

ദോഹ: ഇന്ത്യന്‍ എംബസി അപെക്‌സ് ബോഡി പ്രസിഡന്റുമാരായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട എ പി മണികണ്ഠന്‍, ഷാനവാസ് ബാവ, ഇ പി അബ്ദുറഹ്മാന്‍ എന്നിവര്‍ ഇന്ത്യന്‍ മീഡിയ ഫോറം മീറ്റ് ദി പ്രസില്‍ പങ്കെടുത്തു. ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഓമനക്കുട്ടന്‍ അധ്യക്ഷത വഹിച്ചു.

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍
നിരവധി കര്‍മ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഐ സി സി തയ്യാറെടുക്കുന്നു. കമ്യുണിറ്റി സെന്റര്‍ യാഥാര്‍ഥ്യമാക്കാനുള്ള പരിശ്രമവും ഐ സി സിയുടെ പുതിയ കമ്മിറ്റിയുടെ ഭാഗത്തു നിന്നുമുണ്ടാകും. വിപുലമായ സൗകര്യങ്ങളോടെ വിശാലമായ വായനാമുറിയും ലൈബ്രറിയും ഇന്ത്യന്‍ സമൂഹത്തിനായി ഉടന്‍ സമര്‍പ്പിക്കും.

ദോഹയില്‍ സാംസ്‌ക്കാരിക പരിപാടികള്‍ അരങ്ങേറുമ്പോള്‍ താഴ്ന്ന വരുമാനക്കാരായ പലര്‍ക്കും അവയില്‍ പങ്കെടുക്കാനോ കാണാനോ സാധിക്കാറില്ല. അതിന് പരിഹാരമായി ലേബര്‍ ക്യാമ്പുകളില്‍ പരിപാടി സംഘടിപ്പിക്കുകയോ അത്തരക്കാരെ ക്ഷണിച്ച് പരിപാടികള്‍ അവതരിപ്പിക്കാനും ശ്രമിക്കും. തൊഴിലാളികള്‍ക്കായി ലേബര്‍ ക്യാമ്പ് കലോത്സവവും പദ്ധതിയിലുണ്ട്.
ഉന്നത വിദ്യാഭ്യാസമുള്ള വീട്ടമ്മമാര്‍ക്ക്അനുയോജ്യമായ മേഖലകളില്‍ ജോലി ലഭ്യമാക്കുന്ന ഏകീകൃത സംവിധാനം ഐ സി സിയില്‍ ഒരുക്കാന്‍ ശ്രമിക്കും. ഖത്തറിന്റെ നിയമം അനുസരിച്ച് ചെയ്യാവുന്ന കാര്യങ്ങള്‍ നിര്‍വഹിക്കും. ഇത്തരമൊരു പരിപാടിയുടെ ആഗ്രഹമായി നില്‍ക്കുന്നുണ്ട്.
ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍ കൂടി അനിവാര്യമായ വിഷയമാണ് കമ്യൂണിറ്റി ഹാള്‍. അതിനാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഐ സി സിയുടെ ശക്തമായ ശ്രമങ്ങളുണ്ടാകും.
ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ
ഖത്തറിലെ റിമോട്ട് ഏരിയയില്‍ നടന്നു വരുന്ന കോണ്‍സുലാര്‍ സര്‍വീസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. നേരത്തെയുണ്ടായ നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഐ സി ബി എഫിന് സാധിച്ചിട്ടുണ്ട്. അതോടൊപ്പം പുതിയ പ്രശ്‌നങ്ങളേയും അതിന്റെ ഗൗരവത്തില്‍ കാണുകയും പരിഹാരങ്ങള്‍ക്കായി ശ്രമിക്കുകയും ചെയ്യും.
ഖത്തറിലെ ജയിലുകളില്‍ ഇന്ത്യക്കാരായ 700ല്‍ പരം ആളുകളാണുള്ളത്. ജയിലിലുള്ള ഇന്ത്യക്കാരില്‍ കൂടുതലും ചെക്ക് കേസുകളിലും മയക്കുമരുന്ന് കാരിയര്‍മാരായി പിടികൂടപ്പെട്ടവരുമാണുള്ളത്.
ഇന്ത്യയിലെവിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കേണ്ടതുണ്ട്. തായ്‌ലാന്‍ഡ് പോലുള്ള രാജ്യങ്ങളിലൂടെ മയക്കുമരുന്ന് ലോബിനടത്തുന്ന പ്രവര്‍ത്തനങ്ങളാണ് അടുത്ത കാലത്ത് പിടികൂടുന്ന സംഭവങ്ങളിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്മാന്‍
ആരോഗ്യ സംരക്ഷണത്തിനുതകുന്ന നിരവധി പദ്ധതികള്‍ കഴിഞ്ഞ കമ്മിറ്റി നടപ്പാക്കുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തില്‍ ബഹുമുഖമായ ആരോഗ്യസംരക്ഷണത്തിനു കൂടി ഉതകുന്ന പദ്ധതികളാണ് ഐ എസ് സി തയ്യാറാക്കാന്‍ ആഹ്കഹിക്കുന്നത്.
അന്താരാഷ്ട്ര നിലവാരത്തിലുള്ളഅഖിലേന്ത്യാ ടൂര്‍ണ്ണമെന്റുകള്‍ എന്നതിനപ്പുറം ഇന്ത്യന്‍ സമൂഹത്തില്‍ കായികാഭിരുചി വളര്‍ത്തുകയും ആരോഗ്യസംരക്ഷണത്തില്‍ അവബോധം സൃഷ്ടിക്കാനും ഐ എസ് സി ലക്ഷ്യമിടുന്നുണ്ട്.
ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ കോകോ ടൂര്‍ണ്ണ മെന്റ് സംഘടിപ്പിക്കും. വനിതകള്‍ക്കായി നടത്തിയ ക്രിക്കറ്റ് കോച്ചിങ് ക്യാമ്പിനും എക്സിബിഷന്‍ മത്സരത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഏഷ്യന്‍ ടൗണില്‍ നടക്കുന്ന കായിക ദിനപരിപാടിയില്‍ കമ്പവലി മത്സരമുള്‍പ്പെടെ തൊഴിലാളികള്‍ക്കായി സംഘടിപ്പിക്കും.
ലേബര്‍ ക്യാമ്പ് ടൂര്‍ണമെന്റുകള്‍ ഉള്‍പ്പെടെയുള്ളവ ഐ എസ് സിയുടെ ഭാവികാല പദ്ധതികളാണ്. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പരിപാടികളുടെ കലണ്ടര്‍ ചാര്‍ട്ട് ചെയ്യും.
അരോമ ദര്‍ബാര്‍ ഹാളില്‍ നടന്ന മീറ്റ് ദി പ്രസ്സില്‍ ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ഷഫീക്ക് അറക്കല്‍ സ്വാഗതവും ട്രഷറര്‍ ആര്‍ ജെ രതീഷ് നന്ദിയും പറഞ്ഞു.

