

ദോഹ: ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ സുപ്രിം കൗണ്‍സില്‍ ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം നല്‍കിയതായി സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ഖത്തീബ് അറിയിച്ചു. ദോഹയില്‍ ചേര്‍ന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ നേതാക്കളുടെ യോഗം പുറത്തിറക്കിയ അന്തിമ പ്രസ്താവനയിലാണ് സുപ്രിം കൗണ്‍സിലിന്റെ പ്രഖ്യാപനമുള്ളത്.

ഗള്‍ഫ് രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രാലയങ്ങള്‍ ഏകീകൃത വിസ സംബന്ധിച്ച നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ആഗോളതലത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ സ്ഥാനം വര്‍ധിപ്പിക്കുകയും ജി സി സി രാജ്യങ്ങളുടെ വികസനത്തിനും നവോഥാനത്തിനും വഴിയൊരുക്കുകയും ചെയ്യും.

രാജ്യങ്ങള്‍ക്കിടയില്‍ പരസ്പര ബന്ധം ശക്തമാകും. ടൂറിസ്റ്റുകള്‍ക്കും ജി സി സി രാജ്യങ്ങളിലെ പ്രവാസികള്‍ക്കും ഈ രാജ്യങ്ങള്‍ക്കിടയില്‍ എളുപ്പത്തില്‍ സഞ്ചരിക്കാന്‍ പുതിയ സമ്പ്രദായം സഹായിക്കും. അതോടെ ടൂറിസം മേഖലയില്‍ വന്‍ വളര്‍ച്ചയുണ്ടാവുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും.
ഏകീകൃത വിസ സമ്പ്രദായം 2024- 25 വര്‍ഷത്തിലായിരിക്കും നിലവില്‍ വരികയെന്ന് യു എ ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല തുവൈഖ് അറിയിച്ചു.

