Featured
യമനില്‍ അറബ് സഖ്യസേന ആക്രമണം; ഹൂതി നേതാവ് കൊല്ലപ്പെട്ടു
സന്‍അ: അറബ് സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ ഹൂതി നേതാവ് മേജര്‍ ജനറല്‍ അബ്ദുല്ല ഖാസിം അല്‍ ജുനൈദ് കൊല്ലപ്പെട്ടതായി അല്‍ അറേബ്യ ഗ്രൂപ്പിലെ അല്‍ ഹദത്ത് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ പിന്തുണയുള്ള ഹൂതികളാണ് തിങ്കളാഴ്ച രാവിലെ യു എ ഇ തലസ്ഥാനമായ അബൂദാബിയില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതെന്ന് അവകാശപ്പെട്ടതിന് പിന്നാലെയാണ് അറബ് സഖ്യസേനയുടെ ആക്രമണം ആരംഭിച്ചത്.


ഹൂതി ഭീഷണിക്കും ആക്രമണത്തിനുമെതിരെയുള്ള സൈനിക നടപടിയുടെ ഭാഗമായാണ് പ്രത്യാക്രമണം നടത്തിയതെന്ന് അറബ് സഖ്യസേന വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. അബുദാബിയിലെ പുതിയ വിമാനത്താവളം വികസന പദ്ധതിക്കും അഡ്‌നോക്കിന്റെ എണ്ണ സംഭരണശാലയ്ക്കും സമീപമാണ് തിങ്കളാഴ്ച രാവിലെ ഡ്രോണ്‍ ആക്രമണമുണ്ടായത്. തീ പിടുത്തമാണ് പ്രദേശത്ത് സംഭവിച്ചതെങ്കിലും ഡ്രോണ്‍ ആക്രമണമാണെന്ന് പിന്നീട് തിരിച്ചറിയുകയായിരുന്നു. ആക്രമണത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്താനിയും മരിച്ചിരുന്നു. ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തീവ്രവാദ ആക്രമണങ്ങളും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും നടത്തിയവര്‍ ശിക്ഷിക്കപ്പെടാതെ പോവുകയില്ലെന്ന് യു എ ഇ വിദേശകാര്യ മന്ത്രി അബ്ദുല്ല ബിന്‍ സാഇദ് ഇന്നലെ പറഞ്ഞിരുന്നു.
അബുദാബിയിലുണ്ടായ ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചിരുന്നു. രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന എല്ലാ കാര്യങ്ങളിലും സഹോദരങ്ങളായ യു എ ഇയിക്കുള്ള പൂര്‍ണ പിന്തുണ അറിയിക്കുന്നതായി സൗദി പ്രസ്താവനയില്‍ പറഞ്ഞു. ഹൂതികളുടെ തീവ്രവാദ ആക്രമണങ്ങള്‍ക്ക് പിന്നീല്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘത്തിന്റെ സാന്നിധ്യം മേഖലയുടേയും ലോകത്തിന്റേയും സുരക്ഷയ്ക്കും സമാധാനത്തിനും സ്ഥിരതയ്ക്കുമുള്ള ഭീഷണിയാണെന്ന കാര്യം വീണ്ടും ഉറപ്പിക്കുന്നതാണ് യു എ ഇയിലെ ആക്രമണമെന്നും സൗദി പ്രസ്താവനയില്‍ പറഞ്ഞു.
യമനിലെ ആഭ്യന്തര യുദ്ധവുമായി ബന്ധപ്പെട്ട് യു എ ഇയും സൗദി അറേബ്യയും ഉള്‍പ്പെടെ 2015 മുതല്‍ അറബ് സഖ്യസേന രംഗത്തുണ്ട്. ഇതേതുടര്‍ന്ന് സൗദി പതിവായി ഹൂതികളഉടെ ഡ്രോണ്‍ ആക്രമണം നേരിടുന്നുണ്ട്.
ഇറാന്റെ പിന്തുണയുള്ള ഹുതികള്‍ക്കെതിരായ സൈനിക പ്രവര്‍ത്തനങ്ങള്‍ അടുത്തിടെ വര്‍ധിപ്പിച്ചിട്ടുണ്ട്. ജനുവരി പത്താം തിയ്യതി ഹൂതികളില്‍ നിന്ന് ഷാബ്വ ജില്ല സഖ്യസേന തിരിച്ചു പിടിച്ചതായി പ്രഖ്യാപിച്ചിരുന്നു.





