
വാഷിംഗ്ടണ്‍: ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സുമായി വാഷിംഗ്ടണില്‍ കൂടിക്കാഴ്ച നടത്തി.

ഖത്തറും അമേരിക്കയും തമ്മിലുള്ള അടുത്ത തന്ത്രപ്രധാന സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ചും നേതാക്കള്‍ ആശയവിനിമയം നടത്തി.

മേഖലയിലെ ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും ചര്‍ച്ചയില്‍ പ്രധാന വിഷയമായി. സംഘര്‍ഷാവസ്ഥ ലഘൂകരിക്കുന്നതിനും പശ്ചിമേഷ്യയില്‍ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുമായി നടക്കുന്ന നയതന്ത്ര നീക്കങ്ങളും സംയുക്ത ഏകോപനവും ഇരുവരും വിലയിരുത്തി.
കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുന്ന പരിഹാരത്തിലെത്തുന്നതിനും മേഖലയില്‍ ശാശ്വത സമാധാനം ഉറപ്പാക്കുന്ന സമഗ്ര കരാറിന് വഴിയൊരുക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ നയതന്ത്ര ശ്രമങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും ഖത്തറിന്റെ പിന്തുണയുണ്ടെന്ന് പ്രധാനമന്ത്രി കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.

