ഖത്തറിന്റെ സംസ്‌കാരവും പാചകവൈവിധ്യവും കരകൗശല പാരമ്പര്യവും പരിചയപ്പെടുത്തി സിംഗപ്പൂരിലെ ‘ഗാര്‍ഡന്‍ സൂഖ്’ല്‍ വിസിറ്റ് ഖത്തര്‍

Web Desk
1 Min Read

സിംഗപ്പൂര്‍: ഖത്തറിന്റെ ടൂറിസം പ്രോത്സാഹന ഏജന്‍സിയായ വിസിറ്റ് ഖത്തര്‍ സംഘടിപ്പിച്ച ‘ദ ഗാര്‍ഡന്‍ സൂഖ് ബൈ വിസിറ്റ് ഖത്തര്‍’ പ്രദര്‍ശനം സിംഗപ്പൂരില്‍ വിജയകരമായി സമാപിച്ചു. റാഫിള്‍സ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ 1,700-ലേറെ പേര്‍ പങ്കെടുത്തു. സിംഗപ്പൂരില്‍ ഫോര്‍മുല വണ്‍ (എഫ്1) റേസ് വാരാഘോഷങ്ങള്‍ നടന്ന സമയത്തായിരുന്നു പരിപാടി.

city exchange

ഓഡി റെവല്യൂട്ട് എഫ്1 ടീമിന്റെ പ്രിന്‍സിപ്പല്‍ പാര്‍ട്ണര്‍ എന്ന നിലയില്‍ വിസിറ്റ് ഖത്തര്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഖത്തറിന്റെ പരമ്പരാഗത സൂഖ് സംസ്‌കാരത്തെ ആധുനിക രീതിയില്‍ അവതരിപ്പിച്ച തുറന്ന വേദിയിലൂടെ രാജ്യത്തിന്റെ സംസ്‌കാരം, ഭക്ഷണവിഭവങ്ങള്‍, കരകൗശല പാരമ്പര്യം എന്നിവ സിംഗപ്പൂര്‍ നിവാസികള്‍ക്കും വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ റേസ് സന്ദര്‍ശകര്‍ക്കും പരിചയപ്പെടുത്തി.

ഓഡി റെവല്യൂട്ട് എഫ്1 ടീമിന്റെ ഡ്രൈവര്‍മാരായ നിക്കോ ഹുല്‍ക്കന്‍ബര്‍ഗും ഗബ്രിയേല്‍ ബൊര്‍ട്ടൊലെറ്റോയും പരിപാടി സന്ദര്‍ശിച്ചു. ഖത്തറിന്റെ പരമ്പരാഗത ഭക്ഷണവിഭവങ്ങള്‍ രുചിച്ചറിഞ്ഞ ഇരുവരും വിവിധ പ്രദര്‍ശന മേഖലകളും പരിചയപ്പെട്ടു.

മൂന്നു ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ അതിഥികള്‍ക്ക് അറബിക് കാപ്പിയും ഈന്തപ്പഴവും ആസ്വദിക്കാനും ‘ദ മജ്‌ലിസ്’ വേദിയില്‍ തത്സമയ ഊദ് സംഗീതം കേള്‍ക്കാനും അവസരമൊരുക്കി. ‘ഫ്‌ളേവേഴ്‌സ് ഓഫ് ഖത്തര്‍’ വിഭാഗത്തില്‍ ഖത്തറിന്റെ തനത് ഭക്ഷണവിഭവങ്ങള്‍ പരിചയപ്പെടുത്തി.

- Advertisement -
Ad image

‘ദ ആര്‍ട്ടിസന്‍സ് വര്‍ക്ക്ഷോപ്പില്‍’ സന്ദര്‍ശകര്‍ക്ക് വ്യക്തിഗത ഇഷ്ടാനുസരണം തുകല്‍ അലങ്കാരവസ്തുക്കള്‍ തയ്യാറാക്കാനുള്ള സൗകര്യം ലഭിച്ചു. ‘ദ ദോഹ സ്റ്റാമ്പ്’ വിഭാഗത്തില്‍ തൊപ്പികള്‍ ഇഷ്ടാനുസരണം രൂപകല്‍പ്പന ചെയ്യാനും ‘സെന്റ്‌സ് ഓഫ് ഖത്തര്‍’ വിഭാഗത്തില്‍ സ്വന്തം ഇഷ്ടത്തിനനുസരിച്ച് സുഗന്ധദ്രവ്യങ്ങളുടെ മിശ്രിതം തയ്യാറാക്കാനും അവസരമൊരുക്കി.

ഖത്തറിന്റെ സാംസ്‌കാരിക വ്യക്തിത്വം ആഗോളതലത്തില്‍ അവതരിപ്പിക്കുക, രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതല്‍ പ്രചാരം നല്‍കുക, പ്രധാന അന്താരാഷ്ട്ര വിപണികളിലെ പുതിയ സന്ദര്‍ശകരിലേക്ക് എത്തിച്ചേരുക എന്നിവയാണ് ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് വിസിറ്റ് ഖത്തര്‍ വ്യക്തമാക്കി.

അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടുന്ന കായികമേളകളുമായുള്ള പങ്കാളിത്തം പ്രയോജനപ്പെടുത്തി ഖത്തറിന്റെ വിനോദസഞ്ചാര സാധ്യതകള്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ദീര്‍ഘകാല തന്ത്രത്തിന്റെ ഭാഗമാണ് ‘ദ ഗാര്‍ഡന്‍ സൂഖ്’ പരിപാടി.

Share This Article
Leave a Comment
error: Content is protected !!