
ദോഹ: ഫിബ അണ്ടര്‍-18 ഏഷ്യാ കപ്പിനുള്ള ഗള്‍ഫ് യോഗ്യതാ മത്സരത്തില്‍ ഖത്തര്‍ അണ്ടര്‍-18 ദേശീയ ബാസ്‌ക്കറ്റ്‌ബോള്‍ ടീം ഇന്ന് ഒമാനെ നേരിടും. ദോഹയിലെ അല്‍ ഗറാഫ സ്‌പോര്‍ട്‌സ് ഹാളിലാണ് മത്സരം.

ഓഗസ്റ്റില്‍ ഇന്ത്യയിലെ അഹമ്മദാബാദില്‍ നടക്കുന്ന ഫിബ അണ്ടര്‍-18 ഏഷ്യാ കപ്പിലേക്കുള്ള യോഗ്യത നിര്‍ണയിക്കുന്ന ടൂര്‍ണമെന്റാണിത്.

ആദ്യ രണ്ട് മത്സരങ്ങളിലും വിജയം നേടിയ ആത്മവിശ്വാസത്തിലാണ് ഖത്തര്‍ ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. ഉദ്ഘാടന മത്സരത്തില്‍ സൗദി അറേബ്യയെ 80-76ന് തോല്‍പ്പിച്ച ഖത്തര്‍, രണ്ടാം മത്സരത്തില്‍ കുവൈത്തിനെ 81-53ന് അനായാസം കീഴടക്കിയിരുന്നു.
തുടര്‍ച്ചയായ രണ്ട് വിജയങ്ങളോടെ നാല് പോയിന്റുള്ള ഖത്തര്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ആറ് പോയിന്റുമായി ബഹ്റൈനാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്.
ഒമാനെ തോല്‍പ്പിച്ച് തുടര്‍ച്ചയായ മൂന്നാം വിജയം സ്വന്തമാക്കുകയാണ് ഖത്തറിന്റെ ലക്ഷ്യം. അങ്ങനെ സാധിച്ചാല്‍ ഏഷ്യാ കപ്പ് ഫൈനല്‍സിലേക്കുള്ള രണ്ട് യോഗ്യതാ സ്ഥാനങ്ങളിലൊന്ന് നേടാനുള്ള സാധ്യത ഖത്തറിന് ഗണ്യമായി വര്‍ധിക്കും.
അതേസമയം, ഒമാന്‍ മൂന്ന് പോയിന്റുമായാണ് മത്സരത്തിനിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ കുവൈത്തിനെ 62-59ന് തോല്‍പ്പിച്ച ഒമാന്‍, രണ്ടാം മത്സരത്തില്‍ ബഹ്റൈനോട് 94-49ന് കനത്ത തോല്‍വി ഏറ്റുവാങ്ങിയിരുന്നു.
ഇന്നത്തെ മറ്റൊരു മത്സരത്തില്‍ സൗദി അറേബ്യയും കുവൈത്തും ഏറ്റുമുട്ടും. യോഗ്യതാ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമാണ്. നിലവില്‍ കുവൈത്തിന് മൂന്ന് പോയിന്റും സൗദി അറേബ്യക്ക് രണ്ട് പോയിന്റുമാണുള്ളത്.
ദോഹയില്‍ നടക്കുന്ന ഗള്‍ഫ് യോഗ്യതാ മത്സരങ്ങള്‍ ഖത്തര്‍ ബാസ്‌ക്കറ്റ്‌ബോള്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്. ഖത്തര്‍, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍ എന്നീ അഞ്ച് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.
ഓരോ ടീമും നാല് മത്സരങ്ങള്‍ വീതം കളിക്കുന്ന സിംഗിള്‍ റൗണ്ട് റോബിന്‍ രീതിയിലാണ് മത്സരങ്ങള്‍ നടക്കുന്നത്. പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടുന്ന ടീമുകളാണ് ഫിബ അണ്ടര്‍-18 ഏഷ്യാ കപ്പ് ഫൈനല്‍സിലേക്ക് യോഗ്യത നേടുക.
2027-ല്‍ ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഫിബ ബാസ്‌ക്കറ്റ്‌ബോള്‍ ലോകകപ്പിന് മുന്നോടിയായി രാജ്യം സംഘടിപ്പിക്കുന്ന പ്രധാന അന്താരാഷ്ട്ര കായിക മത്സരങ്ങളുടെ ഭാഗമായാണ് ഈ ഗള്‍ഫ് യോഗ്യതാ മത്സരങ്ങള്‍ നടക്കുന്നത്. മിഡില്‍ ഈസ്റ്റ്-നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ ആദ്യ ഫിബ ബാസ്‌ക്കറ്റ്‌ബോള്‍ ലോകകപ്പിനാണ് ഖത്തര്‍ വേദിയാകുന്നത്.

