Featured
എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി; തിരുവനന്തപുരത്ത് അടിയന്തര ലാന്റിംഗ്
തിരുവനന്തപുരം: മുംബൈ- തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി. ഇതേത്തുടര്‍ന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. ഫോണ്‍ വഴിയാണ് വിമാനത്തില്‍ ബോംബ് വെച്ചതായി അധികൃതര്‍ക്ക് സന്ദേശം ലഭിച്ചത്.
യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഒഴിപ്പിച്ച് പരിശോധന നടത്തി വരികയാണ്. യാത്രക്കാരുടെ ലഗേജ് ഉള്‍പ്പെടെ പരിശോധിക്കും. യാത്രക്കാര്‍ സുരക്ഷിതമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.
ബോംബ് ഭീഷണിയെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ‘അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ചു. രാവിലെ എട്ട് മണിയോടെ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്ത വിമാനം ഐസൊലേഷന്‍ ബേയിലേക്ക് മാറ്റി.
വിമാനം തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം എത്തിയപ്പോഴാണ് പൈലറ്റ് ഭീഷണി വിവരം അറിയിച്ചത്. വിമാനത്തില്‍ 135 യാത്രക്കാര്‍ ഉണ്ടായിരുന്നു. ഭീഷണിയുടെ ഉത്ഭവത്തെയും മറ്റ് വിവരങ്ങളെയും കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.