
ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ടെലിഫോണില്‍ സംസാരിച്ചു.

പ്രാദേശിക സാഹചര്യങ്ങളിലെ പുതിയ സംഭവവികാസങ്ങളാണ് ഇരുവരും പ്രധാനമായും ചര്‍ച്ച ചെയ്തത്. പ്രത്യേകിച്ച് അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷാവസ്ഥ ലഘൂകരിക്കുന്നതിനും ഇരുരാജ്യങ്ങളുടെയും നിലപാടുകള്‍ കൂടുതല്‍ അടുപ്പിക്കുന്നതിനുമായി നടക്കുന്ന നയതന്ത്രശ്രമങ്ങള്‍ വിലയിരുത്തി. പ്രതിസന്ധിക്ക് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നയതന്ത്രപരമായ പരിഹാരം കണ്ടെത്താനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ഇരുവരും അഭിപ്രായങ്ങള്‍ പങ്കുവെച്ചു.

അമീറിന്റെ നേതൃത്വത്തില്‍ നയതന്ത്രശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ബന്ധപ്പെട്ട കക്ഷികള്‍ തമ്മില്‍ സംഭാഷണം സുഗമമാക്കുകയും ചെയ്യുന്ന ഖത്തറിന്റെ പങ്കിനെ പ്രസിഡന്റ് ട്രംപ് അഭിനന്ദിച്ചു. മേഖലയിലെ സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതില്‍ ഖത്തറിന്റെ ഇടപെടല്‍ നിര്‍ണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഘര്‍ഷ വിഷയങ്ങള്‍ പരിഹരിക്കാന്‍ സംഭാഷണവും നയതന്ത്ര മാര്‍ഗങ്ങളും തുടരേണ്ടതിന്റെ പ്രാധാന്യം അമീര്‍ ഊന്നിപ്പറഞ്ഞു. അമേരിക്കയും ഇറാനും തമ്മില്‍ നിലവിലുള്ള ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ കൈവരിച്ച കരാറുകള്‍ എല്ലാ കക്ഷികളും പാലിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി. മേഖലയില്‍ സംഘര്‍ഷം നിയന്ത്രിക്കുന്നതിനും പ്രാദേശിക- അന്തര്‍ദേശീയ തലങ്ങളില്‍ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനുമായി അന്താരാഷ്ട്ര സമൂഹത്തിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നും അമീര്‍ ആവശ്യപ്പെട്ടു.
പരസ്പര താത്പര്യമുള്ള മറ്റ് നിരവധി വിഷയങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. പ്രാദേശികവും അന്തര്‍ദേശീയവുമായ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തുടര്‍ന്നും ഏകോപനവും കൂടിയാലോചനയും ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ഇരുവരും ആവര്‍ത്തിച്ചു.

