സൗദിയിലെ ജസാന്‍ എണ്ണ ശുദ്ധീകരണശാലയ്ക്കുനേരെയുണ്ടായ ഹൂതി ആക്രമണത്തെ ഖത്തര്‍ അപലപിച്ചു

Web Desk
1 Min Read

ദോഹ: സൗദി അറേബ്യയിലെ ജസാന്‍ മേഖലയിലുള്ള എണ്ണ ശുദ്ധീകരണശാലയ്ക്കുനേരെ ഹൂതി സംഘം നടത്തിയ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. ആക്രമണത്തില്‍ ഒരു തൊഴിലാളി കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

city exchange

സൗദിയുടെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണ് ആക്രമണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

എണ്ണ ഉത്പാദന കേന്ദ്രങ്ങള്‍ക്കും സുപ്രധാന അടിസ്ഥാനസൗകര്യങ്ങള്‍ക്കും നേരെയുള്ള ആക്രമണം ഗുരുതരമായ അട്ടിമറി പ്രവര്‍ത്തനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത്തരം നടപടികള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിരുദ്ധമാണ്. ആഗോള ഊര്‍ജ വിതരണത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ഇത് ബാധിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

സൗദി അറേബ്യയോട് ഖത്തറിന്റെ പൂര്‍ണ ഐക്യദാര്‍ഢ്യം മന്ത്രാലയം ആവര്‍ത്തിച്ചു. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, ഭൂപ്രദേശത്തിന്റെ അഖണ്ഡത, ദേശീയ താത്പര്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിന് സൗദി സ്വീകരിക്കുന്ന എല്ലാ നിയമാനുസൃത നടപടികള്‍ക്കും പിന്തുണ പ്രഖ്യാപിച്ചു.

- Advertisement -
Ad image

സൗദിയുടെ സുരക്ഷ ഖത്തറിന്റെ സുരക്ഷയുടെയും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളുടെ പൊതുസുരക്ഷാ സംവിധാനത്തിന്റെയും അവിഭാജ്യ ഘടകമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ആക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ഖത്തര്‍ അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.

Share This Article
Leave a Comment
error: Content is protected !!