
ദോഹ: സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനവും അംഗങ്ങളുടെ തെരഞ്ഞെടുപ്പും നിയന്ത്രിക്കുന്ന രണ്ട് നിയമങ്ങളുടെ കരട് ബില്ലുകള്‍ക്ക് ഖത്തര്‍ മന്ത്രിസഭ അംഗീകാരം നല്കി. മേഖലയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കുന്ന തരത്തില്‍ കുവൈത്തിനും ബഹ്റൈനുമെതിരെ ഇറാന് നടത്തുന്ന ആക്രമണങ്ങളെയും മന്ത്രിസഭ ശക്തമായി അപലപിച്ചു.

ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിന്‍ അബ്ദുറഹ്മാന് ബിന്‍ ഹസന് അല്‍താനിയുടെ അധ്യക്ഷതയില്‍ അമീരി ദിവാനില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍.

യോഗത്തിനുശേഷം നീതിന്യായ മന്ത്രിയും മന്ത്രിസഭാകാര്യ സഹമന്ത്രിയുമായ ഇബ്രാഹിം ബിന്‍ അലി അല്‍ മുഹന്നദി വാര്‍ത്താക്കുറിപ്പിലൂടെയാണ് തീരുമാനങ്ങള്‍ അറിയിച്ചത്.
തുര്‍ക്കിയിലെ അന്റാലിയയില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന ചട്ടക്കൂട് കണ്‍വെന്‍ഷന്റെ 31-ാമത് കക്ഷികളുടെ സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തതിനെ മന്ത്രിസഭ അഭിനന്ദിച്ചു.
ആഗോള കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിലും കാലാവസ്ഥാ വെല്ലുവിളികള്‍ നേരിടുന്നതിനുള്ള രാജ്യാന്തര കൂട്ടായ്മകളില്‍ സജീവ പങ്കാളിത്തം വഹിക്കുന്നതിലും ഖത്തറിന്റെ പ്രതിബദ്ധതയാണ് അമീറിന്റെ പങ്കാളിത്തം വ്യക്തമാക്കുന്നതെന്ന് മന്ത്രിസഭ വിലയിരുത്തി. സുസ്ഥിര വികസനത്തിനായുള്ള രാജ്യത്തിന്റെ വിവിധ സംരംഭങ്ങളും സംഭാവനകളും ഇതിന്റെ ഭാഗമാണെന്നും യോഗം ചൂണ്ടിക്കാട്ടി.
ഇസ്താംബൂളില്‍ നടന്ന ഖത്തര്‍- തുര്‍ക്കി ഉന്നത തന്ത്രപ്രധാന സമിതിയുടെ 12-ാമത് സമ്മേളനത്തിന്റെ ഫലങ്ങളെയും മന്ത്രിസഭ സ്വാഗതം ചെയ്തു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും സംയുക്തമായാണ് യോഗത്തിന് അധ്യക്ഷത വഹിച്ചത്.
സൗഹൃദപരവും അനുകൂലവുമായ അന്തരീക്ഷത്തില്‍ നടന്ന സമ്മേളനം ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ ആഴവും തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ ശക്തിയും കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള പൊതുവായ താല്പര്യവും വ്യക്തമാക്കിയതായി മന്ത്രിസഭ വിലയിരുത്തി.
ഖത്തര്‍ അമീറും തുര്‍ക്കി പ്രസിഡന്റും ഒപ്പുവെച്ച പരസ്പര പ്രതിരോധ കരാറിനെയും സമ്മേളനത്തോടനുബന്ധിച്ച് കൈമാറിയ വിവിധ കരാറുകളെയും ധാരണാപത്രങ്ങളെയും മന്ത്രിസഭ അഭിനന്ദിച്ചു.
യോഗത്തിന്റെ സമാപനത്തില്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയ നിലപാടുകളും സമീപനങ്ങളും ഭാവി കാഴ്ചപ്പാടുകളും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ സുപ്രധാന നാഴികക്കല്ലാണെന്ന് മന്ത്രിസഭ അഭിപ്രായപ്പെട്ടു. വിവിധ മേഖലകളില്‍ സഹകരണം വിപുലീകരിക്കുന്നതിനുള്ള പുതിയ അവസരങ്ങള്‍ ഇതിലൂടെ തുറന്നുവെന്നും യോഗം വിലയിരുത്തി.
സഹോദരരാജ്യങ്ങളായ കുവൈത്തിന്റെയും ബഹ്റൈന്റെയും ഭൂപ്രദേശങ്ങള്ക്കെതിരെ ഇറാന് നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങളെ ഖത്തര്‍ മന്ത്രിസഭ ശക്തമായ ഭാഷയില്‍ അപലപിച്ചു.
ഇരു രാജ്യങ്ങളുടെയും പരമാധികാരത്തിനും ഭൂപ്രദേശിക അഖണ്ഡതയ്ക്കുമെതിരായ കടുത്ത ലംഘനമാണ് ഇത്തരം ആക്രമണങ്ങളെന്ന് മന്ത്രിസഭ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാര്‍ട്ടറിന്റെയും നല്ല അയല്‍ബന്ധത്തിന്റെ തത്വങ്ങളുടെയും പരസ്യമായ ലംഘനമാണിതെന്നും യോഗം ചൂണ്ടിക്കാട്ടി.
ആക്രമണങ്ങള്‍ തുടരുന്നത് മേഖലയില്‍ അപകടകരമായ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുമെന്നും സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമങ്ങളെ സങ്കീര്‍ണമാക്കുമെന്നും മന്ത്രിസഭ മുന്നറിയിപ്പ് നല്കി. സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള രാഷ്ട്രീയ- നയതന്ത്ര നീക്കങ്ങളെയും ഇത്തരം നടപടികള്‍ പ്രതികൂലമായി ബാധിക്കുമെന്നും വിലയിരുത്തി.
അന്താരാഷ്ട്ര നിയമങ്ങളും നല്ല അയല്‍ബന്ധത്തിന്റെ തത്വങ്ങളും ഉയര്‍ത്തിപ്പിടിക്കണമെന്നും സംഘര്‍ഷം വ്യാപിക്കുന്നത് തടയാന്‍ സംഭാഷണത്തിനും നയതന്ത്ര പരിഹാരങ്ങള്‍ക്കും മുന്‍ഗണന നല്‍കണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു.
കുവൈത്തിനും ബഹ്റൈനുമൊപ്പം ഖത്തറിന്റെ പൂര്‍ണ ഐക്യദാര്‍ഢ്യം മന്ത്രിസഭ ആവര്‍ത്തിച്ചു. ഇരുരാജ്യങ്ങളുടെയും പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി അവര്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
യോഗത്തിന്റെ അജണ്ടയിലെ വിഷയങ്ങള്‍ പരിഗണിച്ച മന്ത്രിസഭ, സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന നിയമത്തിന്റെയും കൗണ്‍സില്‍ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച നിയമത്തിന്റെയും കരട് ബില്ലുകള്‍ അംഗീകരിച്ച് തുടര്‍നടപടികള്‍ക്കായി ശൂറാ കൗണ്‍സിലിന് കൈമാറാന്‍ തീരുമാനിച്ചു.
മുനിസിപ്പാലിറ്റി മന്ത്രാലയം ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് തയ്യാറാക്കിയ സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ നിയമത്തിന്റെ കരട്, 1998ലെ 12-ാം നമ്പര്‍ നിയമത്തിന് പകരമായാണ് കൊണ്ടുവരുന്നത്.
കൗണ്‍സിലിന്റെ രൂപീകരണം, അധികാരങ്ങളുടെ വിനിയോഗം, പ്രവര്‍ത്തനക്രമം എന്നിവ നിയന്ത്രിക്കുന്ന സമഗ്രമായ നിയമചട്ടക്കൂട് രൂപപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. പൊതുസേവനങ്ങളുടെ വികസനത്തിലും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും കൗണ്‍സിലിന്റെ പങ്ക് ശക്തിപ്പെടുത്തുക, നഗരങ്ങള്‍, ഗ്രാമങ്ങള്‍, പ്രാദേശിക മേഖലകള്‍ എന്നിവയുടെ ആവശ്യങ്ങള്‍ നിരീക്ഷിക്കുക, അവ പരിഹരിക്കുന്നതിനാവശ്യമായ പദ്ധതികളും പദ്ധതിപ്രവര്‍ത്തനങ്ങളും നിര്‍ദേശിക്കുക എന്നിവയ്ക്കും കരട് നിയമം പ്രാധാന്യം നല്കുന്നു.
സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച കരട് നിയമം 1998ലെ 17-ാം നമ്പര്‍ ഉത്തരവിന് പകരമായിരിക്കും. തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട നിയമപരവും ഭരണപരവും സാങ്കേതികവുമായ മാറ്റങ്ങള്‍ക്കനുസൃതമായി നിലവിലെ നിയമചട്ടക്കൂട് നവീകരിക്കുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യവും വ്യക്തവുമാക്കുന്നതിനും ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതിനും കരട് നിയമം ലക്ഷ്യമിടുന്നു.
2025ലെ 23-ാം നമ്പര്‍ ജലനിയമത്തിന്റെ നടപ്പാക്കല്‍ ചട്ടങ്ങള്‍ പുറപ്പെടുവിക്കുന്നതിനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ കരടിനും യോഗം അംഗീകാരം നല്കി.
ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്പ്പറേഷന് തയ്യാറാക്കിയ കരട് തീരുമാനത്തിലൂടെ ജലസ്രോതസ്സുകളുടെ പരിപാലനം, സംരക്ഷണം, അനുബന്ധ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം എന്നിവയ്ക്കാവശ്യമായ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും വ്യവസ്ഥകളും രൂപപ്പെടുത്തും.
ജി സി സി രാജ്യങ്ങളിലെ വ്യാപാരമുദ്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് ക്ലിയറന്‍സ് താത്ക്കാലികമായി നിര്‍ത്തിവെക്കുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും അവയില്‍ തീരുമാനമെടുക്കുന്നതിനുമുള്ള വിവരങ്ങള്‍, നിബന്ധനകള്‍, നിയന്ത്രണങ്ങള്‍, നടപടിക്രമങ്ങള്‍ എന്നിവ നിര്‍ണയിക്കുന്ന ധനമന്ത്രിയുടെ തീരുമാനത്തിന്റെ കരടിനും മന്ത്രിസഭ അംഗീകാരം നല്കി.
2014ലെ ഏഴാം നമ്പര്‍ നിയമത്തിലൂടെ പ്രാബല്യത്തില്‍ വന്ന ജി സി സി വ്യാപാരമുദ്ര നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
വ്യാജ വ്യാപാരമുദ്രകള്‍ പതിപ്പിച്ച ഉത്പന്നങ്ങള്‍ക്കെതിരെ കസ്റ്റംസ് നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും യഥാര്‍ഥ വ്യാപാരമുദ്രകളുടെ സംരക്ഷണം ഉറപ്പാക്കുകയുമാണ് ലക്ഷ്യം. കസ്റ്റംസ് സംവിധാനത്തിന്റെ നവീകരണവും നടപടിക്രമങ്ങള്‍ ലളിതമാക്കലും ലക്ഷ്യമിട്ടുള്ള ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസിന്റെ തന്ത്രപരമായ പദ്ധതികള്‍ക്കും ഇത് സഹായകമാകും.
വിവിധ രാജ്യങ്ങളുമായും അന്താരാഷ്ട്ര വികസന ഏജന്‍സികളുമായും സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ധാരണാപത്രങ്ങള്‍ക്കും കരാറുകള്‍ക്കും മന്ത്രിസഭ അംഗീകാരം നല്കി.

