിറ്റി (നിയമകാര്യ കമ്മിറ്റി)യുടെ 81-ാം സമ്മേളനത്തിലേക്കുള്ള റാപ്പോര്‍ട്ടറായി ഖത്തര്‍ തെരഞ്ഞെടുക്കപ്പെട്ടു. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം ദൗത്യത്തിലെ സെക്കന്‍ഡ് സെക്രട്ടറി അബ്ദുല്‍ അസീസ് ഫദാല അല്‍ സുലൈത്തിയാണ് ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

2026 ഒക്ടോബറില്‍ ആരംഭിക്കുന്ന 81-ാം സമ്മേളനത്തിലാണ് അദ്ദേഹം റാപ്പോര്‍ട്ടറുടെ ചുമതല വഹിക്കുക.

ഖത്തറിന്റെ തെരഞ്ഞെടുപ്പ്, ഐക്യരാഷ്ട്രസഭയുടെ വിവിധ സമിതികളിലെ രാജ്യത്തിന്റെ സജീവവും ശ്രദ്ധേയവുമായ പങ്കാളിത്തത്തിനുള്ള അന്താരാഷ്ട്ര അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്. അതോടൊപ്പം, നിയമ- നയതന്ത്ര മേഖലകളിലെ ഖത്തറിന്റെ ദേശീയ വൈദഗ്ധ്യത്തിനും അന്താരാഷ്ട്ര വേദികളിലെ സൃഷ്ടിപരവും ക്രിയാത്മകവുമായ ഇടപെടലുകള്‍ക്കുമുള്ള ആഗോള സമൂഹത്തിന്റെ പ്രശംസയും ഈ തെരഞ്ഞെടുപ്പിലൂടെ പ്രതിഫലിക്കുന്നതായി നിരീക്ഷിക്കപ്പെടുന്നു.
