ഖത്തര്‍- മെക്‌സിക്കോ മൂന്നാംഘട്ട രാഷ്ട്രീയ കൂടിയാലോചന നടത്തി

Web Desk
1 Min Read

മെക്‌സിക്കോ സിറ്റി: ഖത്തറും മെക്‌സിക്കോയും തമ്മിലുള്ള മൂന്നാംഘട്ട രാഷ്ട്രീയ കൂടിയാലോചനകള്‍ മെക്‌സിക്കോ സിറ്റിയില്‍ നടന്നു. ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയങ്ങള്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഉഭയകക്ഷി സഹകരണം, വ്യാപാരം, നിക്ഷേപം തുടങ്ങിയ വിഷയങ്ങള്‍ പ്രധാനമായും ചര്‍ച്ച ചെയ്തു.

city exchange

ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍ മുറൈഖിയും മെക്‌സിക്കോ വിദേശകാര്യ സെക്രട്ടറി റോബര്‍ട്ടോ വെലാസ്‌കോ അല്‍വാരസും അതത് രാജ്യങ്ങളുടെ പ്രതിനിധി സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കി.

വ്യാപാര- നിക്ഷേപ മേഖലകളില്‍ ഖത്തറും മെക്‌സിക്കോയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇരുപക്ഷവും ചര്‍ച്ച ചെയ്തു. 2026ലെ ഖത്തര്‍- മെക്‌സിക്കോ സാംസ്‌കാരിക വര്‍ഷവുമായി ബന്ധപ്പെട്ട പരിപാടികളും പദ്ധതികളും കൂടിക്കാഴ്ചയില്‍ അവലോകനം ചെയ്തു.

പ്രാദേശിക മേഖലയിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങളെക്കുറിച്ചും ഇരുപക്ഷവും അഭിപ്രായങ്ങള്‍ കൈമാറി. മധ്യസ്ഥതയുമായി ബന്ധപ്പെട്ട് ഖത്തറും മെക്‌സിക്കോയും തമ്മില്‍ തുടരുന്ന സംവാദവും ചര്‍ച്ചയായി.

- Advertisement -
Ad image

പ്രതിരോധ നയതന്ത്രം, മധ്യസ്ഥത, തര്‍ക്കങ്ങളുടെ സമാധാനപരമായ പരിഹാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സ്വിറ്റ്‌സര്‍ലന്‍ഡുമായും നോര്‍വേയുമായും സഹകരിക്കുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച നടന്നു.

രാഷ്ട്രീയ കൂടിയാലോചനകള്‍ക്ക് സമാപനമായാണ് ഖത്തറും മെക്‌സിക്കോയും സുപ്രധാനമായ രണ്ട് കരാറുകളില്‍ ഒപ്പുവെച്ചത്. നയതന്ത്ര, ഔദ്യോഗിക, പ്രത്യേക പാസ്പോര്‍ട്ടുകള്‍ കൈവശമുള്ളവര്‍ക്ക് വിസ ഒഴിവാക്കുന്നതിനുള്ള കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്.

ഇതിന് പുറമെ നയതന്ത്ര പരിശീലനവും വിദ്യാഭ്യാസവും സംബന്ധിച്ച സഹകരണത്തിനുള്ള ധാരണാപത്രത്തിലും ഖത്തറും മെക്‌സിക്കോയും ഒപ്പുവെച്ചു.

നയതന്ത്ര ഉദ്യോഗസ്ഥരുടെ പരിശീലനം, വിദ്യാഭ്യാസം, അനുഭവവിനിമയം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ധാരണാപത്രം ലക്ഷ്യമിടുന്നു.

Share This Article
Leave a Comment
error: Content is protected !!