
ദോഹ: ഖത്തര്‍ ടൂറിസം സംഘടിപ്പിക്കുന്ന ‘ടേസ്റ്റ് ഓഫ് ഖത്തര്‍: സ്‌പോട്ട്ലൈറ്റ് ഓണ്‍ ഖത്തറി എന്റര്‍പ്രണേഴ്സ്’ പരിപാടിയുടെ രണ്ടാം സെഷന്‍ നടന്നു. ഖത്തറിലെ സംരംഭകരെയും ഷെഫുമാരെയും ഒരുമിപ്പിച്ച പരിപാടിയില്‍ രാജ്യത്തെ റസ്റ്റോറന്റ്, ഹോസ്പിറ്റാലിറ്റി മേഖലയുടെ പുരോഗതിക്കായി ആശയങ്ങളും അനുഭവങ്ങളും പങ്കുവെച്ചു. പുതിയ സാധ്യതകളും ചര്‍ച്ച ചെയ്തു.

ഖത്തറിന്റെ മാറിവരുന്ന പാചക സംസ്‌കാര രംഗത്ത് പ്രാദേശിക പ്രതിഭകളും തദ്ദേശീയ ബ്രാന്‍ഡുകളും നല്‍കുന്ന സംഭാവനകള്‍ സെഷനില്‍ പ്രത്യേകം ചര്‍ച്ചയായി. സംരംഭകത്വത്തിനും നവീകരണത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കി മേഖലയുടെ നിലവാരം ഉയര്‍ത്തുന്നതിനും സന്ദര്‍ശകാനുഭവം സമ്പന്നമാക്കുന്നതിനുമുള്ള നടപടികളും വിലയിരുത്തി.

ഖത്തര്‍ ടൂറിസം ഓപ്പറേഷന്‍സ് അഫയേഴ്സ് ഡയറക്ടര്‍ ഒമര്‍ അബ്ദുല്‍റഹ്മാന്‍ അല്‍ ജാബര്‍ റസ്റ്റോറന്റ് മേഖലയെക്കുറിച്ചുള്ള ഖത്തര്‍ ടൂറിസത്തിന്റെ കാഴ്ചപ്പാടും രാജ്യത്തിന്റെ പാചക സംസ്‌കാരത്തെ രൂപപ്പെടുത്തുന്നതില്‍ ഖത്തറി സംരംഭകരുടെ പങ്കും സംബന്ധിച്ച പ്രത്യേക സംവാദത്തില്‍ പങ്കെടുത്തു.
”ഖത്തറിന്റെ സ്വത്വത്തിന്റെയും സംസ്‌കാരത്തിന്റെയും തലമുറകളായി കൈമാറിവരുന്ന ആതിഥ്യമര്യാദയുടെയും യഥാര്‍ഥ പ്രതിഫലനമാണ് പാചകമേഖല. അതോടൊപ്പം വളര്‍ച്ചയ്ക്കും നിക്ഷേപത്തിനും വലിയ സാധ്യതകളുള്ള സുപ്രധാന സാമ്പത്തിക മേഖലയുമാണിത്. മേഖലയുടെ വികസനത്തിന് പിന്തുണ നല്‍കുകയും മികവിന്റെ സംസ്‌കാരം വളര്‍ത്തുകയും ചെയ്യുന്ന സമഗ്രമായ ഒരു സംവിധാനമാണ് ഇതിനായി ഞങ്ങള്‍ ഒരുക്കുന്നത്. ഗുണനിലവാരത്തിന്റെയും സേവനത്തിന്റെയും നിലവാരം ഉയര്‍ത്തുന്ന വിവിധ പദ്ധതികളിലൂടെയും പരിപാടികളിലൂടെയും ബിസിനസ് ഉടമകള്‍ക്ക് വ്യത്യസ്തവും മത്സരക്ഷമവുമായ അനുഭവങ്ങള്‍ വികസിപ്പിക്കാന്‍ അവസരമൊരുക്കുകയാണ് ലക്ഷ്യം. ഇത്തരം അനുഭവങ്ങള്‍ കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കും,” അദ്ദേഹം പറഞ്ഞു.
”ഖത്തറി റസ്റ്റോറന്റുകളും ബ്രാന്‍ഡുകളും രാജ്യത്തിന്റെ ടൂറിസം കഥ രൂപപ്പെടുത്തുന്നതിലും പ്രധാന പങ്കുവഹിക്കുന്നു. ഖത്തറിന്റെ സംസ്‌കാരവും സ്വത്വവും പ്രതിഫലിപ്പിക്കുന്ന ആധികാരിക അനുഭവങ്ങള്‍ സന്ദര്‍ശകര്‍ക്ക് നല്‍കുന്നതിലൂടെ രാജ്യത്തിന്റെ സമ്പന്നമായ ടൂറിസം, പൈതൃക, സാംസ്‌കാരിക വിഭവങ്ങള്‍ ലോകത്തിന് മുന്നിലെത്തിക്കാനും ഇവയ്ക്ക് സാധിക്കുന്നു,” അല്‍ ജാബര്‍ കൂട്ടിച്ചേര്‍ത്തു.
വിസിറ്റ് ഖത്തര്‍ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ജാസിം അല്‍ മഹ്മൂദ് പറഞ്ഞു: ”ആശയവിനിമയത്തിനും അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നതിനുമുള്ള സമ്പന്നമായ വേദിയൊരുക്കുന്നതിനൊപ്പം റസ്റ്റോറന്റ്, പാചകകലാ മേഖലകളിലെ സര്‍ഗാത്മകത, നവീകരണം, സംരംഭകത്വം എന്നിവയുടെ കഥകള്‍ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സെഷന്‍ സംഘടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ‘ടേസ്റ്റ് ഓഫ് ഖത്തര്‍’ സംരംഭം ഈ സമീപനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. മികവിനെ അംഗീകരിക്കുകയും നവീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ഉയര്‍ന്ന നിലവാരമുള്ള മാനദണ്ഡങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നതിലൂടെ റസ്റ്റോറന്റ്, ഹോസ്പിറ്റാലിറ്റി മേഖലയുടെ നിലവാരം ഉയര്‍ത്താനും ആഗോള പാചകവൈവിധ്യ കേന്ദ്രമെന്ന നിലയില്‍ ഖത്തറിന്റെ സ്ഥാനം ശക്തിപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു.”
പരിപാടിയുടെ ഭാഗമായി രണ്ട് പാനല്‍ ചര്‍ച്ചകളും നടന്നു. ആദ്യ പാനല്‍ ചര്‍ച്ചയില്‍ ഖത്തറി സംരംഭകരുടെ സംരംഭകത്വ യാത്രയാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. അവരുടെ വിജയകഥകള്‍, നേരിട്ട വെല്ലുവിളികള്‍, നൂതന ആശയങ്ങളെ വിജയകരവും വിപുലീകരിക്കാവുന്നതുമായ ബിസിനസുകളാക്കി മാറ്റിയ അനുഭവങ്ങള്‍ എന്നിവ ചര്‍ച്ചയായി.
സന്ദര്‍ശകാനുഭവത്തിന്റെ അവിഭാജ്യ ഘടകമായി രാജ്യത്തെ റസ്റ്റോറന്റ്, പാചകകലാ മേഖലകളെ വികസിപ്പിക്കാനുള്ള ഖത്തര്‍ ടൂറിസത്തിന്റെ പ്രതിബദ്ധതയാണ് ‘ടേസ്റ്റ് ഓഫ് ഖത്തര്‍’ സംരംഭം പ്രതിഫലിപ്പിക്കുന്നത്. പ്രാദേശിക പ്രതിഭകള്‍ക്കും തദ്ദേശീയ ബ്രാന്‍ഡുകള്‍ക്കും ഖത്തറിന്റെ തനതായ രുചികളും സംസ്‌കാരവും ആതിഥ്യമര്യാദയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള വേദിയൊരുക്കുകയാണ് പദ്ധതിയിലൂടെ ഖത്തര്‍ ടൂറിസം ചെയ്യുന്നത്.

