ഖത്തര്‍ ടീം തയ്യാര്‍; ഇനി അങ്കം

Web Desk
3 Min Read

ദോഹ: ഖത്തറിന്റെ അന്തിമ ടീമിനെ പ്രഖ്യാപിച്ചു. നവംബര്‍ 20ന് ഇക്വഡോറിനെതിരെ പന്തുതട്ടുമ്പോള്‍ ഗ്രൗണ്ടിലിറങ്ങുന്ന താരങ്ങള്‍ ഉള്‍പ്പെടെ 26 അംഗം അന്തിമ ടീമിനെയാണ് ഖത്തര്‍ പ്രഖ്യാപിച്ചത്.

city exchange

അന്നാബി താരങ്ങളുടെ പ്രഖ്യാപനത്തില്‍ ഹെഡ് കോച്ച് ഫെലിക്സ് സാഞ്ചസ് അത്ഭുതപ്പെടുത്തിയില്ല. അല്‍കാസ് സ്പോര്‍ട്സ് ചാനലിലെ തത്സമയ സംപ്രേഷണത്തില്‍ കളിക്കാരുടെ പേര് അടങ്ങിയ ഫയല്‍ സാഞ്ചസ് കൈമാറി. മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ടിലും മുശൈരിബ് ഡൗണ്‍ ടൗണ്‍ ദോഹയിലും ടോര്‍ച്ച് ഹോട്ടലിലും ഉള്‍പ്പെടെയുള്ള ഖത്തറിന്റെ അടയാളങ്ങളായ പ്രമുഖ കെട്ടിടങ്ങളിലെല്ലാം പ്രൊജക്ടര്‍ സ്‌ക്രീനുകളില്‍ ടീം പ്രഖ്യാപനം തത്സമയം കാണച്ച് ആഘോഷമാക്കി.

2019ല്‍ ഖത്തറിന് കന്നി ഏഷ്യന്‍ കപ്പ് കിരീടം നേടിക്കൊടുത്ത ടീമിലെ മിക്ക കളിക്കാരും ലോകകപ്പ് ടീമിലുമുണ്ട്. സ്‌പെയിനില്‍ അല്‍ അന്നാബിയുടെ മൂന്നാമത്തെയും അവസാനത്തെയും പരിശീലന ക്യാമ്പിന് മുമ്പ് സാഞ്ചസ് 27 കളിക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന മിഡ്ഫീല്‍ഡര്‍ അബ്ദുല്‍റഹ്മാന്‍ മുസ്തഫയെ ഒഴിവാക്കി.

- Advertisement -
Ad image

ക്യു എന്‍ ബി സ്റ്റാര്‍സ് ലീഗില്‍ നിന്നുള്ള കളിക്കാരാണ് ടീമില്‍ മുഴുവനുമുള്ളത്. പകുതിപ്പേരും സ്റ്റാര്‍സ് ലീഗ് ചാമ്പ്യന്മാരായ അല്‍ സദ്ദ് ക്ലബ്ബില്‍ നിന്നുള്ളവരാണ്. നെതര്‍ലാന്‍ഡ്സ്, ആഫ്രിക്കന്‍ ചാമ്പ്യന്‍മാരായ സെനഗല്‍, ഇക്വഡോര്‍ എന്നിവരടങ്ങുന്ന ഗ്രൂപ്പ് എയില്‍ നിന്ന് നോക്കൗട്ട് ഘട്ടത്തിലെത്തുകയെന്നതാണ് ഖത്തറിന്റെ ആദ്യ ലക്ഷ്യം. അതുകൊണ്ടുതന്നെ ഫോര്‍വേഡ് ഹസന്‍ അല്‍ ഹെയ്ദോസ് നയിക്കുന്ന ഖത്തര്‍ ടീം പരിചയസമ്പന്നരും യുവപ്രതിഭകളും ചേര്‍ന്ന സമ്മിശ്രമാണ്.

160-ലധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് നായകന്‍ അല്‍ ഹെയ്ദോസ്. 85 മത്സരങ്ങളില്‍ നിന്ന് 42 ഗോളുകള്‍ നേടിയിട്ടുണ്ട് ബഹുമുഖ പ്രതിഭയായ അഫീഫും സ്ട്രൈക്കര്‍ അല്‍മോസും. ഇവര്‍ തന്നെയാണ് ആക്രമണത്തിന് നേതൃത്വം നല്‍കുക. മുഹമ്മദ് മുന്‍താരി, അഹമ്മദ് അലാവുദ്ദീന്‍, നായിഫ് അല്‍ഹദ്രാമി തുടങ്ങിയവരും മുന്നേറ്റ നിരയുടെ കുന്തമുനകളാണ്.

പ്രതിരോധ നിരയില്‍ പരിചയസമ്പന്നരായ ബൗലേം ഖൗഖിയും ബസ്സാം അല്‍ റാവിയും ബൂട്ടണിയുമ്പോള്‍ പെഡ്രോ മിഗ്വേലും സഅദ് അല്‍ശീബുമാണ് ഗോള്‍വല കാക്കാനായി തെരഞ്ഞെടുക്കപ്പെട്ടവര്‍. മിഷാല്‍ ബര്‍ഷാം, യൂസഫ് ഹസ്സന്‍ എന്നിവരും ടീമിലെ മറ്റ് രണ്ട് ഗോള്‍കീപ്പര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മധ്യനിരയില്‍ പരിചയ സമ്പന്നരായ കരീം ബൗദിയാഫ്, അബ്ദുല്‍ അസീസ് ഹാതിം, ഇസ്മായില്‍ മുഹമ്മദ് എന്നിവര്‍ ഉള്‍പ്പെടുന്നു.

നവംബര്‍ 20ന് ഇക്വഡോറിനെതിരെ ലോകകപ്പിലെ ആദ്യ മത്സരവും തങ്ങളുടെ ആദ്യ ലോകകപ്പ് മത്സരവും കളിക്കാനിറങ്ങുന്ന ഖത്തര്‍ സ്‌പെയിനിലെ മാര്‍ബെല്ലയില്‍ തുടര്‍ച്ചയായി അഞ്ച് സൗഹൃദ മത്സര വിജയങ്ങളുടെ പിന്‍ബലത്തിലാണ് സ്വന്തം കാണികള്‍ക്കു മുമ്പിലേക്കെത്തുന്നത്. സ്‌പെയിനില്‍ ഒരു മാസം നീണ്ട പരിശീലന ക്യാമ്പില്‍ അല്‍ബേനിയ, നിക്കരാഗ്വ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, പനാമ എന്നിവയെയാണ് ഖത്തര്‍ പരാജയപ്പെടുത്തിയത്.

ജൂണിലാണ് തങ്ങളുടെ അവസാനവട്ട ലോകകപ്പ് ഒരുക്കങ്ങള്‍ക്കായി ഖത്തര്‍ ടീം മാര്‍ബെല്ലയിലെത്തിയത്. ലോകകപ്പ് തയ്യാറെടുപ്പുകള്‍ക്ക് കോവിഡ് ലോക്ക്ഡൗണ്‍ നാലു മാസത്തോളം വില്ലനായിരുന്നു. ഖത്തര്‍ ടീം വിയന്നയിലും പരിശീലനത്തിലേര്‍പ്പെട്ടിരുന്നു. കാനഡ, ക്രൊയേഷ്യ അണ്ടര്‍ 23, ചിലി എന്നീ ടീമുകള്‍ക്കെതിരെയാണ് വിയന്നയില്‍ അന്നാബികള്‍ ബൂട്ടിട്ടത്.

ഏഷ്യന്‍ കപ്പ് സ്വന്തമാക്കിയതിന് ശേഷം ഖത്തര്‍ ടീം കോപ്പ അമേരിക്കയിലും ഗോള്‍ഡ് കപ്പിലും പങ്കെടുത്ത് മികച്ച അനുഭവങ്ങളാണ് സ്വന്തമാക്കിയത്. അതിഥികളായെത്തി സെമി ഫൈനല്‍ വരെ കളിച്ചാണ് ഖത്തര്‍ മടങ്ങിയത്. അതിനു പുറമേ കഴിഞ്ഞ വര്‍ഷം ഫിഫ അറബ് കപ്പിന്റെയും സെമിയിലെത്തുകയും ലൂസേഴ്‌സ് ഫൈനലില്‍ ഈജിപ്തിനെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനം നേടുകയും ചെയ്തിരുന്നു.

ഫിഫ ലോകകപ്പില്‍ ഖത്തര്‍ ടീം ആരാധകര്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് പരിശീലകന്‍ സാഞ്ചസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തങ്ങളുടെ സാധ്യതകള്‍ക്കകത്ത് ഉയര്‍ന്ന പ്രതീക്ഷകളും ഉയര്‍ന്ന ലക്ഷ്യങ്ങളുമാണ് തങ്ങള്‍ക്കുള്ളതെന്ന് അദ്ദേഹം പറയുന്നു. പരമാവധി മത്സരിക്കാനാണ് ശ്രമിക്കുകയെന്നും അദ്ദേഹം ഈയ്യിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

നവംബര്‍ 20ന് ഇക്വഡോറിനെ നേരിടുന്ന ഖത്തര്‍ 25ന് സെനഗലിനേയും നാല് ദിവസത്തിന് ശേഷം നെതര്‍ലാന്റിനേയും നേരിടും.

Share This Article
Leave a Comment
error: Content is protected !!