
ദോഹ: ഖത്തറിന്റെ കായിക ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളിലൊന്നായ ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിന്റെ 50-ാം വാര്‍ഷികം ഈ വര്‍ഷം ആഘോഷിക്കുകയാണ് ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍. അസാധാരണ നേട്ടങ്ങളുടെയും ചരിത്ര മുഹൂര്‍ത്തങ്ങളുടെയും പ്രതീകമായ സ്റ്റേഡിയം, പ്രാദേശിക, ആഗോള കായിക ഭൂപടത്തില്‍ ഖത്തറിന്റെ സ്ഥാനം ഉറപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

1976-ല്‍ ഉദ്ഘാടനം ചെയ്ത സ്റ്റേഡിയം ഖത്തറിന്റെ അഞ്ച് പതിറ്റാണ്ടുകാലത്തെ കായിക വളര്‍ച്ചയ്ക്കും വികാസത്തിനും സാക്ഷ്യം വഹിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രമുഖ കായിക താരങ്ങള്‍ക്കും ദേശീയ ടീമുകള്‍ക്കും വേദിയൊരുക്കിയ സ്റ്റേഡിയം നിരവധി രാജ്യാന്തര മത്സരങ്ങള്‍ക്കും കായിക മാമാങ്കങ്ങള്‍ക്കും ആതിഥേയത്വം വഹിച്ചു. രാജ്യത്തിന്റെ കായിക പൈതൃകത്തിന്റെ അവിഭാജ്യ ഘടകമായ ഖലീഫ സ്റ്റേഡിയം മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട കായിക സൗകര്യങ്ങളിലൊന്നാണ്.

അഞ്ച് പതിറ്റാണ്ടിന്റെ ചരിത്രത്തില്‍ നിരവധി സുപ്രധാന കായിക മുഹൂര്‍ത്തങ്ങള്‍ സ്റ്റേഡിയത്തിന് സ്വന്തമായുണ്ട്. 1976-ല്‍ നാലാമത് അറേബ്യന്‍ ഗള്‍ഫ് കപ്പിനോടനുബന്ധിച്ചായിരുന്നു സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം. 1992-ല്‍ നടന്ന 11-ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ ഖത്തര്‍ ദേശീയ ടീം കിരീടം നേടിയതും സ്റ്റേഡിയത്തിന്റെ ചരിത്രത്തിലെ പ്രധാന നേട്ടങ്ങളിലൊന്നാണ്.
2006-ല്‍ ദോഹയില്‍ നടന്ന 15-ാമത് ഏഷ്യന്‍ ഗെയിംസിലെ മത്സരങ്ങള്‍ക്ക് സ്റ്റേഡിയം വേദിയായി. 2011-ല്‍ എ എഫ് സി ഏഷ്യന്‍ കപ്പിലെ പ്രധാന മത്സരങ്ങളും ഫൈനലും ഇവിടെ നടന്നു. 2019-ല്‍ മിഡില്‍ ഈസ്റ്റില്‍ ആദ്യമായി സംഘടിപ്പിച്ച ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനും സ്റ്റേഡിയം ആതിഥേയത്വം വഹിച്ചു.
2022-ല്‍ ഫിഫ ലോകകപ്പ് ഖത്തറിന്റെ എട്ട് മത്സരങ്ങള്‍ക്കും മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിനും ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയം വേദിയായി. ഫിഫ അറബ് കപ്പ് ഖത്തര്‍ 2021, എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 എന്നിവയുടെ മത്സരങ്ങളും ഇവിടെ അരങ്ങേറി.
സ്റ്റേഡിയത്തിന്റെ 50 വര്‍ഷത്തെ പ്രയാണം ഖത്തറിന്റെ കായിക ചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച നേട്ടങ്ങളുടെയും അവിസ്മരണീയ നിമിഷങ്ങളുടെയും ഓര്‍മപ്പെടുത്തലാണ്. രാജ്യത്തെ കായിക മേഖലയുടെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിലും പ്രമുഖ രാജ്യാന്തര മത്സരങ്ങള്‍ക്ക് വേദിയൊരുക്കുന്നതിലും സ്റ്റേഡിയം തുടര്‍ന്നും നിര്‍ണായക പങ്കുവഹിക്കുന്നുവെന്ന് ഈ നാഴികക്കല്ല് വ്യക്തമാക്കുന്നു. ആഗോള കായികരംഗത്തെ പ്രമുഖ വേദിയെന്ന നിലയില്‍ ഖത്തറിന്റെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കുന്നതിലും സ്റ്റേഡിയത്തിന് വലിയ പങ്കുണ്ട്.
ഖത്തറിന്റെ കായികരംഗത്തെ സമ്പന്നമായ പൈതൃകം കൂടുതല്‍ ഉയരങ്ങളിലെത്തിക്കാനും ഭാവിയില്‍ കൂടുതല്‍ രാജ്യാന്തര കായിക മാമാങ്കങ്ങള്‍ക്ക് വേദിയൊരുക്കാനും ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നു. കായിക മേഖലയില്‍ കൂടുതല്‍ മികവും സുസ്ഥിരതയും കൈവരിക്കുകയെന്ന ഖത്തറിന്റെ ദേശീയ കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ മുന്നേറ്റമെന്നും ഫൗണ്ടേഷന്‍ വ്യക്തമാക്കി.

