Community
കോഴിക്കോട്- ദോഹ- കോഴിക്കോട് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് മണിക്കൂറുകള്‍ വൈകുന്നു
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട്ടേക്ക് പറക്കേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് അഞ്ച് മണിക്കൂറോളം വൈകുമെന്ന് അറിയിപ്പ്. ഇന്ന് ഉച്ചക്ക് 12.35ന് പുറപ്പെടേണ്ട ഐഎക്‌സ് 376 ആണ് വൈകിട്ട് 5.50ന് പുറപ്പെടുമെന്ന അറിയിപ്പ് നല്‍കിയിരിക്കുന്നത്.
എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സമയം ഇതിനകം മൂന്നു തവണയാണ് മാറ്റി അധികൃതര്‍ അറിയിപ്പ് നല്‍കിയത്. ഉച്ചക്ക് 2.35നായിരിക്കും വിമാനം പുറപ്പെടുകയെന്നായിരുന്നു യാത്രക്കാര്‍ക്ക് ഇന്നലെ രാത്രി സന്ദേശം ലഭിച്ചത്.
എന്നാല്‍ ഇന്നു രാവിലെ യാത്രക്കാര്‍ക്ക് ലഭിച്ച അറിയിപ്പില്‍ വിമാനം 3.30നായിരിക്കും പുറപ്പെടുകയെന്നാണ് അറിയിച്ചത്. എന്നാല്‍ മൂന്നാം തവണ ലഭിച്ച അറിയിപ്പില്‍ വിമാനം 5.50ന് പുറപ്പെടുമെന്നാണ് പറഞ്ഞിരിക്കുന്നത്. വിമാനം ജൂണ്‍ 14ന് വെള്ളിയാഴ്ച പുലര്‍ച്ചെ 12.32ന് കോഴിക്കോട് എത്തുമെന്നാണ് നിലവിലുള്ള അറിയിപ്പിലുള്ളത്.
രാവിലെ 9.35ന് കോഴിക്കോട് നിന്നും പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വൈകിട്ട് മൂന്ന് മണിക്ക് യാത്ര പുറപ്പെടുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇപ്പോഴത്തെ ഷെഡ്യൂള്‍ പ്രകാരം ഖത്തര്‍ സമയം വൈകിട്ട് 4.48നാണ് വിമാനം ദോഹയിലെത്തുക.