എല്‍ എന്‍ ജി പൈപ്പ്ലൈനിലൂടെ കൊണ്ടുപോകാനാവില്ല: ഊര്‍ജമന്ത്രി

Web Desk
2 Min Read

ദോഹ: ഹോര്‍മുസ് കടലിടുക്ക് ഒഴിവാക്കി പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിനായി തങ്ങളുടെ പ്രദേശങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയ അയല്‍രാജ്യങ്ങളോട് നന്ദി അറിയിച്ച് ഖത്തര്‍ ഊര്‍ജകാര്യ സഹമന്ത്രി എന്‍ജിനീയര്‍ സഅദ് ബിന്‍ ഷെരീദ അല്‍ കഅബി. എന്നാല്‍ ഖത്തറിന്റെ പ്രധാന കയറ്റുമതി ഉത്പന്നമായ ദ്രവീകൃത പ്രകൃതിവാതകം (എല്‍ എന്‍ ജി) പൈപ്പ്ലൈനിലൂടെ നേരിട്ട് കൊണ്ടുപോകാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

city exchange

ന്യൂയോര്‍ക്കില്‍ നടന്ന ഖത്തര്‍ ഇക്കണോമിക് ഫോറം 2026ല്‍ ‘ആഗോള ഊര്‍ജമേഖലയിലെ പുനഃക്രമീകരണം’ എന്ന വിഷയത്തിലുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഖത്തര്‍ എനര്‍ജി പ്രസിഡന്റും സിഇഒയുമായ അല്‍ കഅബി.

വാണിജ്യപരവും സാങ്കേതികവുമായ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് പൈപ്പ്ലൈന്‍ ബദല്‍ മാര്‍ഗമായി ഉപയോഗിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും അല്‍ കഅബി വ്യക്തമാക്കി.

ഖത്തറിന്റെ വാതക ഉത്പാദന കേന്ദ്രങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചും ഉത്പാദനം പുന:രാരംഭിക്കുന്നതിനെക്കുറിച്ചുമുള്ള ചോദ്യത്തിന് മറുപടിയായി, റാസ് ലഫാനിലുണ്ടായ ആക്രമണങ്ങളില്‍ രണ്ട് എല്‍ എന്‍ ജി ഉത്പാദന ട്രെയിനുകള്‍ക്കും ഒരു ഗ്യാസ് ടു ലിക്വിഡ്സ് (ജി ടി എല്‍) പ്ലാന്റിനും കേടുപാടുകള്‍ സംഭവിച്ചതായി അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

ജി ടി എല്‍ പ്ലാന്റിന്റെ അറ്റകുറ്റപ്പണികള്‍ 2027ന്റെ ആദ്യ പാദത്തില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ രണ്ട് എല്‍ എന്‍ ജി ട്രെയിനുകളുടെയും അറ്റകുറ്റപ്പണികള്‍ക്ക് മൂന്ന് വര്‍ഷമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഖത്തറിന് സാധാരണ പ്രവര്‍ത്തനങ്ങള്‍ പുന:രാരംഭിക്കാന്‍ കഴിയുമെന്നും അല്‍ കഅബി പറഞ്ഞു.

ഫോഴ്സ് മജ്യൂര്‍ പ്രഖ്യാപനത്തെക്കുറിച്ച് സംസാരിക്കവെ, ഖത്തര്‍ ചരിത്രത്തിലുടനീളം വിശ്വസനീയമായ ഉത്പാദകരും വിതരണക്കാരുമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഒരു ചരക്ക് വിതരണത്തിലും കരാര്‍ ലംഘനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നിലവിലെ സാഹചര്യം തങ്ങളുടെ നിയന്ത്രണത്തിന് പൂര്‍ണമായും പുറത്താണെന്നും അല്‍ കഅബി വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്ക് കാലഹരണപ്പെട്ടുവെന്ന വാദവും അദ്ദേഹം തള്ളി. എണ്ണയും വാതകവും മാത്രമല്ല, വിവിധ ഉത്പന്നങ്ങളുടെ വ്യാപാരവും കടലിടുക്കിലൂടെ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ അയല്‍രാജ്യങ്ങളായി തലമുറകളോളം തുടരുമെന്നും അതിനാല്‍ അവരുമായി നല്ല ബന്ധം നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്നും പറഞ്ഞു.

വിപണിയില്‍നിന്ന് എല്‍ എന്‍ ജി വാങ്ങുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ലോകത്തെ ഏറ്റവും വലിയ എല്‍ എന്‍ ജി വ്യാപാര സ്ഥാപനങ്ങളിലൊന്ന് രൂപീകരിക്കാനുള്ള പദ്ധതി 2024ല്‍ പ്രഖ്യാപിച്ചിരുന്നുവെന്ന് അല്‍ കഅബി പറഞ്ഞു.

അമേരിക്കയിലെ ഖത്തര്‍ എനര്‍ജിയുടെ പദ്ധതികളെക്കുറിച്ച് സംസാരിക്കവെ, ഗോള്‍ഡന്‍ പാസ് എല്‍ എന്‍ ജി പദ്ധതിയിലെ ആദ്യ ട്രെയിനില്‍നിന്ന് ചരക്ക് വിതരണം ആരംഭിച്ചതായി അല്‍ കഅബി അറിയിച്ചു. രണ്ടാമത്തെയും മൂന്നാമത്തെയും ട്രെയിനുകള്‍ അടുത്ത വര്‍ഷം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷ.

ഗോള്‍ഡന്‍ ട്രയാംഗിള്‍ പോളിമേഴ്സ് പദ്ധതിയില്‍ ലോകത്തിലെ ഏറ്റവും വലിയ എഥെയ്ന്‍ ക്രാക്കര്‍ നിര്‍മിച്ചുവരികയാണ്. പദ്ധതിയുടെ കമ്മീഷനിങ് നടപടികള്‍ ആരംഭിച്ചുകഴിഞ്ഞതായും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്രവര്‍ത്തനം തുടങ്ങാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭയുടെ ഉന്നതതല യോഗങ്ങളോടനുബന്ധിച്ച് ആദ്യമായാണ് ഖത്തര്‍ ഇക്കണോമിക് ഫോറം ന്യൂയോര്‍ക്ക് നഗരത്തില്‍ സംഘടിപ്പിച്ചത്.

Share This Article
Leave a Comment
error: Content is protected !!