

ദോഹ: സംസ്കൃതി ഖത്തര്‍ കേന്ദ്ര സമ്മേളനം ദോഹയില്‍ സമാപിച്ചു. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനി റസിഡന്റ് എഡിറ്ററുമായ എം സ്വരാജ് കേന്ദ്ര സമ്മേളനം ഉദ്ഘാടനം ചെയ്തു.

ലോകമെങ്ങും മാനവികതയുടെ ശബ്ദങ്ങള്‍ കൂടുതല്‍ ഉയര്‍ന്നു കേള്‍ക്കേണ്ട കാലഘട്ടത്തിലൂടെയാണ് നമ്മള് കടന്നുപോകുന്നതെന്നും മാനവികതയുടെ ആശയ പ്രചാരണങ്ങളെ ഫലപ്രദമായി ഉയര്‍ത്തിക്കൊണ്ട് വര്‍ഗ്ഗീയതയെ ചെറുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലെ സാമൂഹിക സാംസ്കാരിക സന്നദ്ധ സേവന രംഗത്ത് കാല് നൂറ്റാണ്ട് പിന്നിടുന്ന സംസ്കൃതിയുടെ സജീവമായ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് സ്വരാജ് അഭിപ്രായപ്പെട്ടു.


സംസ്കൃതി പ്രസിഡന്റ് അഹമ്മദ് കുട്ടി ആറളയില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന സംസ്കൃതി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ലോഗോ എം സ്വരാജ് പ്രകാശനം ചെയ്തു.
ഖത്തറിലെ വിവിധ പ്രവിശ്യകളിലെ പതിനൊന്ന് യൂണിറ്റുകളില്‍ നിന്നുള്ള നാന്നൂറോളം അംഗങ്ങള്‍ സമ്മേളത്തില്‍ പ്രധിനിധികള്‍ ആയിരുന്നു. പിറന്ന മണ്ണിനായി പൊരുതുന്ന ഫലസ്തീന് ജനതക്ക് സമ്മേളനം ഐക്യധാര്‍ഡ്യം പ്രഖ്യാപിച്ചു.
ഖത്തര്‍ ചാരിറ്റി മല്‍ഖാ റൂഹി ചികിത്സാ ധനസമാഹരണത്തിനായുള്ള സജീവമായ പ്രവര്‍ത്തനങ്ങളില്‍ എല്ലാ അംഗങ്ങളും മുന്നിട്ടിറങ്ങണമെന്ന് ജനറല്‍ സെക്രട്ടറി ജലീല്‍ കാവില്‍ അഭ്യര്‍ഥിച്ചു. ജനറല്‍ സെക്രട്ടറി ജലീല്‍ കാവില്‍ രണ്ടുവര്‍ഷത്തെ റിപ്പോര്‍ട്ട് സമ്മേളനത്തില്‍ അവതരിപ്പിച്ചു. ട്രഷറര്‍ ശിവനനന്ദന് വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു.
കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ഇ എം സുധീര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. പ്രവാസികളുടെ വിവിധ വിഷയങ്ങളെ മുന്‍നിര്‍ത്തി പ്രമേയ കമ്മിറ്റി അവതരിപ്പിച്ച പ്രമേയങ്ങള്‍ സമ്മേളനം പാസ്സാക്കി. പുതിയതായി 80 അംഗ കേന്ദ്ര കമ്മിറ്റിയും സംസ്കൃതി സ്ഥാപക നേതാക്കളെ സ്ഥിരം ക്ഷണിതാക്കളായും സമ്മേളനം തെരഞ്ഞെടുത്തു.
ഭാരവാഹികളായി സാബിത്ത് സഹീര്‍ (പ്രസി), ശിഹാബ് തൂണേരി, നിധിന് എസ് ജി, സുനീതി സുനില്‍ (വൈസ് പ്രസി), ഷംസീര്‍ അരികുളം (ജന സെക്ര), ബിജു പി മംഗലം, അബ്ദുല്‍ അസീസ്, അര്‍ച്ചന ഓമനക്കുട്ടന് (സെക്ര), അപ്പു കവിണിശ്ശേരില്‍ (ട്ര) എന്നിവരാണ് ഭാരവാഹികള്‍.
നിതിന്‍ അനുശോചന പ്രമേയവും സാള്‍ട്സ് സാമുവല്‍ സ്വാഗതവും സുഹാസ് പാറക്കണ്ടി നന്ദിയും രേഖപ്പെടുത്തി.

