

കോഴിക്കോട്: സമാനതകളില്ലാത്ത ഫുട്ബോള്‍ പ്രേമികളുടെ നാട് കാണാനും ആ ആവേശത്തെ അടുത്തറിയുവാനും അര്‍ജന്റീനയിലെ പ്രമുഖ ഫുട്ബോള്‍ ക്ലബ്ബായ അര്‍ജന്റീനോസ് ജൂനിയേഴ്സിന്റെ വൈസ് പ്രസിഡന്റ് ഹാവിയര്‍ പെഡര്‍സോളിയും ക്ലബ്ബിന്റെ ഡയരക്ടര്‍ ബോര്‍ഡ് അംഗം കെവിന് ലിബ്സ്ഫ്രയിന്റും ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്ക് നൈനാംവളപ്പ് സന്ദര്‍ശിക്കും. അവര്‍ക്കൊപ്പം മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റനും കോഴിക്കോടിന് ഏറെ പ്രിയങ്കരനുമായ ഗോവക്കാരനായ ഗോള്‍ കീപ്പര്‍ പത്മശ്രീ ബ്രഹ്മാനന്ദ് സങ് വാക്കറും ഉണ്ടാവും.

നൈനാംവളപ്പ് കോതി മിനി സ്റ്റേഡിയത്തില്‍ എത്തുന്ന സംഘം അവിടെ വെച്ച് അര്‍ജന്റീനയുടെ ഫുട്ബോള്‍ ആരാധകരായ കുട്ടികള്‍ക്കും നാട്ടുകര്ക്കുമൊപ്പം പന്ത് തട്ടും. ഗോളിയുടെ വേഷത്തില്‍ ബ്രഹ്മാനന്ദും കളത്തില്‍ ഇറങ്ങും. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം അര്‍ജന്റീന മെസ്സിയുടെ നേതൃത്വത്തില്‍ കോപ്പാ അമേരിക്ക ഫുട്ബോള്‍ കിരീടം നേടിയതടക്കം ആഘോഷമാക്കിയ ഫുട്ബോള്‍ പ്രേമികളെ നേരില്‍ കാണാനാണ് വരുന്നത്.

മലബാര്‍ സ്പോര്‍ട്സ് ആന്റ് റിക്രിയേഷന്‍ ഫൗണ്ടേഷന് മലബാറില്‍ ആരംഭിക്കുന്ന ഫുട്ബോള്‍ അക്കാദമിയുമായി സഹകരണ കരാറില്‍ ഒപ്പിടാന്‍ എത്തിയതിനിടയിലാണ് ഫുട്ബോള്‍ കമ്പത്തിന്റെ പേരില്‍ അവര്‍ കേട്ടറിഞ്ഞ നൈനാംവളപ്പ് സന്ദര്‍ശിക്കുവാന്‍ എത്തുന്നത്.

