
ദോഹ: എജിസിഎഫ്എഫ് അണ്ടര്‍-17 ഗള്‍ഫ് കപ്പിന്റെ ഉദ്ഘാടന പതിപ്പിന് ശനിയാഴ്ച ദോഹയില്‍ തുടക്കമാകും. സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 3 വരെ നടക്കുന്ന ടൂര്‍ണമെന്റിന് ഖത്തറാണ് ആതിഥേയത്വം വഹിക്കുന്നത്.

ഗ്രൂപ്പ് ബിയിലെ ഇറാഖും കുവൈത്തും തമ്മില്‍ വൈകിട്ട് ആറിന് ഗ്രാന്‍ഡ് ഹമദ് സ്റ്റേഡിയത്തിലും സൗദി അറേബ്യ- ബഹറൈന്‍ മത്സരം സുഹൈം ബിന്‍ ഹമദ് സ്റ്റേഡിയത്തിലും എതിരിടും.

ഗ്രാന്‍ഡ് ഹമദ് സ്റ്റേഡിയത്തില്‍ ഞായറാഴ്ച ഗ്രൂപ്പ് എയില്‍ ഖത്തര്‍ യെമനെതിരെയും സുഹൈം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ യു എ ഇ ഒമാനെയും നേരിടും.
രണ്ടാം റൗണ്ട് മത്സരങ്ങള്‍ സെപ്റ്റംബര്‍ 23ന് നടക്കും. ഗ്രൂപ്പ് ബിയില്‍ സൗദി അറേബ്യ കുവൈത്തിനെയും ഇറാഖ് ബഹ്റൈനെയും നേരിടും. ഗ്രൂപ്പ് എയില്‍ സെപ്റ്റംബര്‍ 24ന് ഖത്തര്‍ ഒമാനെ നേരിടും. അതോടൊപ്പം യു എ ഇയും യെമനും തമ്മിലുള്ള മത്സരവും നടക്കും.
ഓഗസ്റ്റില്‍ നടന്ന ടൂര്‍ണമെന്റ് നറുക്കെടുപ്പില്‍ യു എ ഇ, ഒമാന്‍, യെമന്‍ എന്നിവയ്ക്കൊപ്പം ആതിഥേയ രാഷ്ട്രമായ ഖത്തറും ഗ്രൂപ്പ് എയില്‍ ഇടംപിടിച്ചു. ഗ്രൂപ്പ് ബിയില്‍ ഇറാഖ്, സൗദി അറേബ്യ, ബഹ്റൈന്‍, കുവൈത്ത് എന്നീ ടീമുകളാണ് ഉള്‍പ്പെടുന്നത്.
ടൂര്‍ണമെന്റ് ഫോര്‍മാറ്റ് അനുസരിച്ച്, ഓരോ ഗ്രൂപ്പിലെയും മികച്ച രണ്ട് ടീമുകള്‍ സെപ്റ്റംബര്‍ 30ന് നോക്കൗട്ട് സെമി ഫൈനലില്‍ മത്സരിക്കും. ഫൈനല്‍ ഒക്ടോബര്‍ 3ന് ഗ്രാന്‍ഡ് ഹമദ് സ്റ്റേഡിയത്തില്‍ നടക്കും.
ടിക്കറ്റ് വില്‍പ്പന ആരംഭിച്ചതായി പ്രാദേശിക സംഘാടക സമിതി ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ചിരുന്നു. ഗ്രാന്‍ഡ് ഹമദ്, സുഹൈം ബിന്‍ ഹമദ് സ്റ്റേഡിയങ്ങളിലായി ആകെ 15 മത്സരങ്ങളാണ് നടക്കുക.

