

ദോഹ: വടക്കന്‍ തീരത്തെ ഫുവൈരിത് കൈറ്റ് ബീച്ച് ഉടന്‍ തുറക്കും. ഖത്തര്‍ ടൂറിസത്തിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലാണ് ഇക്കാര്യം അറിയിച്ചത്.

കൈറ്റ് സര്‍ഫിംഗ് നടത്താന്‍ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണ് ഫുവൈരിത് ബീച്ചെന്ന് ഖത്തര്‍ ടൂറിസം പറയുന്നു. തിളക്കമുള്ള നീലത്തിരമാലകളിലെ സര്‍ഫിംഗ് മികച്ച അനുഭവമായിരിക്കും. ജല കായിക വിനോദങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് കൈറ്റ് സര്‍ഫിംഗിന് പുറമേ പാഡില്‍ ബോര്‍ഡിംഗ്, പാരാസെയിലിംഗ്, വേക്ക് ബോര്‍ഡിംഗ്, കയാക്കിംഗ്, സ്‌നോര്‍ക്കലിംഗ്, സ്‌കൂബ ഡൈവിംഗ് തുടങ്ങി നിരവധി സാഹസിക വിനോദങ്ങളാണ് ഫുവൈരിത് ബീച്ചില്‍ കാത്തിരിക്കുന്നത്.

കൈറ്റ് ബോര്‍ഡിംഗിന് പുറമേ കടല്‍ത്തീരത്ത് റിസോര്‍ട്ട്, യോഗ സ്റ്റുഡിയോ, പൂര്‍ണ സജ്ജമായ ജിം, കുളം, സ്‌നോര്‍ക്കലിംഗിനും ഡൈവിംഗിനുമുള്ള സേവനങ്ങള്‍ തുടങ്ങിയവയെല്ലാം ഫുവൈരിതില്‍ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം ഖത്തരി രുചികള്‍ ആസ്വദിക്കാനും അവസരമൊരുക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിഭവങ്ങള്‍ ഇവിടെ ലഭ്യമായിരിക്കും.
വിദഗ്ധരും പരിശീലകരും ബീച്ചില്‍ നിലയുറപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ തുടക്കക്കാര്‍ക്കും ബുദ്ധിമുട്ട് അനുഭവപ്പെടുകയില്ല. ഒന്‍പത് മാസം മികച്ച കാറ്റ് ലഭിക്കുന്നതും പ്രദേശത്ത പരന്ന ലഗൂണും ഫുവൈരിതിനെ ജല കായിക പ്രേമികളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 90 മിനുട്ടുകള്‍ മാത്രമാണ് ഫുവൈരിത് ബീച്ചിലേക്കുള്ള ദൂരം.
അടുത്ത വര്‍ഷം ലോക കൈറ്റ് സ്‌പോര്‍ട്‌സ് അസോസിയേഷന്റെ വേള്‍ഡ് ടൂര്‍ ഓപണിംഗും ഫൈനലും ഖത്തറിലാണ് അരങ്ങേറുന്നത്. 2024 പാരീസ് ഒളിംപിക്‌സില്‍ കൈറ്റ് റേസിംഗ് ആരംഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ലോകത്തിലേറ്റവും വേഗത്തില്‍ വളരുന്ന കായിക വിനോദമാണ് കൈറ്റുമായി ബന്ധപ്പെട്ടത്.

