ഖത്തറിന്റെ ആകാശത്ത് ഇന്ന് ‘ബ്ലൂ മൂണ്‍’ പ്രതിഭാസം

Web Desk
1 Min Read

ദോഹ: ഖത്തറിലെ ആകാശത്ത് ഇന്ന് (മെയ് 31) അപൂര്‍വമായ ‘ബ്ലൂ മൂണ്‍’ പ്രതിഭാസം ദൃശ്യമാകുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് (ക്യു സി എച്ച്) അറിയിച്ചു. ദുല്‍ഹിജ്ജ മാസത്തിലെ പൂര്‍ണചന്ദ്രന്‍ ദോഹ പ്രാദേശിക സമയം രാവിലെ 11.45നാണ് പൂര്‍ണതയിലെത്തുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.

city exchange

ഖത്തര്‍ കലണ്ടര്‍ ഹൗസിലെ ജ്യോതിശാസ്ത്ര വിദഗ്ധനായ ബഷീര്‍ മര്‍സൂഖിന്റെ വിശദീകരണപ്രകാരം, ഞായറാഴ്ച വൈകുന്നേരം ചന്ദ്രോദയത്തിന് ശേഷം തിങ്കളാഴ്ച പുലര്‍ച്ചെ സൂര്യോദയത്തിന് തൊട്ടുമുമ്പുവരെ ഖത്തറിലെ ജനങ്ങള്‍ക്ക് ഈ പ്രതിഭാസം നഗ്നനേത്രങ്ങള്‍കൊണ്ട് നിരീക്ഷിക്കാനാകും.

ഞായറാഴ്ച വൈകുന്നേരം 6.39-നാണ് ഖത്തറില്‍ ചന്ദ്രോദയം. തിങ്കളാഴ്ച രാവിലെ 4.44-നാണ് സൂര്യോദയം.

‘ബ്ലൂ മൂണ്‍’ എന്ന പ്രതിഭാസം സാധാരണയായി രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന അപൂര്‍വ ജ്യോതിശാസ്ത്ര സംഭവമാണെന്ന് മര്‍സൂഖ് പറഞ്ഞു. ഇതിന് മുമ്പ് 2023 ഓഗസ്റ്റിലായിരുന്നു ഈ പ്രതിഭാസം രേഖപ്പെടുത്തിയത്. അടുത്ത ‘ബ്ലൂ മൂണ്‍’ 2028 ഡിസംബറിലായിരിക്കുമെന്നാണ് പ്രതീക്ഷ.

- Advertisement -
Ad image

ഒരു മാസത്തിനുള്ളില്‍ രണ്ടാമതും പൂര്‍ണചന്ദ്രന്‍ ഉണ്ടാകുമ്പോഴാണ് ‘ബ്ലൂ മൂണ്‍’ പ്രതിഭാസം സംഭവിക്കുന്നത്. അതിനായി രണ്ട് നിബന്ധനകളുണ്ട്: ചന്ദ്രന്‍ പൂര്‍ണചന്ദ്രഘട്ടത്തിലായിരിക്കണം; അതോടൊപ്പം അതേ കലണ്ടര്‍ മാസത്തിലെ രണ്ടാമത്തെ പൂര്‍ണചന്ദ്രനുമായിരിക്കണം.

ഈ മാസം ആദ്യ പൂര്‍ണചന്ദ്രന്‍ മെയ് ഒന്നിന് ദൃശ്യമായിരുന്നു. അതേ മാസത്തില്‍ വീണ്ടും ഇന്ന് പൂര്‍ണചന്ദ്രന്‍ രൂപപ്പെടുന്നതിനാലാണ് ഇതിനെ ‘ബ്ലൂ മൂണ്‍’ എന്ന് വിശേഷിപ്പിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

എന്നാല്‍ ‘ബ്ലൂ മൂണ്‍’ എന്ന പേര് ഉണ്ടായിരുന്നാലും ചന്ദ്രന്‍ നീലനിറത്തില്‍ ദൃശ്യമാകില്ലെന്നും സാധാരണ പൂര്‍ണചന്ദ്രനെപ്പോലെ തന്നെ പതിവ് നിറത്തിലായിരിക്കുമെന്നും മര്‍സൂഖ് കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!