ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള പ്രവാസി പണമയയ്ക്കല്‍ 161 ബില്യണ്‍ ഡോളര്‍; ലോകത്ത് ഏറ്റവും ഉയര്‍ന്ന നിരക്ക്

Web Desk
2 Min Read

മസ്‌കത്ത്: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) രാജ്യങ്ങളില്‍നിന്നുള്ള പ്രവാസി തൊഴിലാളികളുടെ പണമയയ്ക്കല്‍ 2025ല്‍ ഏകദേശം 161 ബില്യണ്‍ ഡോളറിലെത്തി. ലോകത്ത് ഏറ്റവും ഉയര്‍ന്ന മൊത്തം ഔട്ട്വേഡ് തൊഴിലാളി പണമയയ്ക്കല്‍ രേഖപ്പെടുത്തിയതും ജി സി സി രാജ്യങ്ങളാണെന്ന് ഗള്‍ഫ് അറബ് രാജ്യങ്ങളുടെ സഹകരണ കൗണ്‍സിലിന്റെ സ്റ്റാറ്റിസ്റ്റിക്കല്‍ സെന്റര്‍ (ജി സി സി- സ്റ്റാറ്റ്) പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

city exchange

2024നെ അപേക്ഷിച്ച് 2025ല്‍ പ്രവാസി പണമയയ്ക്കലില്‍ 13.6 ശതമാനത്തിന്റെ, അതായത് ഏകദേശം 19 ബില്യണ്‍ ഡോളറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

പ്രവാസി തൊഴിലാളികള്‍ക്ക് ജി സി സി രാജ്യങ്ങള്‍ തുടര്‍ന്നും ആകര്‍ഷകമായ തൊഴില്‍ കേന്ദ്രങ്ങളായി തുടരുന്നതും അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെയും സേവന, വ്യവസായ, എണ്ണയിതര മേഖലകളുടെയും വളര്‍ച്ചയുമാണ് പണമയയ്ക്കല്‍ വര്‍ധിക്കാന്‍ പ്രധാന കാരണങ്ങളെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2023ല്‍ ഇടിവ് രേഖപ്പെടുത്തിയതിന് ശേഷം തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ജി സി സി രാജ്യങ്ങളില്‍നിന്നുള്ള പ്രവാസി പണമയയ്ക്കല്‍ വര്‍ധിച്ചത്. 2025ല്‍ ഇത് ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.

- Advertisement -
Ad image

2025ല്‍ ജി സി സി രാജ്യങ്ങളുടെ സംയുക്ത മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജി ഡി പി) 6.6 ശതമാനത്തിന് തുല്യമായിരുന്നു പ്രവാസി പണമയയ്ക്കല്‍. 2024ല്‍ ഇത് 6.0 ശതമാനവും 2023ല്‍ 5.7 ശതമാനവും 2022ല്‍ 5.6 ശതമാനവുമായിരുന്നു. ജി സി സി സമ്പദ്വ്യവസ്ഥകളുടെ വലുപ്പവുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രവാസി പണമയയ്ക്കലിനുള്ള പ്രാധാന്യമാണ് ഈ അനുപാതം വ്യക്തമാക്കുന്നത്. എന്നാല്‍, ഇതുമാത്രം അടിസ്ഥാനമാക്കി സാമ്പത്തിക പ്രകടനത്തില്‍ പുരോഗതിയോ തകര്‍ച്ചയോ ഉണ്ടായതായി വിലയിരുത്താനാകില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പ്രധാന സമ്പദ്വ്യവസ്ഥകളുടെ വ്യക്തിഗത കണക്കുകളുമായി താരതമ്യം ചെയ്യുമ്പോഴും ജി സി സി രാജ്യങ്ങളുടെ ആഗോള പ്രാധാന്യം വ്യക്തമാകുന്നു. 2025ല്‍ അമേരിക്കയില്‍ നിന്നുള്ള തൊഴിലാളി പണമയയ്ക്കല്‍ ഏകദേശം 107 ബില്യണ്‍ ഡോളറും സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്ന് 43 ബില്യണ്‍ ഡോളറും ജര്‍മനിയില്‍നിന്ന് 27 ബില്യണ്‍ ഡോളറും ഫ്രാന്‍സില്‍നിന്ന് 21 ബില്യണ്‍ ഡോളറും ആയിരുന്നു.

സാമ്പത്തിക മൂല്യത്തിനപ്പുറം പ്രവാസി പണമയയ്ക്കല്‍ സ്വീകരിക്കുന്ന രാജ്യങ്ങളിലെ കുടുംബങ്ങളുടെ വരുമാനത്തെയും ഉപഭോഗത്തെയും പിന്തുണയ്ക്കുകയും സാമ്പത്തിക- സാമൂഹിക സ്ഥിരതയ്ക്ക് സംഭാവന നല്‍കുകയും ചെയ്യുന്നു. ആഗോള സാമ്പത്തിക ഇടപാടുകളിലെ ജി സി സിയുടെ പ്രാധാന്യവും ആഗോള സമ്പദ്വ്യവസ്ഥയുമായുള്ള മേഖലയുടെ ശക്തമായ ഏകീകരണവും ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

Share This Article
Leave a Comment
error: Content is protected !!