

ദോഹ: ഖത്തറില്‍ കോവിഡിന്റെ മൂന്നാം തരംഗത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വാക്‌സിനേഷന്‍ ഹെഡ് ഡോ. സോഹ അല്‍ ബയാത്ത് പറഞ്ഞു. കോവിഡ് വാക്‌സിന്‍ രണ്ട് ഡോസും എടുത്ത് ആറുമാസം പൂര്‍ത്തിയായവര്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കോവിഡ് വാക്‌സിന്‍ ഒന്നും രണ്ടും മൂന്നും ഡോസുകള്‍ എടുത്തവരാരും പാര്‍ശ്വഫലങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടില്ലെന്ന് അല്‍ ബയാത്ത് പറഞ്ഞു. ഖത്തര്‍ ടി വിയോട് സംസാരിക്കുകയായിരുന്നു അവര്‍.

കഴിഞ്ഞ ആഴ്ച കോവിഡിനെ തുടര്‍ന്ന് മരിച്ചവര്‍ വാക്‌സിനെടുത്തിരുന്നില്ലെന്നും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളവര്‍ ബൂസ്റ്റര്‍ ഡോസ് എടുത്തിട്ടില്ലെന്നും അവര്‍ വിശദീകരിച്ചു.
കോവിഡ് രോഗലക്ഷണങ്ങള്‍ സംശയിക്കുന്നവര്‍ വീട്ടില്‍ തന്നെ ഐസൊലേഷനില്‍ പ്രവേശിക്കുകയും പ്രത്യേക മുറിയില്‍ താമസിക്കുകയുമാണ് ഉത്തമമെന്ന് ഡോ. സോഹ അല്‍ ബയാത്ത് പറഞ്ഞു. അഞ്ച് ദിവസം ഇത്തരത്തില്‍ കഴിഞ്ഞതിന് ശേഷം മുറിക്കു പുറത്തിറങ്ങാമെന്നും അപ്പോള്‍ മാസ്‌കും വീട്ടിലെ മറ്റുള്ളവരോട് അകലവും പാലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അത്തരത്തില്‍ അഞ്ച് ദിവസത്തിന് ശേഷം കൂടി വീട്ടില്‍ കഴിഞ്ഞതിന് ശേഷമേ വീട്ടില്‍ നിന്ന് പുറത്തിറങ്ങാവു എന്നും അല്‍ ബയാത്ത് പറഞ്ഞു.
റാപ്പിഡ് ആന്റിജന്‍ പരിശോധന 80 ശതമാനവും കൃത്യമാണെന്നും എല്ലാ ഹെല്‍ത്ത് സെന്ററുകളിലും അത് ലഭ്യമാണെന്നും അവര്‍ വിശദീകരിച്ചു.
കോവിഡ് രോഗബാധ വര്‍ധിക്കുന്നവരില്‍ നിന്നും മനസ്സിലായത് രണ്ട് കാര്യങ്ങളാണെന്ന് അവര്‍ അറിയിച്ചു. കൂടുതല്‍ രോഗം വരുന്നത് രണ്ടു വിഭാഗം ആളുകള്‍ക്കാണെന്നും ഒന്നാമത്തെ വിഭാഗം കുട്ടികള്‍ ഉള്‍പ്പെടെ വാക്‌സിനെടുക്കാത്തവരാണെന്നും രണ്ടാമത്തെ വിഭാഗം കോവിഡ് വാക്‌സിനെടുത്ത് ആറുമാസം കഴിഞ്ഞവരാണെന്നും അല്‍ ബയാത്ത് പറഞ്ഞു.

