

ദോഹ: എട്ടാമത് ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന കായിക മത്സരങ്ങളിലെ ആദ്യ ഇനമായ വോളിബോള്‍ വെള്ളിയാഴ്ച ആസ്പയര്‍ ഡോമില്‍ അരങ്ങേറും. രാവിലെ ഏഴര മണിക്ക് ആരംഭിച്ചു മുഴുവന്‍ ദിവസം നീണ്ടുനില്‍ക്കുന്ന വോളിബോള്‍ മത്സരങ്ങള്‍ രണ്ടാം കോര്‍ട്ടില്‍ ആണ് നടക്കുക.

എ, ബി എന്നീ രണ്ട് ഡിവിഷനുകളില്‍ ആയാണ് കളികള്‍ നടക്കുക. ഇന്‍കാസ് കോഴിക്കോട്, കള്‍ച്ചറല്‍ ഫോറം കോഴിക്കോട്, അനക്‌സ് പാലക്കാട്, ദോസ്താന കൊല്ലം, സ്‌ട്രൈക്കേര്‍സ് ബര്‍വ പത്തനംതിട്ട, ഫൈറ്റേഴ്‌സ് എറണാകുളം എന്നീ ടീമുകളാണ് എ ഡിവിഷനില്‍ മാറ്റുരയ്ക്കുന്നത്.

ബി ഡിവിഷനില്‍ അല്‍ ജാസി ഐ സി എ തൃശൂര്‍, പി ബി എഫ് സി പാലക്കാട്, ക്യൂ സി എം സി കോഴിക്കോട്, ദോസ്താന കൊല്ലം, ക്യൂ ചെമ്‌നാടിയന്‍സ് കാസര്‍കോട്, കള്‍ച്ചറല്‍ ഫോറം കോഴിക്കോട്, എ ജി എഫ് സി മലപ്പുറം, വാരിയേഴ്‌സ് മലപ്പുറം എന്നീ ടീമുകള്‍ കൊമ്പ് കോര്‍ക്കും.
രാവിലെ ഏഴരമണിക്ക് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ എ ഡിവിഷന്‍ ടീമുകളായ ദോസ്താന കൊല്ലവും ഫൈറ്റേഴ്‌സ് എറണാകുളവും ആണ് ഏറ്റുമുട്ടുന്നത്. ഇരു ഡിവിഷനുകളിലും ഏതാണ്ട് തുല്യ ശക്തികള്‍ അണിനിരക്കുന്നു എന്നതിനാല്‍ ആവേശകരമായ മത്സരങ്ങള്‍ ആണ് കായിക പ്രേമികളെ കാത്തിരിക്കുന്നത്. മത്സരം വീക്ഷിക്കാന്‍ എത്തുന്നവര്‍ക്ക് പ്രവേശനം സൗജന്യമാണ്.

