ഉത്തരവാദിത്തമുള്ള ഡിജിറ്റല്‍ ഉള്ളടക്കം പ്രോത്സാഹിപ്പിക്കാന്‍ ഖത്തര്‍ മീഡിയ കോര്‍പറേഷന്റെ ‘നഹ്ജ്’ പദ്ധതി

Web Desk
3 Min Read

ദോഹ: സാമൂഹിക മാധ്യമങ്ങളിലൂടെ ഉത്തരവാദിത്തമുള്ള ഡിജിറ്റല്‍ ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്നതിനും ദേശീയ സ്വത്വവും മൂല്യങ്ങളും ശക്തിപ്പെടുത്തുന്നതിനുമായി ഖത്തര്‍ മീഡിയ കോര്‍പറേഷന്‍ പുതിയ സംരംഭത്തിന് തുടക്കമിട്ടു. ‘നഹ്ജ്’ (സമീപനം) എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് ദോഹയില്‍ തുടക്കമായി.

city exchange

ഖത്തര്‍ സര്‍വകലാശാല, വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബന്ധപ്പെട്ട മറ്റു സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് മൂന്നുമാസം നീളുന്ന പദ്ധതി നടപ്പാക്കുന്നത്.

ഡിജിറ്റല്‍ ഉള്ളടക്ക സ്രഷ്ടാക്കള്‍, സ്‌കൂള്‍- സര്‍വകലാശാല വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ എന്നിവരെ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായി സെമിനാറുകള്‍, ശില്‍പശാലകള്‍, ഉള്ളടക്ക സ്രഷ്ടാക്കളുമായുള്ള കൂടിക്കാഴ്ചകള്‍, വിവിധ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലെ മാധ്യമ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിക്കും.

സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പുലര്‍ത്തേണ്ട ജാഗ്രതയും ഡിജിറ്റല്‍ ഉള്ളടക്ക സ്രഷ്ടാക്കളുടെ ഉത്തരവാദിത്തങ്ങളും സംബന്ധിച്ച് പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ വിദഗ്ധര്‍ പങ്കെടുത്ത ചര്‍ച്ച നടന്നു. ഗുണകരവും ദോഷകരവുമായ ഉള്ളടക്കങ്ങള്‍ തിരിച്ചറിയുക, സ്വകാര്യത സംരക്ഷിക്കുക, ഉള്ളടക്ക സ്രഷ്ടാക്കളും ഉപയോക്താക്കളും സ്വയം നിയന്ത്രണം പാലിക്കുക തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി.

- Advertisement -
Ad image

നഹ്ജ് പദ്ധതിയിലൂടെ സമൂഹത്തോടും ഡിജിറ്റല്‍ പരിസ്ഥിതിയോടുമുള്ള ഖത്തര്‍ മീഡിയ കോര്‍പറേഷന്റെ ഉത്തരവാദിത്തമാണ് പ്രതിഫലിക്കുന്നതെന്ന് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്ന മുഹമ്മദ് അല്‍ മര്‍റി പറഞ്ഞു. ദേശീയ സ്വത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഉള്ളടക്കങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ കൂടുതല്‍ ബോധപൂര്‍വവും ഉത്തരവാദിത്തപൂര്‍ണവുമായ ഉപയോഗം ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ മാറിക്കൊണ്ടിരുന്നാലും ഓണ്‍ലൈന്‍ ഇടപെടലുകളെ നയിക്കുന്ന മൂല്യങ്ങള്‍ സ്ഥിരമായി നിലനില്‍ക്കണമെന്ന് അല്‍ മര്‍റി പറഞ്ഞു. പ്രസിദ്ധീകരിക്കുന്ന ഓരോ വാക്കിനും ഉത്തരവാദിത്തമുണ്ടെന്നും ഡിജിറ്റല്‍ ഉള്ളടക്കത്തിന് വ്യക്തികളിലും സമൂഹത്തിലും സ്വാധീനം ചെലുത്താനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡിജിറ്റല്‍ മേഖലയില്‍ സംഭവിക്കുന്ന മാറ്റങ്ങളെ നേരിടാനും ഖത്തറിന്റെ സാമൂഹിക മൂല്യങ്ങളും സാംസ്‌കാരിക സ്വത്വവും പ്രതിഫലിപ്പിക്കുന്ന ഉള്ളടക്കം സൃഷ്ടിക്കാനും ആവശ്യമായ അറിവും കഴിവുകളും ഉള്ളടക്ക സ്രഷ്ടാക്കള്‍ക്ക് നല്‍കാനും പദ്ധതി ലക്ഷ്യമിടുന്നു. ഡിജിറ്റല്‍ ലോകത്തെ അപകടസാധ്യതകളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും ഗുണകരവും ദോഷകരവുമായ ഉള്ളടക്കങ്ങള്‍ തിരിച്ചറിയാന്‍ ഉപയോക്താക്കളെ പ്രാപ്തരാക്കുന്നതിനും നഹ്ജ് സഹായിക്കുമെന്ന് അല്‍ മര്‍റി പറഞ്ഞു.

അക്കാദമിക് വിദഗ്ധര്‍, ഗവേഷകര്‍, ഡിജിറ്റല്‍ ഉള്ളടക്ക സ്രഷ്ടാക്കള്‍ എന്നിവര്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖത്തര്‍ സര്‍വകലാശാല ആതിഥേയത്വം വഹിച്ച ഉദ്ഘാടനച്ചടങ്ങില്‍, സമൂഹത്തിന് പ്രയോജനകരമായ അറിവ് അധിഷ്ഠിത സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ അക്കാദമിക് സ്ഥാപനങ്ങള്‍ക്കുള്ള പങ്ക് സംഘാടകര്‍ എടുത്തുപറഞ്ഞു.

പദ്ധതിയുടെ ഭാഗമായി ഖത്തര്‍ മീഡിയ കോര്‍പറേഷന്റെ ഡിജിറ്റല്‍ മീഡിയ ഓഫീസ് മാധ്യമ ഉള്ളടക്കങ്ങളും വീഡിയോകളും തയ്യാറാക്കും. പദ്ധതിയുടെ പ്രവര്‍ത്തനങ്ങളും പുതിയ വിവരങ്ങളും കോര്‍പറേഷന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെക്കും.

ചര്‍ച്ചയില്‍ പങ്കെടുത്ത ഖത്തറിലെ പ്രമുഖ വിദ്യാഭ്യാസ ഉപദേഷ്ടാവ് ഡോ. അബ്ദുറഹ്മാന്‍ അല്‍ ഹര്‍മി, ഡിജിറ്റല്‍ ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിലെ ഉത്തരവാദിത്തവും അതിന്റെ ആധികാരികത പരിശോധിക്കേണ്ടതിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി. ഉള്ളടക്കം പരിശോധിച്ചുറപ്പിക്കുന്നത് മതപരമായ ബാധ്യത മാത്രമല്ല, സാമൂഹിക ഉത്തരവാദിത്തം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.

പുതുതലമുറയ്ക്ക് ബൗദ്ധിക സംരക്ഷണം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഉന്നതമായ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കാനും നിയന്ത്രണങ്ങളില്ലാത്ത തുറന്ന ഡിജിറ്റല്‍ ലോകത്തില്‍നിന്ന് വളര്‍ന്നുവരുന്ന തലമുറയെ സംരക്ഷിക്കുന്നതില്‍ സമൂഹവും കുടുംബങ്ങളും തങ്ങളുടെ പങ്ക് നിര്‍വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഖത്തര്‍ സര്‍വകലാശാലയിലെ ഡോ. താലിബ് അല്‍ അഥ്ബയും സാമൂഹിക മാധ്യമ സ്വാധീനകര്‍ത്താക്കള്‍ ഉത്തരവാദിത്തത്തോടെ ഇടപെടേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി. അവരുടെ ഉള്ളടക്കം വലിയൊരു വിഭാഗം ഉപയോക്താക്കളിലേക്ക് എത്തുന്നതിനാല്‍ വ്യക്തമായ സന്ദേശവും കാഴ്ചപ്പാടും അവര്‍ക്കുണ്ടാകണം. ഡിജിറ്റല്‍ ഇടത്തില്‍ സാന്നിധ്യം നിലനിര്‍ത്തുക എന്നതിലുപരി കൂട്ടായ ഉള്ളടക്ക സൃഷ്ടിക്കാണ് നഹ്ജ് പദ്ധതി പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

റോസ പബ്ലിഷിങ് ഹൗസ് സി ഇ ഒ ഡോ. ആയിഷ അല്‍ കുവാരിയും ദേശീയ സ്വത്വവും മൂല്യങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. അറബി ഭാഷയോടുള്ള അഭിമാനവും സ്വത്വബോധവും നിലനിര്‍ത്തിക്കൊണ്ടുള്ള സമീപനമാണ് വേണ്ടതെന്ന് അവര്‍ പറഞ്ഞു. സമൂഹത്തെ പ്രതിഫലിപ്പിക്കുന്നതോടൊപ്പം അതിന്റെ സവിശേഷതകള്‍ സംരക്ഷിക്കുന്ന ഉള്ളടക്കം സൃഷ്ടിക്കുന്നതിന് ഈ ഘടകങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും നഹ്ജ് പദ്ധതിയുടെ വിജയം കൂട്ടായ പ്രവര്‍ത്തനത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.

പദ്ധതിയുടെ അംബാസഡര്‍മാരില്‍ ഒരാളായ ഫിദാഉദ്ദീന്‍ യഹ്യ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ ഏത് തരത്തിലുള്ള ഉള്ളടക്കവും എളുപ്പത്തില്‍ പങ്കുവെക്കാനാകുന്ന സാഹചര്യം വിശദീകരിച്ചു. പ്രശസ്തി നേടാനുള്ള മനുഷ്യന്റെ സ്വാഭാവിക ആഗ്രഹം ഇത്തരം പ്ലാറ്റ്ഫോമുകളെ അതിനുള്ള മാര്‍ഗങ്ങളാക്കി മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക നേട്ടവും പ്രേക്ഷകരില്‍നിന്നുള്ള സ്വാധീനവും ഉള്ളടക്ക സ്രഷ്ടാവിന്റെ മനോഭാവത്തിലും വ്യക്തിത്വത്തിലും മാറ്റങ്ങള്‍ വരുത്താമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചുറ്റുപാടുകളെ സ്വാധീനിക്കുന്ന വ്യക്തിയാകേണ്ട ഒരാള്‍, ക്രമേണ ചുറ്റുപാടുകളുടെ സ്വാധീനത്തിന് വിധേയനാകുന്ന സാഹചര്യം ഉണ്ടായേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!