ഇന്ത്യന്‍ പൈലറ്റുമാരില്‍ 66 ശതമാനവും വിമാനം ‘ഉറങ്ങിപ്പറത്തുന്നെന്ന്’ സര്‍വേ

Web Desk
1 Min Read

മുംബൈ: പകല്‍ ക്ഷീണം ഇന്ത്യന്‍ പൈലറ്റുമാരില്‍ 66 ശതമാനത്തേയും ഉറക്കത്തിലേക്കെത്തിക്കാറുണ്ടെന്ന് സര്‍വേ. തങ്ങളുടെ സഹപ്രവര്‍ത്തകരെ പോലും അറിയിക്കാതെ പൈലറ്റുമാര്‍ കോക്ക്പിറ്റില്‍ ഉറങ്ങുകയോ ചെറിയ മയക്കത്തിലേക്ക് ഊര്‍ന്നിറങ്ങുകയോ ചെയ്യാറുണ്ടെന്നാണ് സര്‍വേ പറയുന്നത്. 542 ഇന്ത്യന്‍ പൈലറ്റുമാരാണ് സര്‍വേയില്‍ പങ്കെടുത്തത്.

city exchange

പ്രാദേശിക, ആഭ്യന്തര, അന്തര്‍ദേശീയ സര്‍വീസുകളില്‍പ്പെട്ട പൈലറ്റുമാരെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. പൈലറ്റുമാരില്‍ 54 ശതമാനം പേരും പകല്‍ നേരത്തെ ക്ഷീണം അനുഭവിക്കുന്നവരാണ്. അവരെ അമിതമായ ഉറക്കവും അലട്ടുന്നുണ്ട്. 41 ശതമാനം പേര്‍ക്കാകട്ടെ മിതമായ പകല്‍ ഉറക്കമാണുണ്ടാവുന്നതെന്നും സേഫ്റ്റി മാറ്റേഴ്‌സ് ഫൗണ്ടേഷന്‍ എന്‍ ജി ഒ നടത്തിയ സര്‍വേ പറയുന്നു.

ഉറക്കമില്ലായ്മയോ അമിതമായ ജോലി ഭാരമോ കാരണം ഒരു ക്രൂ അംഗത്തിന്റെ ജാഗ്രതയെയോ വിമാനം സുരക്ഷിതമായി പ്രവര്‍ത്തിപ്പിക്കാനുള്ള കഴിവിനേയോ ബാധിക്കുന്നതിനെയാണ് ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ ക്ഷീണമെന്ന് നിര്‍വചിക്കുന്നത്. മാനസികമോ ശാരീരികമോ ആയ പ്രകടനശേഷി കുറയുന്നതിന്റെ അവസ്ഥയാണത്.

- Advertisement -
Ad image

വിമാന അപകടങ്ങളിലും സംഭവങ്ങളിലും പറയപ്പെടുന്ന പ്രധാന കാരണങ്ങളിലൊന്ന് ക്ഷീണമാണ്. 158 പേരുടെ മരണത്തിനിടയാക്കിയ 2010-ലെ മംഗലാപുരം അപകടത്തില്‍ ഇത് ഒരു പ്രധാന കാരണമായിരുന്നു. 2 മണിക്കൂര്‍ 5 മിനിറ്റ് ഫ്‌ളൈറ്റില്‍ 1 മണിക്കൂര്‍ 40 മിനിറ്റ് ക്യാപ്റ്റന്‍ ഉറങ്ങുകയായിരുന്നെന്നാണ് കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ സൂചിപ്പിച്ചത്.

ക്ഷീണത്തിനുള്ള 74 ശതമാനം കാരണം പൈലറ്റുമാര്‍ രാവിലെ പുറപ്പെടുന്നതാണെന്ന് എന്‍ ജി ഒയുടെ സ്ഥാപകന്‍ ക്യാപ്റ്റന്‍ അമിത് സിംഗ് പറഞ്ഞു: രാവിലെ ആറു മണിക്ക് വിമാനം പുറപ്പെടുന്നതിന് റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ടെങ്കില്‍ അവര്‍ എപ്പോള്‍ എഴുന്നേല്‍ക്കും എന്നതിനെക്കുറിച്ചുള്ള സര്‍വേയിലെ ചോദ്യത്തിന് പുലര്‍ച്ചെ മൂന്നിനും മൂന്നരയ്ക്കും ഇടയില്‍ എന്നാണ് ഭൂരിഭാഗം ജീവനക്കാരും പ്രതികരിച്ചത്. വിശ്രമത്തിന്റെ ഏറ്റവും നിര്‍ണായക സമയത്ത് ശരീര ഘടികാരം തടസ്സപ്പെടുന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!