Featured
അബുദാബി കിരീടാവകാശിയെ അമീര്‍ സ്വീകരിച്ചു
ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി അമീരി ദിവാനില്‍ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും അനുഗമിക്കുന്ന പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി.
അബുദാബി കിരീടാവകാശി യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരുടെ ആശംസകള്‍ അമീറിനെ അറിയിച്ചു. അമീറിനും ഖത്തറി ജനതയ്ക്കും കൂടുതല്‍ പുരോഗതിയും സമൃദ്ധിയും ആശംസിക്കുകയും ചെയ്തു.
യു എ ഇ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും പ്രധാനമന്ത്രിക്കും ദുബായ് ഭരണാധികാരിക്കും ആശംസകള്‍ അറിയിക്കാന്‍ അബുദാബി കിരീടാവകാശിയെ അമീര്‍ ചുമതലപ്പെടുത്തി. യു എ ഇയിലെ സാഹോദര്യ ജനങ്ങള്‍ക്ക് പുരോഗതിയും സമൃദ്ധിയും അമീര്‍ നേര്‍ന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധങ്ങളെക്കുറിച്ചും അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളെക്കുറിച്ചും പരസ്പര താത്പര്യമുള്ള വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനോടൊപ്പം കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.
ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനിയും പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.