
ദോഹ: ഖത്തറില്‍ ബുധനാഴ്ച ചിലയിടങ്ങളില്‍ മഴയ്ക്കും ഒറ്റപ്പെട്ട ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം രാജ്യത്ത് പലയിടങ്ങളിലും അതിതീവ്ര ചൂട് അനുഭവപ്പെടുമെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കി.

അതിരാവിലെ ചില പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞിനും നേരിയ മഞ്ഞിനും സാധ്യതയുണ്ടാകും. തുടര്‍ന്ന് പകല്‍ അതിതീവ്ര ചൂട് അനുഭവപ്പെടും. പ്രാദേശികമായി രൂപപ്പെടുന്ന മഴമേഘങ്ങള്‍ ചിലയിടങ്ങളില്‍ മഴയ്ക്ക് കാരണമായേക്കും. രാത്രിയോടെ ഈര്‍പ്പത്തിന്റെ തോതും താരതമ്യേന വര്‍ധിക്കുമെന്നാണ് പ്രവചനം.

ഖത്തര്‍ കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ റഡാര്‍ ചിത്രങ്ങള്‍ പ്രകാരം രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലകളില്‍ മഴമേഘങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇവ ചില സമയങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയായി ശക്തിപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വകുപ്പ് നിര്‍ദേശിച്ചു.
മൂടല്‍മഞ്ഞ് മൂലം അതിരാവിലെ ഉള്‍പ്രദേശങ്ങളില്‍ തിരശ്ചീന ദൃശ്യപരത കുറയാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

