

ദോഹ: ‘എനിക്ക് 60 വയസ്സ് തികഞ്ഞു. പ്രവാസി ക്ഷേമനിധിയില്‍ അംഗമാവാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ? ഒന്ന് അറിയിച്ചാല്‍ വലിയ ഉപകാരമാവുമായിരുന്നു.’- നിത്യേനയെന്നോണം അന്വേഷണം വരികയാണിപ്പോള്‍.

നിലവില്‍ 18 വയസ്സ് മുതല്‍ 60 വയസ്സ് വരെയുള്ള പ്രവാസികള്‍ക്കും മുന്‍ പ്രവാസികള്‍ക്കും മാത്രമേ അംഗമാവാന്‍ സാധിക്കുകയുള്ളൂ. പ്രായം 55 മുതല്‍ 60 വരെ അടുത്തവര്‍ അഞ്ച് വര്‍ഷത്തേക്ക് പരമാവധി 21,000 രൂപ അംശാദായം അടച്ച് മിനിമം 3500 രൂപ പെന്‍ഷനും തങ്ങളുടെ കാലശേഷം നോമിനിക്ക് പകുതി പെന്‍ഷന്‍ കുടുംബ പെന്‍ഷനും ലഭിക്കുന്നത് വലിയ സഹായമാണെന്ന കാര്യം തിരിച്ചറിയുകയാണ് വിരമിക്കാനാവുന്ന പ്രവാസികളില്‍ മിക്കവരും. (കാലാകാലങ്ങളില്‍ വര്‍ധിക്കുന്ന പെന്‍ഷന് കൂടുതല്‍ തുക അടക്കാതെ അര്‍ഹത വേറെയും).

പെന്‍ഷന് പുറമെ ചികില്‍സാ സഹായം, പെണ്‍മക്കളുടെ വിവാഹ ധനസഹായം, ഹൗസിംഗ് ലോണ്‍ സബ്‌സിഡി, സ്‌കോളര്‍ഷിപ്പ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാണ്.
നേരത്തെ അംഗമാവാന്‍ 55 വയസ്സ് പ്രായം എന്നത് പിന്നീട് 60 വയസ്സ് ആയി ഉയര്‍ത്തുകയായിരുന്നു. എങ്കിലും ഈ അവസരവും പ്രയോജനപ്പെടുത്താനാവാത്ത പലരും ഇപ്പോള്‍ വലിയ ആവശ്യക്കാരാണ്. അവര്‍ക്കുള്ള ഏക ആശ്വാസമായി കാണുകയുമാണ് ഈ പദ്ധതിയെ.
ഇനിയും, ആരെങ്കിലും ഈ ഘട്ടത്തില്‍ പ്രത്യേകിച്ചും ചേരാനായുള്ളവര്‍ എത്രയും വേഗം ചേരാന്‍ അഭ്യര്‍ഥിക്കുകയാണ്. നിലവില്‍ അറുപത് വയസ്സ് കഴിഞ്ഞവരുടെ കാര്യത്തില്‍ ഒരു ഇളവ് നല്‍കി ചേരാനായി ഒരു അവസരം നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ് ഗുണഭോക്താക്കളും പ്രവാസി സംഘടനകളും.
ഓണ്‍ലൈനായി ചേരാന്‍ www.pravasikerala.org എന്നതാണ് വിലാസം.

