
ദോഹ: ഖത്തറിലെയും വിശാലമായ ഗള്‍ഫ് മേഖലയിലെയും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപ സാധ്യതകള്‍, വിപണിയുടെ സ്ഥിരത, ഭാവിയില്‍ ഈ രംഗത്ത് സ്വാധീനം ചെലുത്തുന്ന പുതിയ പ്രവണതകള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന നാലാമത് ഖത്തര്‍ റിയല്‍ എസ്റ്റേറ്റ് ഫോറം 2026ന് ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമായി. സര്‍ക്കാര്‍ പ്രതിനിധികള്‍, നിക്ഷേപകര്‍, റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍, ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, മേഖലയിലെ വിദഗ്ധര്‍ എന്നിവരുള്‍പ്പെടെ നിരവധി പേര്‍ ഫോറത്തില്‍ പങ്കെടുക്കുന്നുണ്ട്.

സിറ്റിസ്‌കേപ്പ് ഖത്തറുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ത്രിദിന ഫോറം ഒക്ടോബര്‍ 29 വരെ തുടരും. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തിലാണ് പരിപാടി നടക്കുന്നത്. റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (അഖാറാത്ത്), ഇന്‍ഫോര്‍മ തറാവാത്തുമായി സഹകരിച്ചാണ് ഫോറം സംഘടിപ്പിക്കുന്നത്. 70ലധികം പ്രഭാഷകരും 60 പ്രദര്‍ശകരും പരിപാടിയുടെ ഭാഗമാണ്.

‘സ്ഥിരത ഒരു നിക്ഷേപ ആസ്തിയായി’ എന്ന പ്രമേയത്തില്‍ നടക്കുന്ന ഫോറത്തില്‍ നിക്ഷേപകരുടെ വിശ്വാസം ഉറപ്പാക്കുന്ന ഘടകങ്ങള്‍, റിയല്‍ എസ്റ്റേറ്റ് ധനസഹായ രംഗത്തെ മാറ്റങ്ങള്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ പ്രയോഗം, സുസ്ഥിര വികസന മാനദണ്ഡങ്ങള്‍, നഗരവികസനത്തില്‍ ജീവിതനിലവാരത്തിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.
പാര്‍പ്പിട, വാണിജ്യ, മിശ്ര ഉപയോഗ റിയല്‍ എസ്റ്റേറ്റ് പദ്ധതികളിലെ നിക്ഷേപം, റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റുകള്‍, ഡിജിറ്റല്‍ അസറ്റ് ടോക്കണൈസേഷന്‍, വസ്തുവകകളുടെ മൂല്യനിര്‍ണയം, വിപണി വിവരങ്ങള്‍, സാമ്പത്തിക വൈവിധ്യവത്കരണത്തില്‍ സ്വകാര്യ മൂലധനത്തിന്റെ പങ്ക് എന്നിവയും പരിപാടിയുടെ പ്രധാന ചര്‍ച്ചാവിഷയങ്ങളാണ്. നഗരാസൂത്രണത്തില്‍ നിര്‍മിതബുദ്ധിയുടെ ഉപയോഗം, അടിസ്ഥാനസൗകര്യ വികസനം, ഭരണനിര്‍വഹണം, നഗരങ്ങളുടെ ദീര്‍ഘകാല മത്സരക്ഷമത എന്നിവയും ഫോറം പരിഗണിക്കുന്നു.
ഖത്തറിന്റെ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വികസനത്തില്‍ നിര്‍ണായകമായ ഘട്ടത്തിലാണ് ഫോറം നടക്കുന്നതെന്ന് അഖാറാത്ത് പ്രസിഡന്റ് മുഹമ്മദ് ബിന്‍ ഹസന്‍ അല്‍ മാല്‍ക്കി പറഞ്ഞു. നിക്ഷേപകരുടെ വിശ്വാസം, സുതാര്യത, സുസ്ഥിര നിക്ഷേപാവസരങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള വിപണി രൂപപ്പെടുത്താനുള്ള ശ്രമങ്ങളാണ് രാജ്യത്ത് പുരോഗമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ശക്തമായ നിയന്ത്രണ സംവിധാനങ്ങളും സാമ്പത്തിക അടിത്തറയും പിന്തുണയ്ക്കുന്ന റിയല്‍ എസ്റ്റേറ്റ് അന്തരീക്ഷം സൃഷ്ടിക്കാനാണ് ഖത്തര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദീര്‍ഘകാല നിക്ഷേപ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ നിക്ഷേപകര്‍ക്കും ഡെവലപ്പര്‍മാര്‍ക്കും ആവശ്യമായ വ്യക്തതയും ആത്മവിശ്വാസവും ഇതിലൂടെ ഉറപ്പാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, നിക്ഷേപകര്‍, ഡെവലപ്പര്‍മാര്‍, വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ക്കിടയില്‍ ആശയവിനിമയത്തിനും അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനും പുതിയ നിക്ഷേപാവസരങ്ങള്‍ പരിചയപ്പെടുത്തുന്നതിനും പങ്കാളിത്തങ്ങള്‍ വളര്‍ത്തുന്നതിനുമുള്ള വേദിയാണ് ഫോറമെന്ന് അല്‍ മാല്‍ക്കി ചൂണ്ടിക്കാട്ടി. സിറ്റിസ്‌കേപ്പ് ഖത്തറിനൊപ്പം പരിപാടി സംഘടിപ്പിക്കുന്നത് കൂടുതല്‍ പങ്കാളികളെ ആകര്‍ഷിക്കാനും പ്രാദേശിക, അന്തര്‍ദേശീയ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

