
തെഹ്റാന്‍: ഇറാനില്‍ യു എസ് സേന നടത്തിയ പുതിയ ആക്രമണത്തില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത അഞ്ച് പേര്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ ജോര്‍ദാന്‍, കുവൈത്ത്, ഇറാഖ്, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു എസ് സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി.

ചൊവ്വാഴ്ച യു എസ് സേന ഇറാനെതിരെ ആക്രമണം പുന:രാരംഭിച്ചതിന് പിന്നാലെയാണ് ഇറാന്‍ തിരിച്ചടിച്ചത്. തെക്കന്‍ ഇറാനിലെ സിറിക്കില്‍ വിവാഹച്ചടങ്ങ് നടന്നുകൊണ്ടിരുന്ന വീട്ടില്‍ യു എസ് മിസൈല്‍ ആക്രമണത്തില്‍ നിന്നുള്ള ചീളുകള്‍ പതിച്ച് ഒരു കുട്ടിയടക്കം അഞ്ച് പേര്‍ കൊല്ലപ്പെടുകയും 50ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാനിയന്‍ റെഡ് ക്രസന്റ് അറിയിച്ചു.

സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് യു എസ് സൈന്യം വ്യക്തമാക്കി. എന്നാല്‍, സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിട്ടില്ലെന്നും യു എസ് സൈനിക വക്താക്കള്‍ അറിയിച്ചു.
ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകള്‍ക്കും മേഖലയിലെ യു എസ് സേനയ്ക്കുമെതിരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ ആര്‍ ജി സി) നടത്തിയതായി പറയുന്ന സമീപകാല ആക്രമണശ്രമങ്ങള്‍ക്ക് മറുപടിയായാണ് ഇറാനിലെ ആക്രമണങ്ങള്‍ നടത്തിയതെന്ന് യു എസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം) വ്യക്തമാക്കി.
ആക്രമണത്തിന് ഇറാന്‍ തിരിച്ചടി നല്‍കുമെന്ന് ഐ ആര്‍ ജി സി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ ബുധനാഴ്ച പുലര്‍ച്ചെ ജോര്‍ദാനിലെ അഖാബയിലുള്ള യു എസ് മറൈന്‍ സേനാ താവളത്തിന് നേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായി ഇറാന്റെ അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്‌നിം റിപ്പോര്‍ട്ട് ചെയ്തു.
ആക്രമിച്ച 13 ബാലിസ്റ്റിക് മിസൈലുകളില്‍ 10 എണ്ണം തകര്‍ത്തതായി ജോര്‍ദാന്‍ സായുധ സേന അറിയിച്ചു. മൂന്ന് മിസൈലുകള്‍ ജനവാസമില്ലാത്ത പ്രദേശങ്ങളിലാണ് പതിച്ചത്. ആക്രമണത്തില്‍ ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇതിനിടെ, ബുധനാഴ്ച പുലര്‍ച്ചെ ഇറാനില്‍ നിന്നുണ്ടായ മിസൈല്‍ ആക്രമണങ്ങളെ നേരിടാന്‍ വ്യോമപ്രതിരോധ സംവിധാനം സജീവമാക്കിയതായി കുവൈത്ത് സൈന്യം അറിയിച്ചു. ബഹ്റൈനിലും നിരവധി സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ഇറാനിയന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാഖിലെ സ്വയംഭരണ കുര്‍ദിസ്ഥാന്‍ മേഖലയിലെ യു എസ് സൈനിക താവളങ്ങള്‍ക്കുനേരെയും ഐ ആര്‍ ജി സി ആക്രമണം നടത്തിയതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ അറ്റകുറ്റപ്പണി കേന്ദ്രം, ഗോഡൗണുകള്‍, സൈനിക ഉപകരണങ്ങള്‍ എന്നിവ തകര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏകദേശം ഒരു മാസത്തെ ഇടവേളയ്ക്കുശേഷമാണ് യു എസ് ഈ ആഴ്ച ഇറാനെതിരെ വീണ്ടും ആക്രമണം ആരംഭിച്ചത്. ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിക്കാന്‍ ഉപയോഗിച്ച രണ്ട് റോക്കറ്റ് വിക്ഷേപണ സംവിധാനങ്ങള്‍ തകര്‍ത്തതായി യു എസ് നേരത്തെ അറിയിച്ചിരുന്നു. ഇതിന് മറുപടിയായി ഇറാന്‍ ജോര്‍ദാനിലെ വ്യോമതാവളങ്ങള്‍ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തുകയും യു എ ഇയിലേക്ക് ഡ്രോണ്‍ അയയ്ക്കുകയും ചെയ്തിരുന്നു.
ഐ ആര്‍ ജി സിയുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഏറ്റവും പുതിയ യു എസ് ആക്രമണങ്ങള്‍ യു എസ് കിഴക്കന്‍ സമയം ഉച്ചയ്ക്ക് 12ന് ആരംഭിച്ച് ബുധനാഴ്ച പുലര്‍ച്ചെയോടെ പൂര്‍ത്തിയായതായി സെന്റ്‌കോം അറിയിച്ചു.
ഇറാനിലെ ചബഹാര്‍, കൊണാറക് മേഖലകളിലും ജിറോഫ്റ്റ് വിമാനത്താവളത്തിന് സമീപവും ആക്രമണങ്ങള്‍ നടന്നതായി ഇറാനിയന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖേഷ്മ് ദ്വീപിലും ബന്ദര്‍ അബ്ബാസിലും സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ തെക്കന്‍ തീരത്തെ സിവിലിയന്‍ കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടതായി ഇറാനിയന്‍ മാധ്യമങ്ങളും റെഡ് ക്രസന്റും അറിയിച്ചു. സിറിക് കൗണ്ടിയില്‍ നടന്ന വിവാഹച്ചടങ്ങിനിടെയുണ്ടായ ആക്രമണത്തിലാണ് ഒരു കുട്ടിയടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
സിറിക്കില്‍ നടന്ന ആക്രമണത്തെക്കുറിച്ചുള്ള ഇറാനിയന്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് സെന്റ്‌കോമിനെ പ്രതിനിധീകരിച്ച് യു എസ് നാവികസേന ക്യാപ്റ്റന്‍ ടിം ഹോക്കിന്‍സ് ബി ബി സിയോട് പറഞ്ഞു. ‘യു എസ് സൈന്യം ഒരിക്കലും സാധാരണക്കാരെ ലക്ഷ്യമിടില്ല. ഐ ആര്‍ ജി സിയില്‍ നിന്ന് വ്യത്യസ്തമാണത്,’ അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരി 28ന് യു എസും ഇസ്രയേലും ഇറാനെതിരെ വ്യാപകമായ ആക്രമണങ്ങള്‍ ആരംഭിച്ചതോടെയാണ് നിലവിലെ സംഘര്‍ഷത്തിന് തുടക്കമായത്. ഇതിന് മറുപടിയായി ഇറാന്‍ ഇസ്രയേലിനും ഗള്‍ഫ് മേഖലയിലെ യു എസ് സൈനിക താവളങ്ങള്‍ക്കും സഖ്യരാജ്യങ്ങള്‍ക്കും നേരെ ആക്രമണം നടത്തി. ഇതോടെ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ഫലത്തില്‍ തടസ്സപ്പെട്ടു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഏപ്രില്‍ വെടിനിര്‍ത്തല്‍ നീട്ടുന്നതിനായി ധാരണാപത്രം എന്നറിയപ്പെടുന്ന കരാര്‍ ജൂണില്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍ കരാറിന്റെ കാലാവധി അവസാനിച്ചതോടെ വീണ്ടും സംഘര്‍ഷം രൂക്ഷമായി.
ഇറാനും യു എസും കപ്പലുകള്‍ക്കെതിരെയും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അനുമതിയില്ലാതെ കടലിടുക്കിലൂടെ കടക്കാന്‍ ശ്രമിച്ച കപ്പലുകളെയാണ് ലക്ഷ്യമിട്ടതെന്ന് ഇറാന്‍ വ്യക്തമാക്കി. അതേസമയം, ഇറാന്‍ തുറമുഖങ്ങള്‍ക്കെതിരെ നാവിക ഉപരോധം നടപ്പാക്കുകയാണെന്ന് യു എസ് അറിയിച്ചു.
ഓഗസ്റ്റ് 24ന് ഇറാനെതിരെയും ഇറാനുമായി വ്യാപാരം തുടരുന്ന രാജ്യങ്ങള്‍ക്കെതിരെയും പുതിയ ഉപരോധ നടപടികള്‍ പ്രഖ്യാപിച്ചതായി വാഷിംഗ്ടണ്‍ അറിയിച്ചിരുന്നു. ജി20 ധനകാര്യ മന്ത്രിമാരുടെ യോഗത്തില്‍ യു എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ്, ഉപരോധവുമായി ബന്ധപ്പെട്ട് നിരവധി യു എസ് സഖ്യരാജ്യങ്ങള്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അറിയിച്ചതായി പറഞ്ഞു.
എന്നാല്‍ പുതിയ ഉപരോധ നടപടികളെ ഇറാന്‍ അധികൃതരും ഔദ്യോഗിക മാധ്യമങ്ങളും മുന്‍ യു എസ് സാമ്പത്തിക നടപടികളുടെ തുടര്‍ച്ചയായി വിശേഷിപ്പിച്ചു. സമീപകാല സംഘര്‍ഷത്തില്‍ സൈനികമായി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വാഷിംഗ്ടണ്‍ ഇത്തരം സാമ്പത്തിക നടപടികളുമായി മുന്നോട്ടുപോകുന്നതെന്നാണ് ഇറാന്റെ വാദം.

