അമീറും റഷ്യന്‍ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി

Web Desk
2 Min Read

മോസ്‌കോ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. മിഡില്‍ ഈസ്റ്റിലെ പുതിയ സംഭവവികാസങ്ങള്‍, മേഖലയിലും ആഗോളതലത്തിലും സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ എന്നിവയ്ക്കാണ് ചര്‍ച്ചയില്‍ പ്രത്യേക പ്രാധാന്യം നല്‍കിയത്.

city exchange

ഗ്യാസ് കയറ്റുമതി രാജ്യങ്ങളുടെ ഫോറത്തിലെ (ജി ഇ സി എഫ്) അംഗരാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാരുടെയും ഭരണത്തലവന്മാരുടെയും എട്ടാമത് ഉച്ചകോടിയോടനുബന്ധിച്ച് ക്രെംലിന്‍ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. ഖത്തറും റഷ്യയും തമ്മിലുള്ള അടുത്ത സൗഹൃദബന്ധങ്ങളും സഹകരണവും വിവിധ മേഖലകളില്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും ഇരു നേതാക്കളും വിലയിരുത്തി. പരസ്പര താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സഹകരണം വിപുലീകരിക്കുന്നതും ചര്‍ച്ചയായി.

ഉച്ചകോടിയുടെ പ്രധാന അജന്‍ഡ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഊര്‍ജ വിതരണ ശൃംഖലകളും ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇതില്‍ പ്രധാനമായി.

റഷ്യയില്‍ നല്‍കിയ ഊഷ്മളമായ സ്വീകരണത്തിനും ഉദാരമായ ആതിഥേയത്വത്തിനും അമീര്‍ പ്രസിഡന്റ് പുടിനോട് നന്ദിയും കൃതജ്ഞതയും അറിയിച്ചു. റഷ്യയിലെത്താനും പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്താനും കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisement -
Ad image

ഖത്തറും റഷ്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധം ശക്തമാണെന്നും സാമ്പത്തിക, നിക്ഷേപ മേഖലകള്‍ക്കപ്പുറം വിവിധ രംഗങ്ങളില്‍ ഈ ബന്ധം തുടര്‍ച്ചയായി വികസിച്ചുവരികയാണെന്നും അമീര്‍ പറഞ്ഞു. റഷ്യയിലെ ഖത്തര്‍ നിക്ഷേപങ്ങള്‍ കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതിയില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു.

കൂടിക്കാഴ്ചയുടെ തുടക്കത്തില്‍ അമീറിനെയും അനുഗമിച്ച സംഘത്തെയും പ്രസിഡന്റ് പുടിന്‍ സ്വാഗതം ചെയ്തു. അമീറുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയും ഖത്തറും തമ്മിലുള്ള ഫലപ്രദമായ ഏകോപനമാണ് പ്രകൃതിവാതക വിപണിയിലെ സ്ഥിരത ഉറപ്പാക്കുന്നതില്‍ നിര്‍ണായകമെന്ന് പുടിന്‍ ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകോപനം വിപണിയുടെ സ്ഥിരത നിലനിര്‍ത്താന്‍ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി അമീര്‍ നടത്തുന്ന ശ്രമങ്ങളെ പുടിന്‍ അഭിനന്ദിച്ചു. പ്രമുഖ റഷ്യന്‍ കമ്പനികളിലെ ഖത്തറിന്റെ നിക്ഷേപങ്ങളെയും ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക ബന്ധങ്ങളിലുണ്ടായ ശ്രദ്ധേയമായ പുരോഗതിയെയും അദ്ദേഹം പ്രശംസിച്ചു.

ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍താനി, അമീരി ദിവാന്‍ മേധാവി അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഖുലൈഫി എന്നിവരും അമീറിനെ അനുഗമിച്ച ഔദ്യോഗിക സംഘത്തിലെ അംഗങ്ങളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

റഷ്യന്‍ ഭാഗത്തുനിന്ന് ഒന്നാം ഉപപ്രധാനമന്ത്രി ഡെനിസ് മാന്തുറോവ്, വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്, പ്രസിഡന്റിന്റെ സഹായി യൂറി ഉഷാക്കോവ് എന്നിവരും നിരവധി മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!