

ദുബൈ: യു എ ഇയുടെ ചാന്ദ്ര പേടകം റാഷിദ് റോവറിനെ വഹിച്ച ജപ്പാന്റെ ഐ സ്പേസിന്റെ വാഹനം ചന്ദ്രനില്‍ ഇറങ്ങിയെങ്കിലും അവസാനഘട്ടത്തില്‍ ഭൂമിയുമായുള്ള ബന്ധം നിലച്ചു. യു എ ഇയുടെ ചാന്ദ്ര പര്യവേഷണ റോവര്‍ റാഷിദ് വഹിച്ച ജപ്പാന്റെ വാഹനമാണ് ചന്ദ്രനിലിറങ്ങിയത്. ഏകദേശം ഒരു മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിലൂടെയാണ് ചന്ദ്രോപരിതലത്തില്‍ യു എ ഇ സമയം ചൊവ്വാഴ്ച രാത്രി 8.40ന് വാഹനം ഇറങ്ങിയത്. ആറു ഘട്ടങ്ങളിലായി നടത്തിയ ശ്രമത്തില്‍ എല്ലാ ഘട്ടങ്ങളും വിജയകരമായിരുന്നുവെങ്കിലും അവസാനം സംഭവിച്ച കാര്യങ്ങള്‍ വ്യക്തമായില്ല.

യു എസിനും സോവിയറ്റ് യൂനിയനും ചൈനയ്ക്കും ശേഷം ചന്ദ്രനില്‍ സുരക്ഷിതമായി പേടകം ഇറക്കുന്ന നാലാമത്തെ രാജ്യമെന്ന നേട്ടം യു എ ഇക്ക് സ്വന്തമാകേണ്ടതായിരുന്നു. എന്നാല്‍ ദൗത്യം പരാജയപ്പെട്ടതോടെ സ്ഥാനവും യു എ ഇക്ക് നഷ്ടമായി.

ചന്ദ്രനിലേക്കുള്ള വാണിജ്യ കാര്‍ഗോ ദൗത്യത്തില്‍ ഏര്‍പ്പെടുന്ന ആദ്യത്തെ കമ്പനിയാണ് ജപ്പാന്റെ ഐ സ്‌പേസ്. ഡിസംബര്‍ 11ന് വിക്ഷേപിച്ച റാഷിദ് റോവര്‍ കഴിഞ്ഞ മാസം അവസാനത്തിലാണ് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിയത്. ചരിത്രദൗത്യം വീട്ടിലിരുന്നും മൊബൈലിലും കാണാന്‍ മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്റര്‍ സൗകര്യം ഒരുക്കിയിരുന്നു.

