
ദോഹ: രാജ്യത്തെ മികച്ച പ്രതിഭകളെ, പ്രത്യേകിച്ച് ഖത്തരികളെയും ഖത്തറില്‍ ജനിച്ചവരെയും താമസക്കാരെയും വിദ്യാഭ്യാസ മേഖലയിലേക്ക് ആകര്‍ഷിക്കുന്നത് മേഖലയുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി ലുല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതര്‍ പറഞ്ഞു.

വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി മികച്ച പ്രതിഭകളെ കണ്ടെത്തി പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് വിപുലമാക്കിവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

‘തലമുറകളെ പരിപോഷിപ്പിക്കുന്ന സമര്‍പ്പണം’ എന്ന പ്രമേയത്തില്‍ വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച ലോക അധ്യാപക ദിനം 2026ന്റെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.
പ്രത്യേക വിദ്യാഭ്യാസം ഉള്‍പ്പെടെ വിവിധ വിഷയങ്ങളിലെ ബാച്ചിലര്‍ ഓഫ് എജ്യുക്കേഷന്‍ പ്രോഗ്രാമുകള്‍ വിദ്യാഭ്യാസ മന്ത്രാലയവും ഖത്തര്‍ സര്‍വകലാശാലയും സമഗ്രമായി പുനഃപരിശോധിച്ചിട്ടുണ്ടെന്ന് അല്‍ ഖാതര്‍ പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങളിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ മേഖലയ്ക്കനുസരിച്ച് മുന്നേറുന്നതിനുമായി പുതുക്കിയ അക്കാദമിക് പാതകള്‍ ഉടന്‍ ആരംഭിക്കുമെന്നും അവര്‍ അറിയിച്ചു.
വിദ്യാഭ്യാസ മേഖലയ്ക്ക് പ്രധാനമന്ത്രി കൂടിയായ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ താനിയുടെ നിരന്തര പിന്തുണയ്ക്ക് മന്ത്രി നന്ദി അറിയിച്ചു. ഖത്തരികളെയും രാജ്യത്തെ താമസക്കാരെയും അധ്യാപകവൃത്തിയിലേക്ക് ആകര്‍ഷിക്കുന്നതില്‍ അദ്ദേഹം പുലര്‍ത്തുന്ന താത്പര്യവും അവര്‍ ചൂണ്ടിക്കാട്ടി. അധ്യാപകരിലും രാജ്യത്തിന്റെ പുരോഗതിയില്‍ അവരുടെ പങ്കിലും പ്രധാനമന്ത്രി പുലര്‍ത്തുന്ന വിശ്വാസമാണ് ഇതിന് പിന്നിലെന്നും അല്‍ ഖാതര്‍ പറഞ്ഞു.
അധ്യാപകരുടെ പദവി ഉയര്‍ത്തുന്നത് ഖത്തര്‍ പരമപ്രധാനമായി കാണുന്ന വിഷയമാണെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ പ്രക്രിയയുടെ നട്ടെല്ലും ദേശീയ വികസനത്തിന്റെ പ്രധാന പങ്കാളികളുമാണ് അധ്യാപകര്‍.
അധ്യാപകര്‍ ക്ലാസില്‍ പകര്‍ന്നുനല്‍കുന്ന അറിവിന്റെ അടിസ്ഥാനത്തില്‍ മാത്രം വിലയിരുത്തപ്പെടേണ്ടവരല്ലെന്നും വര്‍ഷങ്ങളോളം വിദ്യാര്‍ഥികളുടെ മനസ്സില്‍ നിലനില്‍ക്കുന്ന സ്വാധീനമാണ് അവരുടെ യഥാര്‍ഥ സംഭാവനയെന്നും അല്‍ ഖാതര്‍ പറഞ്ഞു. തലമുറകളെ രൂപപ്പെടുത്തുന്നതിലും രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നതിലും അധ്യാപകര്‍ വഹിക്കുന്ന വലിയ ഉത്തരവാദിത്തവും പങ്കും ഇതിലൂടെ വ്യക്തമാകുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് അടുത്തിടെ ഉണ്ടായ അസാധാരണ സാഹചര്യങ്ങളില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നടത്തിയ കൂട്ടായ പരിശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു. വിദ്യാഭ്യാസത്തിന്റെ തുടര്‍ച്ച ഉറപ്പാക്കാനും വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതവും ശാന്തവുമായ അന്തരീക്ഷം ഒരുക്കാനും അധ്യാപകര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവര്‍ അനുസ്മരിച്ചു.
ആ ഘട്ടത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്തവരില്‍ അധ്യാപകര്‍ മുന്‍നിരയിലുണ്ടായിരുന്നുവെന്ന് അല്‍ ഖാതര്‍ പറഞ്ഞു. വിദ്യാഭ്യാസ ദൗത്യം തുടരുന്നതിനൊപ്പം വിദ്യാര്‍ഥികള്‍ക്ക് പിന്തുണ നല്‍കുകയും സുരക്ഷാ, ഒഴിപ്പിക്കല്‍ നടപടികളില്‍ പരിശീലനം നല്‍കുകയും ചെയ്തു. അധ്യാപകരെന്ന നിലയിലുള്ള അവരുടെ പങ്കിനൊപ്പം മാതൃകകളും മാര്‍ഗദര്‍ശികളുമായുള്ള സ്ഥാനവും ഇതിലൂടെ തെളിയിച്ചതായി മന്ത്രി വ്യക്തമാക്കി.
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഐക്യരാഷ്ട്ര പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയ പ്രതിരോധശേഷിയുടെ ആശയമാണ് അധ്യാപകരുടെ പ്രവര്‍ത്തനത്തിലൂടെ പ്രതിഫലിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആസൂത്രണം, തയ്യാറെടുപ്പ്, ജനങ്ങളിലും ദേശീയ ശേഷികളിലുമുള്ള നിക്ഷേപം എന്നിവയില്‍നിന്നാണ് പ്രതിരോധശേഷി രൂപപ്പെടുന്നതെന്നായിരുന്നു അമീറിന്റെ വാക്കുകളെന്നും അല്‍ ഖാതര്‍ പറഞ്ഞു. അധ്യാപകര്‍ ഈ ദേശീയ നിക്ഷേപത്തിന്റെ മികച്ച മാതൃകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഖത്തറില്‍ അധ്യാപകര്‍ക്ക് ഉയര്‍ന്ന സാമൂഹിക പരിഗണനയുണ്ടെന്നും മന്ത്രി പറഞ്ഞു. അന്തരിച്ച പിതൃഅമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനി തന്റെ അധ്യാപകരോട് പുലര്‍ത്തിയിരുന്ന ആദരവും അനുകൂല സമീപനവും അവര്‍ അനുസ്മരിച്ചു. പണ്ഡിതരെയും അറിവിനെയും ആദരിക്കുന്ന ദീര്‍ഘകാല പാരമ്പര്യമാണ് ഖത്തര്‍ സമൂഹത്തില്‍ തലമുറകളായി നിലനില്‍ക്കുന്നതെന്നും അല്‍ ഖാതര്‍ പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിലേക്ക് യോഗ്യരായ ദേശീയ പ്രതിഭകളെ എത്തിക്കുന്നതില്‍ ‘തുമൂഹ്’ പദ്ധതി ഫലപ്രദമായ പങ്ക് വഹിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതുവരെ പദ്ധതിയിലൂടെ 1,766 അധ്യാപകര്‍ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 1,147 പേര്‍ നിലവില്‍ പദ്ധതിയുടെ ഭാഗമായി പഠനം തുടരുകയാണ്.
വിദ്യാഭ്യാസ വിഷയങ്ങളിലെ പുരുഷ വിദ്യാര്‍ഥികളുടെ പ്രവേശനവും ഗണ്യമായി വര്‍ധിച്ചു. മൂന്ന് വര്‍ഷം മുമ്പ് 16 പേര്‍ മാത്രമായിരുന്ന പുരുഷ വിദ്യാര്‍ഥികളുടെ എണ്ണം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 300ലേറെയായി. ഖത്തരി വനിതകളുടെ മക്കള്‍, ഖത്തര്‍ തിരിച്ചറിയല്‍ രേഖയുള്ളവര്‍, സ്ഥിരതാമസക്കാര്‍ എന്നിവര്‍ക്കും പദ്ധതിയില്‍ പ്രവേശനം അനുവദിച്ചതായും മന്ത്രി പറഞ്ഞു.
വിവിധ അക്കാദമിക് മേഖലകളില്‍നിന്നുള്ളവര്‍ക്ക് അധ്യാപകവൃത്തിയിലേക്ക് പ്രവേശിക്കാന്‍ അവസരം നല്‍കുന്നതിനായി ‘തമ്ഹീന്‍’ പദ്ധതിയും മന്ത്രാലയം നടപ്പാക്കുന്നുണ്ട്. ഇതുവരെ ഏഴ് പരിശീലന ബാച്ചുകളിലായി 197 പേര്‍ പദ്ധതി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
‘ടീച്ച് ഫോര്‍ ഖത്തര്‍’ സംഘടനയുമായുള്ള പങ്കാളിത്തവും മന്ത്രി പ്രശംസിച്ചു. പദ്ധതി ആരംഭിച്ചതിന് ശേഷം വിവിധ അക്കാദമിക് പശ്ചാത്തലങ്ങളില്‍നിന്നുള്ള 575 പേരെ പൊതുവിദ്യാലയങ്ങളിലേക്ക് അധ്യാപകരായി എത്തിക്കാന്‍ സംഘടനയ്ക്ക് കഴിഞ്ഞു. എന്‍ജിനീയറിങ്, മെഡിസിന്‍, ഫാര്‍മസി, ഇസ്ലാമിക് സ്റ്റഡീസ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവരും ഇതില്‍ ഉള്‍പ്പെടുന്നു.
ഈ വര്‍ഷം മാത്രം മന്ത്രാലയത്തിന്റെ പരിശീലന, വികസന കേന്ദ്രത്തിന്റെ വിവിധ പദ്ധതികളിലൂടെ 33,000ത്തിലേറെ അധ്യാപകരും സ്‌കൂള്‍ മേധാവികളും പിന്തുണാ ജീവനക്കാരും പ്രയോജനം നേടിയതായി അല്‍ ഖാതര്‍ പറഞ്ഞു. 1,466 പ്രൊഫഷണല്‍ ലൈസന്‍സുകളും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്ക് അനുവദിച്ചു.
‘ഖിബ്രാത്’ പദ്ധതിയിലൂടെ അധ്യാപകര്‍ക്ക് വിവിധ വിദ്യാഭ്യാസ അനുഭവങ്ങള്‍ നേരിട്ട് മനസ്സിലാക്കാനും അവ ‘ഇന്നൊവേഷന്‍ ലീഡേഴ്‌സ്’ പദ്ധതിയിലൂടെ സഹപ്രവര്‍ത്തകരുമായി പങ്കുവെക്കാനും അവസരം ലഭിക്കുന്നുണ്ട്. സ്‌കൂളുകള്‍ നേരിടുന്ന വിദ്യാഭ്യാസ വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നതിനായി പദ്ധതിയിലൂടെ 105 നൂതന ആശയങ്ങളും പദ്ധതികളും ഇതിനകം നടപ്പാക്കിയതായും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ അംഗീകാരം നേടിയ അധ്യാപകരെ പ്രതിനിധീകരിച്ച് യര്‍മൂക്ക് സ്‌കൂളിലെ കായികാധ്യാപകന്‍ ഖമീസ് അല്‍ കുവാരി സംസാരിച്ചു. ചടങ്ങിന് നേതൃത്വം നല്‍കിയ പ്രധാനമന്ത്രി കൂടിയായ വിദേശകാര്യ മന്ത്രിക്ക് അദ്ദേഹം നന്ദി അറിയിച്ചു. രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാര്‍ക്ക് മന്ത്രാലയം നല്‍കുന്ന നിരന്തര പിന്തുണയെയും അദ്ദേഹം പ്രശംസിച്ചു.
അറിവ് പകര്‍ന്നുനല്‍കുന്നതില്‍ മാത്രം അധ്യാപകവൃത്തിയുടെ ഉത്തരവാദിത്തം ഒതുങ്ങുന്നില്ലെന്നും ഭാവിതലമുറയുടെ സ്വഭാവരൂപീകരണത്തിലും അച്ചടക്കം, പ്രതിബദ്ധത, കായികമനോഭാവം തുടങ്ങിയ മൂല്യങ്ങള്‍ വളര്‍ത്തുന്നതിലും അധ്യാപകര്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും അല്‍ കുവാരി പറഞ്ഞു. അധ്യാപകരുടെ സ്വാധീനം വര്‍ഷങ്ങളോളം തലമുറകളെ രൂപപ്പെടുത്തുന്നതില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

